NEWSTravel

അട്ടപ്പാടി വഴി ഒരു ഊട്ടി യാത്ര

ദേശീയപാതയിൽ മണ്ണാര്‍ക്കാടുനിന്ന് 25 കി.മീറ്റര്‍ ദൂരം സഞ്ചരിച്ചാൽ അട്ടപ്പാടിയായി.ചുരം കയറിച്ചെല്ലുമ്പോൾ അഗളി നരസിമുക്കിലെ വ്യൂ പോയിന്റില്‍ കയറി നിന്നാല്‍ ലോകം കാല്‍ക്കീഴില്‍ കോട്ടപോലെ നില്‍ക്കുന്നതായി തോന്നും. വരണ്ട പാലക്കാടന്‍ കാറ്റിനുപകരം തൊട്ടാല്‍ നനവുപൊടിയുന്ന നല്ല തണുത്ത കാറ്റ്.ഈ കൊടും ചൂടിൽ നിന്നും രക്ഷപെടണോ, അട്ടപ്പാടിയിലേക്ക് വണ്ടി വിട്ടോളൂ.
ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന സിനിമാ ലൊക്കേഷനായ അട്ടപ്പാടി കേരളത്തിന് നൽകുന്ന സംഭാവനകൾ ചെറുതല്ല.സച്ചിയുടെ അയ്യപ്പനും കോശിയുമാണ് അട്ടപ്പാടിച്ചന്തം കേരളത്തിന് പുറത്തെത്തിച്ചത്.
അഗളി പഞ്ചായത്തിലൂടെ ഒഴുകുന്ന ശിരുവാണി പുഴയും അഗളി, പുതൂര്‍ പഞ്ചായത്തുകള്‍ പങ്കിടുന്ന ഭവാനിപ്പുഴയും ഇന്ന് സഞ്ചാരികളുടെയും ഇഷ്ട ഡസ്റ്റിനേഷനാണ്.
മണ്ണാർകാട് താലുക്കിലെ അഗളി, ഷോളയൂർ പുതൂർ എന്നി ഗ്രാമ പഞ്ചായത്തുകൾ ചേർത്ത് പൊതുവെ അറിയപ്പെടുന്ന പേരാണ് അട്ടപ്പാടി.ഏതുകാലാവസ്ഥയിലും വിനോദ സഞ്ചാരത്തിന് അനുകൂലമാണ് അട്ടപ്പാടി.മുള്ളിവഴി ഊട്ടിയിലേക്കു പോവുന്നവരെയും സൈലന്റ് വാലിയിലെത്തുന്നവരെയുമൊന്നും ഒട്ടും നിരാശപ്പെടുത്തില്ല ഈ പ്രദേശം.
മണ്ണാർക്കാട് റൂട്ടിൽ. നെല്ലിപ്പുഴ ജംങ്ഷൻ-തെങ്കര-ആനമൂളി കഴിഞ്ഞാൽ അട്ടപ്പാടിയിലേക്കുള്ള വഴി തുടങ്ങുകയാണ്.നയനമനോഹരങ്ങളായ കാഴ്ചകളോടൊപ്പം ഒൻപത് ഹെയർ പിന്‍ വളവുകൾ കയറിയാൽ അട്ടപ്പാടിയിലെത്താം.ഗോത്ര ജീവിതങ്ങങ്ങളുടെ വ്യത്യസ്ത കാഴ്ചകളും പ്രകൃതി ഭംഗിയുടെ മറ്റൊരിടത്തും കാണാനാവാത്ത സൗന്ദര്യവുമാണ് അട്ടപ്പാടിയുടെ എന്നത്തേയും പ്രത്യേകത.
അട്ടപ്പാടിയിലെ വളവുകൾ കയറി എത്തുന്ന മുക്കാലിയിൽ നിന്നാണ് സൈലന്റ് വാലിയിലേക്കുള്ള പാത തുടങ്ങുന്നത്.  ലോകത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ജൈവവൈവിധ്യമുള്ള ഇടമാണ് സൈലന്റ് വാലി.865 കിലോമീറ്റർ വിസ്തൃതിയുള്ള അട്ടപ്പാടി സമ്പന്നമായ പ്രകൃതി സൗന്ദര്യമുള്ള ഒരു സ്ഥലമാണ്.അഗസ്ത്യമലയ്ക്കും പശ്ചിമഘട്ടത്തിനും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.മല്ലീശ്വരം ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം പ്രദേശത്തെ ഒരു പ്രധാന സംഭവമാണ്.
കാടിനും കാട്ടുമൃഗങ്ങൾക്കുമൊപ്പം കാട്ടാറുകളുടെ കളകളാരവും പക്ഷികളുടെ സംഗീതവും ചേർന്നാൽ അട്ടപ്പാടിയായി.മുക്കാലിയും താവളവും പുതൂരും പിന്നിട്ട് അട്ടപ്പാടിയുടെ കാഴ്ചകളിലൂടെ ‘മുള്ളി’ റോഡിലേക്ക് തിരിഞ്ഞാൽ ഊട്ടി റോഡായി.അവിടെ നിന്ന് ഗദ്ദ ജനറേറ്റർ ഹൗസും വെള്ളച്ചാട്ടവും കണ്ട് കാടും തണുപ്പും ആസ്വദിച്ച് മുന്നോട്ടു നീങ്ങിയാൽ തമിഴ് പേശുന്ന അഴകുള്ള ഗ്രാമമായ മഞ്ചൂരിലെത്താം. ‘മ‍‌ഞ്ഞിന്റെ ഊര് ’ ആണു തമിഴിൽ ‘മഞ്ചൂര്’ ആയി മാറിയത്. ഊട്ടിയിലോതു പോലെ തണുപ്പും തേയിലത്തോട്ടവുമുള്ള മലഞ്ചെരിവിലാണ് മഞ്ചൂരിന്റെ പ്രകൃതിഭംഗി.

