മലപ്പുറം: പാലക്കാട്– കോഴിക്കോട് ഗ്രീൻ ഫീൽഡ് പാതയ്ക്ക് 28 ഹെക്ടർ ഏറ്റെടുക്കാൻ ത്രീ ഡി വിജ്ഞാപനം ഇറങ്ങി.ഇതോടെ ജില്ലയിൽ ഭൂമി ഏറ്റെടുക്കാനുള്ള ത്രീ ഡി വിജ്ഞാപനം പൂർണമായി.ജില്ലയിൽ 52 കിലോ മീറ്റർ ദൂരം കടന്നു പോകുന്ന പാതയ്ക്ക് 238 ഹെക്ടർ ആണ് ഏറ്റെടുക്കുന്നത്.210 ഹെക്ടർ ഏറ്റെടുക്കാൻ കഴിഞ്ഞ 13നു വിജ്ഞാപനം ഇറങ്ങിയിരുന്നു.ബാക്കി 28 ഹെക്ടറിന്റെ വിജ്ഞാപനമാണ് ഇന്നലെ പുറത്തിറങ്ങിയത്.
വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ,പെരകമണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, എടപ്പറ്റ, കരുവാരകുണ്ട് വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്. സ്ഥല ഉടമകൾക്കു നൽകാനുള്ള നഷ്ടപരിഹാര തുകയ്ക്കുള്ള അപേക്ഷ ദേശീയ പാത അതോറിറ്റിക്ക് ഉടൻ സമർപ്പിക്കും. 2420 കോടി രൂപയോളം വരുമെന്നാണ് ഏകദേശ കണക്ക്. അടുത്ത മാസം അവസാനം സ്ഥല ഉടമകളുടെ അക്കൗണ്ടിൽ പണമെത്തുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റിൽ പാതയുടെ പണി തുടങ്ങും.