സിനിമാപ്രേമികൾ ഏറെനാളായി ആവേശപൂർവ്വം കാത്തിരുന്ന ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു ചിത്രത്തിൻറെ വേൾഡ് പ്രീമിയർ. ഡെലിഗേറ്റുകളുടെ വൻ തിരക്കായിരുന്നു ചിത്രത്തിൻറെ ആകെയുണ്ടായിരുന്ന മൂന്ന് പ്രദർശനങ്ങൾക്കും ഉണ്ടായത്. റിസർവ് ചെയ്ത് മണിക്കൂറുകൾ ക്യൂ നിന്നിട്ടും തിരക്ക് കാരണം ചിത്രം കാണാനാവാതിരുന്ന ഡെലിഗേറ്റുകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
ചിത്രത്തിന് തിയറ്റർ റിലീസ് ഉണ്ടാവുമോ എന്നത് ഡെലിഗേറ്റുകൾക്കിടയിൽ മുഴങ്ങിക്കേട്ട ഒരു ചോദ്യമായിരുന്നു. ഡെലിഗേറ്റുകളിലൊരാൾ ഇക്കാര്യം പ്രീമിയറിന് ശേഷമുള്ള ചോദ്യത്തരവേളയിൽ ലിജോ ജോസ് പെല്ലിശ്ശേരിയോട് ചോദിക്കുകയും ചെയ്തിരുന്നു. അത് മമ്മൂക്ക തീരുമാനിക്കണം എന്നായിരുന്നു ലിജോയുടെ മറുപടി. ഇപ്പോഴിതാ അക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം എത്തിയിരിക്കുകയാണ്. നൻപകൽ നേരത്ത് മയക്കത്തിന് തിയറ്റർ റിലീസ് ഉണ്ടാവും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് ഈ ചിത്രത്തിൻറെ നിർമ്മാണവും. ഈ കമ്പനിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന് തിയറ്റർ റിലീസ് ഉണ്ടാവുമെന്ന അറിയിപ്പ് എത്തിയിരിക്കുന്നത്. ഉടൻ എത്തും എന്നല്ലാതെ റിലീസ് തീയതി സംബന്ധിച്ച അറിയിപ്പ് എത്തിയിട്ടില്ല.
ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിൻറെ കഥ ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വറിൻറേതാണ് ഛായാഗ്രഹണം. മുൻ ചിത്രങ്ങളിൽ നിന്ന് സമീപനത്തിൽ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. അശോകൻ, രാജേഷ് ശർമ്മ, വിപിൻ ആറ്റ്ലി, അന്തരിച്ച പൂ രാമു തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ വേഷവുമാണ് നൻപകലിലെ ജയിംസ്.