IndiaNEWS

ഇന്ന് ലോക ജല ദിനം

ലത്തുമ്പിൽനിന്ന് ഒരിറ്റു വെള്ളം ഊർന്നു വീഴുമ്പോൾ അതിനറിയില്ല, ഒരുപക്ഷേ അതൊരു പുഴയുടെ തുടക്കമാകുമെന്ന്.ചില തുള്ളികൾ അങ്ങനെയാണ്.ഒഴുകാൻവേണ്ടി മാത്രം ഇറ്റുവീഴുന്നവ.അത് തോടായി,അരുവിയായി,പുഴയായി,നദിയായി ഒഴുകും.സമുദ്രമായി വളരും.പിന്നെയത് നീരാവിയായി ഉയരങ്ങളിലേക്ക് പോകും.അവിടുന്ന് തണുത്തുറഞ്ഞ് തുള്ളിയായി വീണ്ടും ഭൂമിയിലേക്ക്… ആദിയും അനാദിയുമില്ലാത്ത 
ജലചക്രം!
ഇന്ന് ലോക ജലദിനം
ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ ബോധ്യപ്പെടുത്തുകയാണ് ലോക ജലദിനാചരണത്തിന്റെ ലക്ഷ്യം.ജീവന്റെ നിലനില്‍പ്പിന് ആവശ്യം വേണ്ട ഘടകമായതിനാല്‍ ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും പൊതുജന അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും മാര്‍ച്ച് 22 ‘ലോക ജലദിന’മായി ആചരിക്കുന്നു.
വിവേകപൂർണ്ണമായി ഓരോ തുള്ളി ജലവും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചാണ് ഓരോ ലോക ജലദിനവും നമുക്ക് മുമ്പിലെത്തുന്നത്. 1992ൽ റിയോ ഡി ജനീറോയിൽ വെച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിക്കും വികസനത്തിനുമായുള്ള സമ്മേളനത്തിലാണ് ജലദിനം എന്ന ആശയം ആദ്യമായി ഉയർന്നുവന്നത്. ശുദ്ധജലത്തിന്റെ പ്രാധാന്യവും അതിന്റെ ബുദ്ധിപരമായ വിനിയോഗത്തെയും കുറിച്ചു ലോകത്തെ ബോധ്യപ്പെടുത്താൻ ഒരു ദിനം വേണമെന്നായിരുന്നു അംഗങ്ങളുടെ നിർദേശം. ഇത് അംഗീകരിച്ച ഐക്യരാഷ്ട്രസഭ 1993 മുതൽ മാർച്ച് 22ാം തീയതി ലോകജല ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.
മനുഷ്യന്റെ അശ്രദ്ധമായ ഓരോ ഇടപെടലുകളും ശുദ്ധജലത്തിന്റെ ലഭ്യതക്ക് കോട്ടം തട്ടിക്കുന്നവയാണ്. ലോകത്ത് ജലാശയങ്ങളിൽ പ്രതിദിനം ഇരുപത് ലക്ഷം ടൺ മാലിന്യങ്ങൾ തള്ളുന്നുണ്ടെന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പുതിയ പഠനം തെളിയിക്കുന്നത്. ലോകത്ത് മലിന ജലാശയങ്ങൾ ഏറെയുള്ളത് ഏഷ്യയിലാണ്. ഇന്ത്യയിലാവട്ടെ, ആകെയുള്ള ജല സ്രോതസ്സുകളിൽ നാൽപത് ശതമാനവും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. വെള്ളത്തോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വരേണ്ടതുണ്ടെന്നും ജീവന്റെ നിലനിൽപ്പ് വെള്ളത്തിലാണെന്നും ഇത് ഒരിക്കലും നശിപ്പിക്കേണ്ട ഒന്നല്ല എന്നും സമൂഹം തിരിച്ചറിയുമ്പോഴാണ് അമൂല്യമായ ജലസ്രോതസുകൾ മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂർണമായ നിലനിൽപ്പിനായി പ്രയോജനപ്പെടുന്നത്.
മണ്ണിൽ ജലാംശം നിലനിർത്താൻ മഴക്കുഴി നിർമ്മാണം കൂടാതെ മൺ കയ്യാലകൾ, കല്ല് കയ്യാലകൾ എന്നിവയുടെ നിർമ്മാണവും ചെക്ക് ഡാമുകൾ നിർമ്മിക്കൽ, ജലാശയങ്ങളുടെ സംരക്ഷണം, തലക്കുള സംരക്ഷണം, പുഴ, തോട് സംരക്ഷണം, കുളം നിർമ്മിക്കൽ തുടങ്ങിയവ സഹായിക്കും. മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിന്റെ ജലസംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിനും ജൈവ വൈവിധ്യം നിലനിർത്തുന്നതിനും കാർഷിക വിളകളുടെ സംരക്ഷണത്തിനും മണ്ണിൽ മഴവെള്ളം റീചാർജ് ചെയ്യുന്നതിലൂടെ സാധിക്കും. ഇക്കാര്യങ്ങളെല്ലാം കാര്യക്ഷമമായി നടപ്പായാൽ ഭൂഗർഭ ജലത്തിന്റെ തോത് വർദ്ധിക്കും.
നദീതീര സംരക്ഷണവും പ്രധാന കാര്യമാണ്. നദികളുടെ ഉത്ഭവ സ്ഥാനം, നദീതീര സംരക്ഷണം, മണൽ തിട്ടകളുടെ സംരക്ഷണം, മണൽ വാരൽ നിയന്ത്രണം, നീരൊഴുക്ക് വർദ്ധിപ്പിക്കൽ, ഉപരിതല ഭൂഗർഭ ജല ലഭ്യത വർധിപ്പിക്കൽ, മാലിന്യ നിക്ഷേപം തടയൽ, വ്യവസായ മാലിന്യങ്ങൾ, ഗാർഹിക മാലിന്യങ്ങൾ എന്നിവ നിക്ഷേപിക്കുന്നത് ഒഴിവാക്കൽ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.

Back to top button
error: