മുംബൈ: ഗുണ്ടാസംഘത്തിൻ്റെ ക്രൂരമർദ്ദനമേറ്റ മലയാളി മരിച്ച സംഭവത്തിൽ ഒടുവിൽ നടപടിയെടുത്ത് മുംബൈ പൊലീസ്. കാസർകോട് സ്വദേശി ഹനീഫയെ മർദ്ദിച്ചു കൊന്ന കേസിലാണ് കനത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ മുംബൈ പൊലീസ് കേസെടുത്തത്. കേസിലെ മുഖ്യപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ മുംബൈ എംആർഎ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഡിസംബർ ആറിനാണ് ഹനീഫയെ ഗുണ്ടാസംഘം ക്രൂരമായി മർദ്ദിച്ചത്. ഗുരുതര പരിക്കുകളുമായി ആശുപത്രിയിലായ ഹനീഫ മൂന്നാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഇന്നലെ കുഴഞ്ഞു വീണു മരണപ്പെടുകയായിരുന്നു. മാരകമായ പരിക്കേറ്റിട്ടുണ്ടും സംഭവത്തിൽ മുംബൈ പൊലീസ് കേസ് എടുത്തിരുന്നില്ല. ഹനീഫയുടെ മരണശേഷം മാത്രം ആണ് എഫ്ഐആർ ഇടാൻ പോലും പൊലീസ് തയ്യാറായത്.
ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് പത്തിലേറെ പേരടങ്ങുന്ന ഗുണ്ടാ സംഘം ഹനീഫയെ അതിക്രൂരമായി ആക്രമിച്ചത്. തുടർന്ന് മൂന്നാഴ്ച കാലത്തോളം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ഹനീഫ. ചികിത്സ തുടരുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതോടെ ആഞ്ജിയോ പ്ലാസ്റ്റി ചെയ്തു. കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്. ഇന്ന് രാവിലെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞ് വീണ ഹനീഫ ആശുപത്രിയിലെത്തിക്കും മുൻപ് മരണപ്പെട്ടു. ഹനീഫയ്ക്ക് നേരെ ആക്രമണമുണ്ടായ ദിവസം തന്നെ മുംബൈയിലെ എംആർഎ പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയതാണ്. മുഖ്യ പ്രതിയായ നൂറുൽ ഇസ്ലാം അടക്കമുള്ളവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊലീസിന് നൽകിയിരുന്നു. എന്നാൽ പ്രതികളുമായി ഒത്തുകളിച്ച പൊലീസ് എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തില്ല. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടി എടുക്കാതെ മൃതദേഹം മറവ് ചെയ്യില്ലെന്ന് മുംബൈ കേരളാ മുസ്ലീം ജമായത്ത് പ്രഖ്യാപിച്ചിരുന്നു.
ഹനീഫയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഇപ്പോഴുമുണ്ട്. ബന്ധുക്കളുടേയും മലയാളി സംഘടനകളുടേയും കനത്ത പ്രതിഷേധത്തെ തുടർന്നാണ് പോസ്റ്റ്മോർട്ടം നടപടികൾ ചിത്രീകരിക്കാൻ പൊലീസ് തീരുമാനിച്ചത്. മുംബൈയിൽ വർഷങ്ങളായി വാടകയ്ക്കെടുത്ത കെട്ടിടത്തിൽ ഹോട്ടൽ നടത്തുകയായിരുന്നു ഹനീഫ. ഡിപ്പോസിറ്റ് തുകയടക്കം നൽകാതെ ഇറക്കി വിടാൻ ശ്രമിച്ചപ്പോൾ നിയമനടപടിക്കൊരുങ്ങിയതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നാണ് ആശുപത്രി കിടക്കയിൽ വച്ച് ഹനീഫ പറഞ്ഞിരുന്നു.