അടുത്തത് ‘കിണ്ണക്കോരൈ’ . സൂര്യൻ വൈകി ഉദിക്കുന്ന നാടാണത്രേ കിണ്ണക്കോരൈ. നീലഗിരി മലനിരയുടെ ചെരിവുകളിലൂടെ കോടമഞ്ഞിനെ തുടച്ചു നീക്കി സൂര്യപ്രകാശം കിണ്ണക്കോരൈയിൽ എത്തുമ്പോഴേക്കും പത്തു മണി കഴിഞ്ഞിട്ടുണ്ടാകും.

 

Signature-ad

കിണ്ണക്കോരൈ ഗ്രാമത്തിലെ റോഡുകളും വീടും തേയിലത്തോട്ടങ്ങളും ദക്ഷിണേന്ത്യയിലെ വേറിട്ട ഗ്രാമഭംഗിയാണ്.തേയിലത്തോട്ടത്തിനു നടുവിലൂടെയാണ് റോഡ്. സിനിമാദൃശ്യം പോലെ മനോഹരം. പാശ്ചാത്യ രാജ്യങ്ങളിലെ മലഞ്ചെരിവുമായി താരതമ്യം ചെയ്യാവുന്ന പ്രകൃതി.

 

തേയിലത്തോട്ടം കടന്നാൽ വനമാണ്. വള്ളികൾ തൂങ്ങിയ പടുകൂറ്റൻ മരങ്ങളും തണലും തണുത്ത കാറ്റും യാത്ര രസകരമാക്കുന്നു. മഞ്ഞു പെയ്തു തുടങ്ങിയാൽ കാനനപാതയിൽ ഇരുട്ടു നിറയും. കാട്ടാനയുടെയും കാട്ടുപോത്തിന്റെയും സാന്നിധ്യമാണ് കിണ്ണക്കോരൈ യാത്രയുടെ ആകർഷണം.

 

 

ഇവിടെ നിന്നും ഊട്ടിയിലേക്ക് പോകുന്ന റോഡ് അതിമനോഹരമാണ്. ഹെയർപിൻ വളവുകളും കോടമഞ്ഞും ഒക്കെയുള്ള ഈ വഴികൾ  സഞ്ചാരികളെ ഒരിക്കലും  മടുപ്പിക്കാത്തവയാണ്.

Back to top button
error: