IndiaNEWS

നീതി നിഷേധിക്കപ്പെടരുത്!

ന്യൂഡൽഹി:വിരൽ ചൂണ്ടുന്നവനെ വിലങ്ങണിയിക്കുന്ന ഇന്നിന്റെ രാഷ്ട്രീയത്തിൽ ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുന്നു.ബിജെപിയുടെ കള്ളത്തരങ്ങളെ കുറിച്ച് ‘നുണ പറയരുത്’ എന്നൊരു പോസ്റ്റ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഇട്ടതിന് കന്നഡ നടൻ ചേതൻ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയും ചെയ്തു.

ലോകായുക്ത റെയ്ഡിനിടെ കോടികളുടെ അനധികൃത പണവുമായി കുടുങ്ങിയ ഇവിടുത്തെ ബിജെപി എംഎൽഎയെ പക്ഷേ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.അദ്ദേഹത്തിന് കോടതി മുൻകൂർ ജാമ്യവും അനുവദിച്ചു.
സുള്ള്യയിലെ പ്രവീൺ നെട്ടാറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി സൂറത്ത്കല്ലിലെ മുസ്ലീം യുവാവ് ഫാസിലിനെ കൊലപ്പെടുത്തിയെന്ന് മൈക്കിന് മുന്നിൽ വിളിച്ചുപറഞ്ഞ ശരൺ പമ്പ്വെല്ലിനെതിരെ ഫാസിലിന്റെ പിതാവ് പരാതി നൽകിയെങ്കിലും അറസ്റ്റ് ചെയ്തില്ല.ന്യൂനപക്ഷങ്ങൾക്കെതിരെ  പരസ്യമായി വധഭീഷണി മുഴക്കുന്നവരും ഇന്ന് രാജ്യത്ത് സ്വതന്ത്രമായി വിലസുന്നുണ്ട്.#എവിടെയാണ്നീതി#എന്നതാണ് ചോദ്യം.

ഹിന്ദുത്വയെ വിമർശിച്ച കുറ്റത്തിന് കന്നഡ നടൻ ചേതൻ കുമാർ അഹിംസയെ അറസ്റ്റുചെയ്ത കർണാടക പൊലീസിന്റെ നടപടി പ്രതിഷേധാർഹമാണ്.ഹിന്ദുത്വം കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന് ട്വിറ്ററിൽ കുറിച്ചതിനാണ് നടനും ആക്റ്റിവിസ്റ്റുമായ ചേതൻ കുമാർ അഹിംസയെ കർണാടക പൊലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്.
ഹിന്ദുമത വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.

Signature-ad

ഹിന്ദുത്വയും ഹിന്ദുമതവുമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. “ഹിന്ദുത്വ” എന്നത് അക്രമോത്സുകതയിലൂന്നിയ സംഘപരിവാറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതിയാണ്.
മതത്തെ രാഷ്​ട്രീയാധികാരത്തിനുള്ള ഉപകാരണമാക്കുന്ന ഹിന്ദുത്വയ്ക്ക് ഹിന്ദുമതവുമായോ ഹിന്ദുമത വിശ്വാസവുമായോ ഒരു ബന്ധവുമില്ല.
ഹിന്ദുത്വയേയും സംഘപരിവാറിനെയും വിമർശിക്കുന്നത് ഏതർത്ഥത്തിലാണ് ഹിന്ദുമത വിമർശനമാവുന്നത്?
ഹിന്ദുമതവും ഹിന്ദുത്വയും രണ്ടും ഒന്നാണ് എന്ന് സ്ഥാപിക്കാനാണ് രാജ്യത്താകെ സംഘപരിവാർ എന്നും ശ്രമിച്ചുപോരുന്നത്. അതിന്റെ തുടർച്ചയായി വേണം ഹിന്ദുത്വയെ വിമർശിച്ചതിന്റെ പേരിൽ ചേതൻ അഹിംസയെ അറസ്റ്റുചെയ്ത സംഭവത്തെ കാണാൻ.

ഹിന്ദുത്വയെ വിമർശിച്ചു എന്ന കുറ്റത്തിനാണ് എംഎം കൽബുർഗിയും ഗൗരി ലങ്കേഷും കർണാടകയുടെ മണ്ണിൽ രക്തസാക്ഷികളായത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കുന്ന കർണാടകയിൽ ഭൂരിപക്ഷ വർഗ്ഗീയത ആളിക്കത്തിച്ച് നേട്ടം കൊയ്യാമെന്നാണ് സംഘപരിവാരം കരുതുന്നത്. അതിന്റെ ഭാഗമായാണ് ടിപ്പു സുൽത്താനെ വധിച്ചത് വൊക്കലിഗ സമുദായത്തിലെ ഉറി ഗൗഡ, നഞ്ചേ ഗൗഡ എന്നിവരാണെന്ന ചരിത്രവിരുദ്ധമായ പ്രസ്താവനകൾ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ സംഘപരിവാരം നടത്തിയത്. നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരാണ് ടിപ്പുവിനെ വധിച്ചതെന്ന ചരിത്രവസ്തുതയെ മറച്ചുവെച്ചുകൊണ്ട് വർഗ്ഗീയ ധ്രുവീകരണത്തിനാണ് കർണാടകയിലെ ഹിന്ദുത്വ ശക്തികളുടെ ശ്രമം. ഇതിനെയാണ് നടൻ ചേതൻ തന്റെ ട്വീറ്റിലൂടെ വിമർശിച്ചത്.

നാടിനെ സർക്കാർ സംവിധാനം ഉപയോഗിച്ച് വർഗ്ഗീയ കളമാക്കുന്ന സംഘപരിവാർ നീക്കങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ.സാമ്പത്തിക സൈനിക മേഖലയിൽ ലോകത്തിലെ തന്നെ മുൻനിര രാജ്യങ്ങളിൽ ഒന്ന്. അതിലുപരി മതാതീത മാനവികതയ്ക്ക് പേരുകേട്ട രാജ്യവും. ഈ രാജ്യത്താണ് അത് ഭക്ഷണത്തിന്റെ പേരിലായാലും ഉപജീവനമാർഗ്ഗത്തിന്റെ പേരിലായാലും ഇനി മറ്റെന്തിന്റെ പേരിലായാലുമൊക്കെ ജനങ്ങൾ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും.അതും ഭരിക്കുന്നവരുടെ മൗനാനുവാദത്തോടെ!
ഒരു പരിഷ്കൃത ജനിധിപത്യ രാജ്യത്ത് നടക്കേണ്ട സംഗതികളല്ല ഇവിടെ ഇന്നു നടക്കുന്നത്.ഇസ്ലാമിനെയും ദളിതനേയും എതിർക്കാനായി മാത്രം പശുരാഷ്ട്രീയം കളിക്കുന്നവരാണ് ഇന്ന്  കൂടുതലും.ത്രിപുരയിൽ
ബിജെപി പ്രവർത്തകർ തന്നെ പശുക്കളെ ചുട്ടുകൊന്നത് കഴിഞ്ഞ ദിവസമായിരുന്നു.
ജനങ്ങൾ എന്തു കഴിക്കരുതെന്ന് പറയുമ്പോൾ തന്നെ ജനങ്ങൾക്ക് എന്തെങ്കിലും കഴിക്കാനുണ്ടോ എന്നു ചോദിക്കേണ്ട ബാധ്യതയും ഗവൺമെന്റിനുണ്ട്.ശക്തമായ ഭരണവ്യവസ്ഥയിലൂടെ സാമൂഹികനീതിയും സമത്വവും ഉറപ്പുവരുത്താൻ ഗവൺമെന്റിന് കഴിയണം.ജനങ്ങളോട് വിവേചനം കാണിക്കാതെ ഉയർന്ന നീതിബോധത്തോടെ പ്രവർത്തിക്കുന്നവരാകണം ഭരണാധികാരികൾ.അധികാരം അടിച്ചമർത്തലിനായി ഉപയോഗിക്കരുത്.അങ്ങനെ ചിന്തിച്ച് ഭരണാധികാരികൾക്കൊന്നും ജനമനസ്സുകളിൽ സ്ഥാനമുണ്ടായിരുന്നില്ലെന്നതിനു ചരിത്രം സാക്ഷി.രാജ്യം പുരോഗതി കൈവരിക്കണമെങ്കിൽ ഇവിടെ മാനവികതയും ജനാധിപത്യവും തുടർന്നും നിലനിൽക്കേണ്ടിയിരിക്കുന്നു.

Back to top button
error: