KeralaNEWS

ഇടുക്കിക്കും വേണ്ടേ ഒരു റയിൽപ്പാത ?

നോഹരമായ ഭൂപ്രകൃതി കൊണ്ടും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളെക്കൊണ്ടുമൊക്കെ സമ്പന്നമായ ഇടുക്കി ജില്ലയിലേക്ക് റെയിൽപ്പാത വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.മധുര-മൂന്നാർ-കൊച്ചി,തേനി-കുമളി-കോട്ടയം തുടങ്ങിയ പാതകൾക്കായുള്ള ചർച്ചകൾ പലതവണ നടന്നുവെങ്കിലും ഒന്നും യാഥാർത്ഥ്യമായില്ല.അതേസമയം ഇടുക്കി ജില്ലയ്ക്ക് തൊട്ടരികിൽ സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടിലെ പല ഭാഗങ്ങളിലും റയിൽവെ വികസനം കാര്യമായി നടക്കുന്നുമുണ്ട്.
 
മധുര-ബോഡിനായ്ക്കന്നൂർ റെയിൽപ്പാതയുടെ പ്രവൃത്തി ഏതാണ്ട് അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്.മധുര മുതൽ തേനി വരെയുള്ള പ്രവൃത്തി 90 ശതമാനം പൂർത്തിയായി.റെയിൽവേ ലോക്കോമോട്ടീവ് രണ്ട് തവണ തേനിയിലേക്ക് പരീക്ഷണ ഓട്ടവും നടത്തി.ഈ പാതയെ കുമളിയുമായി ബന്ധിപ്പിച്ചാൽ
റെയിൽവേ ഇല്ലാത്ത ഇടുക്കി ജില്ലയുടെ ഏറ്റവും വലിയ വികസന പദ്ധതിയായിരിക്കും അത്. 
 
 
തേക്കടി, മൂന്നാർ, രാമക്കൽമേട് ഉൾപ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ശബരിമല,മംഗളാദേവി,മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി എന്നിവിടങ്ങളിലേക്കുള്ള തീർഥാടകർക്കും ഇതോടെ എളുപ്പത്തിൽ എത്തിച്ചേരാനാകും. ഇവിടെ നിന്നുള്ള വ്യാപാരികൾക്ക് തമിഴ്‌നാട്ടിലെ വിവിധ വാണിജ്യ കേന്ദ്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഈ പാത സഹായിക്കും.
 
ജില്ലയിലെ വിനോദസഞ്ചാര-വാണിജ്യ മേഖലകളുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കേണ്ടിയിരുന്ന മറ്റൊന്നായിരുന്നു ദിണ്ടുഗൽ-കുമളി റെയിൽവേ പാത.2009ൽ ആസൂത്രണ കമ്മിഷന്റെ അംഗീകാരം ലഭിച്ചെങ്കിലും ഈ റെയിൽവേയ്‌ക്കായി അധികൃതർ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല.പദ്ധതി ചെലവിന്റെ പകുതി ഇരു സംസ്ഥാനങ്ങളും പകുതി കേന്ദ്രവും വഹിക്കണമെന്നായിരുന്നു ആസൂത്രണ കമ്മിഷൻ നിർദേശിച്ചിരുന്നത്.എന്നാൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിനോദ, തീർഥാടന, വ്യാപാര മേഖലകൾക്ക് ഊർജം പകരുന്ന പദ്ധതിക്ക് വേണ്ടി ജനപ്രതിനിധികൾ ഉൾപ്പെടെ ആരും ശക്തമായ നിലപാടുമായി മുന്നോട്ടു വന്നില്ല എന്നത് ഖേദകരമാണ്.
 

ദിണ്ടുഗലിൽ നിന്ന് ചെമ്പട്ടി, വട്ടലഗുണ്ട്, പെരിയകുളം, തേനി, ബോഡിനായ്ക്കന്നൂർ, തേവാരം,കമ്പം,ഗൂഡല്ലൂർ, ലോവർക്യാംപ് വഴി കുമളിയിലേക്കുള്ള ഈ പാത ഇരു സംസ്ഥാനങ്ങളിലെയും പതിനായിരക്കണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന ഒന്നായിരുന്നു.ഭാവിയിൽ കുമളിയിൽ നിന്നും എരുമേലിയിലേക്ക്, നിർദ്ദിഷ്ട അങ്കമാലി-എരുമേലി ശബരി പാതയുമായി ഈ പാത ബന്ധിപ്പിക്കുകയും ചെയ്യാമായിരുന്നു.

 

ശബരിമല തീർഥാടകർക്കാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം.അതിലുപരി ഇടുക്കി ജില്ലയിലെ വാണിജ്യ/വിനോദ മേഖലയ്ക്കും. അതിനാൽത്തന്നെ കേരളമായിരുന്നു ഇതിന് മുൻകൈ എടുക്കേണ്ടിയിരുന്നതും!

 

ഇവിടെ നിന്നുള്ള ഏലം, കുരുമുളക് തുടങ്ങിയ മലഞ്ചരക്കുകൾ തമിഴ്‌നാട്ടിലേക്കും അവിടെ നിന്നുള്ള പച്ചക്കറികളും പഴങ്ങളും മറ്റും അതിവേഗം കേരളത്തിലേക്ക് എത്തിക്കാനും ഈ പാത സഹായകരമാകുമായിരുന്നു.തമിഴ്‌നാട്ടിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഈ പദ്ധതി അനുഗ്രഹമാണ്.

 

 
92 കിലോമീറ്റർവരുന്ന മധുര-ബോഡിനായ്ക്കന്നൂർ മീറ്റർഗേജ് റെയിൽപ്പാത ബ്രോഡ്ഗേജാക്കി മാറ്റാനുള്ള പദ്ധതി പത്തുവർഷംമുമ്പാണ് ആരംഭിച്ചത്.350 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.നിലവിൽ മധുര-ബോഡിനായ്ക്കന്നൂർ റെയിൽപ്പാത തേനിവരെയെത്തിക്കഴിഞ്ഞു.റെയിൽപ്പാതയില്ലാത്ത ഇടുക്കി ജില്ലയുടെ അതിർത്തിയിൽനിന്ന് ഒന്നര മണിക്കൂർ യാത്രചെയ്താൽ തേനി സ്റ്റേഷനിലെത്താം മധുരയിൽനിന്ന് ഉസിലാംപട്ടി- ആണ്ടിപ്പട്ടി -തേനി വഴി ബോഡിനായ്ക്കന്നൂർ എത്തുന്ന ഈ പാത കമ്പം,ഗുഡലൂർ വഴി കുമളിക്ക് 10 കിലോമീറ്റർ അകലെ ലോവർക്യാമ്പുവരെ നീട്ടിയാലും അത് ഇടുക്കി ജില്ലയ്ക്ക് ഏറെ പ്രയോജനപ്പെടും.അല്ലെങ്കിൽ തേനിയിൽ നിന്നും നേരിട്ട് കമ്പം വഴി ലോവർക്യാമ്പ് വരെ.പക്ഷെ ഈ പദ്ധതിയോട് തമിഴ്നാടിന് അത്രയ്ക്കും താൽപ്പര്യമില്ലാത്തതിനാൽ കേരളത്തിൽ നിന്നുള്ള എംപിമാരായിരിക്കണം മുൻകൈ എടുക്കേണ്ടതെന്ന് മാത്രം!

Back to top button
error: