HealthNEWS

ജീവനെടുക്കുന്ന കൊതുകു തിരികൾ

ലിയെ പേടിച്ച് ആരെങ്കിലും ഇല്ലം ചുടാറുണ്ടോ?  അതുപോലെ തന്നെയാണ് കൊതുകിനെ ഓടിക്കാനായി വീടു മുഴുവൻ കൊതുകു തിരി പുകയ്ക്കുന്നതും. സന്ധ്യ ആയാൽ വിളക്കു കത്തിക്കുന്നതുപോലെ ഒരു ചടങ്ങായി മാറിയിട്ടുണ്ട് ഇന്നത്.
നമ്മുടെ ശരീരം പുറത്തുവിടുന്ന കാർബൺഡൈഓക്സൈഡിന്റെയും വിയർപ്പിന്റെയും മണമാണ്  കൊതുകിനെ ആകർഷിക്കുന്നത്.  കൊതുകിനെ പ്രേരിപ്പിക്കുന്ന ഇ ത്തരം ഗന്ധങ്ങൾ മറച്ചു വയ്ക്കുകയാണ് കൊതുകുനാശിനി ചെയ്യുന്നത്. ഇവയുടെ രാസഗന്ധം നിലനിൽക്കുന്നതുവരെ മാത്രമേ കൊതുകിനെ അകറ്റി നിർത്താനാകൂ.
ഡൈ ഈതൈൽ ടൊളുമൈഡ് (ഡിഇടി) ആണ് വ്യാപകമായി ഉപയോഗിക്കുന്ന കൊതുകുനാശിനി.ഇത്തരം കൊതുകുനാശിനി സ്ഥിരമായി ഉപയോഗിക്കുന്നത് ആസ്മ,അലർജി, തലവേദന, ശ്വാസംമുട്ടൽ, ഓക്കാനം, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാം. കൊതുകുനാശിനിയിൽ അടങ്ങിയ മറ്റൊരു രാസഘടകമായ പൈറിത്രം കണ്ണ്, ചർമം, നാഡീവ്യവസ്ഥ, ശ്വാസനാളി എന്നിവയ്ക്ക് തകരാറുണ്ടാക്കാം.
കൊതുകിനെ അകറ്റാൻ കൊതുകുതിരിയുടെ പിന്നാലെ പോകാതെ വീടും പരിസരവും വൃത്തിയായി  സൂക്ഷിക്കുകയാണ് വേണ്ടത് വീടിനു ചുറ്റുമുള്ള ചെറു വെള്ളക്കെട്ടുകളിലാണ്  കൊതുകുകൾ മുട്ടയിട്ടു പെരുകുന്നത്.
വീടും പരിസരവും വൃത്തിയായും  ഈർപ്പരഹിതമായും സൂക്ഷിക്കണം.പാത്രങ്ങളിലും ചിരട്ടയിലും നിറയുന്ന വെള്ളം കമഴ്ത്തിക്കളഞ്ഞ് ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണം.വാതിലിലും ജനലിലും നെറ്റ് പിടിപ്പിച്ച് കൊതുക് മുറിക്കുള്ളിൽ കടക്കുന്നതു തടയാം.കൊതുക് ശല്യം അമിതമെങ്കിൽ  കൊതുകുവലയ്ക്കുള്ളിൽ കിടക്കുന്നത് ശീലിക്കുക. അനാരോഗ്യകരമായ കൊതുകു നിവാരണ മാർഗങ്ങൾ തുറന്ന് വയ്ക്കുന്നത് പല രോഗങ്ങളിലേക്കുമുള്ള വാതിലാണെന്ന് തിരിച്ചറിയുക.
കൊതുകുതിരി ഉപയോഗിക്കുന്ന പക്ഷം ചില കാര്യങ്ങൾ ശ്രദ്ധിക്കണം.ഒരുകാരണവശാലും കൊതുകുതിരി കത്തിച്ചു വച്ച് ഉറങ്ങരുത്.ഇവ തീപിടുത്തത്തിനും മറ്റും കാരണമാകും.വൈകിട്ട്  ജനലും വാതിലും അടച്ച് 15 മിനിറ്റ് ഇവ കത്തിച്ചു വയ്ക്കുക.ശേഷം മുറി തുറന്ന് ഫാനിട്ട് മുറിക്കകത്തെ രാസമയമായ വായുവും കൊതുകിനെയും പുറത്താക്കിയശേഷം മാത്രമേ കിടക്കാവൂ.അടഞ്ഞു കിടക്കുന്ന എസി മുറികളിൽ കൊതുകു തിരികൾ ഒരിക്കലും ഉപയോഗിക്കരുത്.

കത്തിച്ചുവെച്ച കൊതുകുതിരിയിൽ നിന്നും തീപടർന്ന് ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം.ഇന്നലത്തെ വാർത്തയാണ്.കിഴക്കൻ ഡൽഹിയിലെ ശാസ്ത്രിപാർക്കിലാണ് സംഭവം.രാത്രിയിൽ കത്തിച്ചുവച്ച കൊതുകുതിരി കിടക്കയിലേക്ക് വീണതിനെ തുടർന്നാണ് തീപ്പിടിച്ചത്.മരിച്ചവരിൽ ഒരു കുട്ടിയും ഒരുസ്ത്രീയും നാലുപുരുഷൻമാരുമാണുള്ളത്.

Back to top button
error: