KeralaNEWS

മാലിന്യ നിർമാർജ്ജനത്തിന് ശാശ്വത പരിഹാരം, ബൊക്കാഷി ബക്കറ്റില്‍ മാലിന്യം വളമാകുന്ന പുതു സംരംഭവുമായി കാഞ്ഞങ്ങാട് നഗരസഭ

    കേരളമാകെ നേരിടുന്ന ഗുരുതര പ്രശ്നമാണ് മാലിന്യസംസ്‌കരണം. ഇതിന് പരിഹാരം കാണാനാവാതെ നട്ടം തിരിയുകയാണ് തദ്ദേശ സ്ഥാപനങ്ങൾ മാലിന്യസംസ്‌കരണത്തിന്  പുതു രീതി നടപ്പിലാക്കി കാഞ്ഞങ്ങാട് നഗരസഭ മാതൃകയാകുന്നു. ബൊക്കാഷി ബക്കറ്റ് പദ്ധതിയുമായാണ് കാഞ്ഞങ്ങാട് നഗരസഭ മാലിന്യസംസ്‌കരണ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നത്. ഒരു ബക്കറ്റ് ഉപയോഗിച്ച് അടുക്കള മാലിന്യത്തെ എളുപ്പത്തില്‍ വളമാക്കി മാറ്റാന്‍ ബൊക്കാഷി ബക്കറ്റിലൂടെ സാധിക്കും.  കാഞ്ഞങ്ങാട് നഗരസഭയിലെ 1000 കുടുംബങ്ങള്‍ക്കാണ് ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്യുന്നത്. 2800 രൂപയാണ് ഒരു ബൊക്കാഷി ബക്കറ്റിന് വില. ഇതിൽ 10 ശതമാനം ഉപഭോക്താക്കള്‍ നല്‍കണം. ബാക്കി 90 ശതമാനം നഗരസഭ വഹിക്കും.

പതിനഞ്ച് ദിവസം കഴിഞ്ഞാൽ ഒന്നാന്തരം വളം

ജൈവമാലിന്യം ബക്കറ്റിൽ സൂക്ഷിച്ചു അതിലേക്ക് ബാക്ടീരിയ ചേർത്ത് വളമാക്കുന്ന രീതിയാണ് ബൊക്കാഷി. അടുക്കള മാലിന്യങ്ങളെ ബൊക്കാഷിയിലൂടെ വളമാക്കി മാറ്റുമ്പോൾ ഒരു തരത്തിലുള്ള ദുർഗന്ധവും ഉണ്ടാകില്ല എന്നതാണ് ഇതിലെ പ്രധാന പ്രത്യേകത. മാലിന്യം ശേഖരിക്കാനുള്ള ബക്കറ്റ്, വേസ്റ്റ് പ്രസ്സർ, അരിപ്പ എന്നിവയാണ് ഒരു കിറ്റിലുണ്ടാകുക. ബൊക്കാഷി നിർമ്മാണത്തിനു വേണ്ട പ്രധാന ഘടകം ലോക്ടോബാസിലസ് ബാക്ടീരിയയാണ്. ഗുണപ്രദമായ ഈ സൂക്ഷ്മാണു അടങ്ങിയ പൊടിയും ബക്കറ്റിനൊപ്പം ലഭിക്കും. ഇത് ഉപയോഗിച്ചാണ് മാലിന്യം കമ്പോസ്റ്റ് ആക്കി മാറ്റുന്നത്. നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ അളവിന് ആനുപാതികമായി പൊടി ചേർക്കണം. ഈ ബാക്ടീരിയയാണ് ദുർഗന്ധം വരാതെ കമ്പോസ്റ്റ് തയ്യാറാക്കാൻ സഹായിക്കുന്നത്. കമ്പോസ്റ്റ് നിർമ്മിക്കാൻ ബക്കറ്റിൽ ആദ്യം ശർക്കര ഇടണം. അതിനു മുകളിൽ അരിപ്പ വച്ച് അടക്കും. പിന്നീട് ജൈവ മാലിന്യം നിക്ഷേപിക്കാം. ബക്കറ്റ് നിറഞ്ഞ ശേഷം വായു കടക്കാതെ 15 ദിവസം അടച്ചു വച്ചാൽ കമ്പോസ്റ്റ് തയ്യാറാകും. പച്ചക്കറി വേസ്റ്റ്, ഭക്ഷണാവശിഷ്ടങ്ങൾ, മുട്ടത്തോട് മുതലായവയൊക്കെ ബൊക്കാഷിയിൽ ഇട്ടു കൊടുക്കാം. എന്നാൽ ദ്രാവകങ്ങൾ ഒന്നും പാടില്ല. വായുകടക്കാതെ പുളിപ്പിക്കൽ പ്രക്രിയയാണ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്. ഖരരൂപത്തിലുള്ള കമ്പോസ്റ്റ് ജൈവ വളമായും ബക്കറ്റിന്റെ അടിവശത്തെ ടാപ്പിലൂടെ ശേഖരിക്കുന്ന ദ്രാവകം കീടനാശിനിയായും ഉപയോഗിക്കാം.

നഗരസഭയിൽ ചെറിയ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് അടുക്കള മാലിന്യങ്ങൾ സംസ്കരിക്കുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമെന്നോണമാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചതെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത പറയുന്നു.

മാലിന്യ സംസ്കരണത്തിനുള്ള പദ്ധതികളുമായി സംസ്ഥാത്തുടനീളം വൻ പബ്ലിസിറ്റിയോടെ ചില സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജൈവ വളത്തോടൊപ്പം ഗ്യാസും ഉൽപ്പാദിപ്പിക്കാനാവും എന്ന വാഗ്ദാനം നൽകിയാണ് ഈ സ്ഥാപനങ്ങൾ പ്രവർക്കുന്നത്. 35000 രൂപ ചിലവ് വരുന്ന ഈ പദ്ധതികൾ പ്രതീക്ഷിക്കുന്ന ഫലം തരുന്നില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്.

Back to top button
error: