CrimeNEWS

ഓരോ കേസും അന്വേഷിക്കുന്നതിന് ഒരു രീതിയുണ്ട് ദാസാ… പോലീസിനെ വലച്ച റാഗിങ് കേസ് ചുരുളഴിച്ചത് ‘വിദ്യാർത്ഥി’ കുപ്പായമണിഞ്ഞ പൊലീസുകാരി; വേഷംമാറി ക്യാംപസിലെത്തിയ 24-കാരി 3 മാസം കൊണ്ട് 11 പ്രതികളെ തെളിവ് സഹിതം പൊക്കി!

ഇന്ദോർ: മധ്യപ്രദേശ് പോലീസിനെ ഏറെ നാളായി വലച്ചിരുന്ന ഒരു റാഗിങ് കേസായിരുന്നു ഇന്ദോറിലെ എം.ജി.എം. മെഡിക്കൽ കോളേജിലേത്. അഞ്ചുമാസമായി ആ കേസിന് പിന്നാലെ പോലീസ് നടന്നു പക്ഷേ കാര്യമായ പുരോ​ഗതിയുണ്ടാക്കാൻ സാ​ധിച്ചില്ല. അവസാനം പതിനെട്ടാം അടവെടുത പോലീസ്, 24-കാരിയായ പോലീസ് ഉദ്യോഗസ്ഥയെ വിദ്യാർഥിനിയായി ക്യാമ്പസിലേക്ക് അയച്ചു. മൂന്നുമാസത്തോളം നീണ്ടുനിന്ന ആ രഹസ്യ ഓപ്പറേഷനിലൂ‍ടെ റാഗിങ് പരാതിയിലെ പ്രതികളെ തിരിഞ്ഞു, തെളിവ് സഹിതം പൊക്കി. സാന്യോഗിതാഗഞ്ച് പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിളായ ശാലിനി ചൗഹാനാണ് വിദ്യാർഥിനിയെന്ന രീതിയിൽ മെഡിക്കൽ കോളജ് കാന്റീനിൽ കറങ്ങിനടന്ന് പ്രതികളെ കണ്ടെത്തിയത്. ഏകദേശം മൂന്നുമാസത്തോളം സമയമെടുത്താണ് കേസുമായി ബന്ധപ്പെട്ട സുപ്രധാനവിവരങ്ങൾ കണ്ടെത്തിയതെന്നും പ്രതികളെ തിരിച്ചറിഞ്ഞതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ജൂലായ് മാസത്തിലാണ് ഇന്ദോറിലെ എം.ജി.എം. മെഡിക്കൽ കോളേജിലെ സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്യുന്നതായുള്ള ‘അജ്ഞാത പരാതി’ പോലീസിന് ലഭിച്ചത്. ചില വാട്‌സാപ്പ് സംഭാഷണങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളും സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്യാനായി വിളിപ്പിച്ച സ്ഥലങ്ങളുടെ ലൊക്കേഷൻ വിവരങ്ങളും മാത്രമാണ് പരാതിയിലുണ്ടായിരുന്നത്. ഇതോടെ പോലീസ് സംഘം കോളേജിൽ നേരിട്ടെത്തി അന്വേഷണം നടത്തിയെങ്കിലും ഭയംകാരണം വിദ്യാർഥികളാരും വിവരങ്ങൾ കൈമാറിയിരുന്നില്ലെന്ന് ഇൻസ്പെക്ടർ ടെഹസീബ് ഖ്വാസി വ്യക്തമാക്കി. പരാതി നൽകിയ ഫോൺനമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചെങ്കിലും ഹെൽപ് ലൈൻ സംവിധാനത്തിന്റെ നയമനുസരിച്ച് ഇത് കൈമാറാൻ കഴിയുമായിരുന്നില്ല.

Signature-ad

തുടർന്നാണ് മറ്റൊരു രീതിയിൽ അന്വേഷണം നടത്താൻ തീരുമാനിക്കുന്നത്. ശാലിനി വിദ്യാർത്ഥിയെപ്പോലെ വേഷം ധരിച്ച് എല്ലാ ദിവസവും കോളേജിലെത്തും സുഹൃത്തുക്കളോട് സംസാരിക്കുകയും കാന്റീനിൽ സമയം ചെലവഴിക്കുകയും ചെയ്യും. ക്യാംപസിലെ കുറ്റകൃത്യം കണ്ടെത്താൻ എത്തിയ പൊലീസ് ഉദ്യോ​ഗസ്ഥയാണിതെന്ന് ആരും തിരിച്ചറിഞ്ഞില്ല. ജൂനിയർ വിദ്യാർത്ഥികളോട് സംസാരിക്കാൻ ആരംഭിച്ചപ്പോഴാണ് തങ്ങൾ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ തുറന്നു പറഞ്ഞത്. കാമ്പസിലെ വിദ്യാർഥികളും ശാലിനി അതേ കോളേജിൽ പ്രവേശനം നേടിയ പുതിയ വിദ്യാർഥിനിയാണെന്നാണ് കരുതിയത്. തുടർന്ന് മൂന്നുമാസത്തോളം കോളേജ് കാന്റീൻ കേന്ദ്രീകരിച്ച് ശാലിനി വിവരങ്ങൾ ശേഖരിച്ചു. വിദ്യാർഥികളുമായി ചങ്ങാത്തം സ്ഥാപിച്ച് കോളേജിലെ റാഗിങ് സംബന്ധിച്ച് ഒട്ടേറെവിവരങ്ങളാണ് പോലീസ് ഉദ്യോഗസ്ഥയ്ക്ക് ലഭിച്ചത്. ഇവരെ സഹായിക്കാനായി മറ്റ് രണ്ട് പുരുഷ പോലീസ് ഉദ്യോഗസ്ഥരും കാമ്പസിലുണ്ടായിരുന്നു. കാമ്പസിലെ ആൺകുട്ടികളിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങളാണ് റിങ്കു, സഞ്ജയ് എന്നീ പോലീസുകാർ ശാലിനിയ്ക്ക് കൈമാറിയിരുന്നത്. തുടർന്ന് ഈ വിവരങ്ങൾ സ്ഥിരീകരിക്കുക എന്നതും ശാലിനിയുടെ ചുമതലയായിരുന്നു.

വിദ്യാർഥികളെ നിരന്തരം നിരീക്ഷിച്ചും മറ്റുവിവരങ്ങൾ ശേഖരിച്ചും ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്യുന്ന 11 പേരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരുടെയെല്ലാം പെരുമാറ്റം വളരെ നിഷ്ഠൂരമാണെന്ന് ദിവസങ്ങൾനീണ്ട നിരീക്ഷണത്തിലൂടെ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മനസ്സിലായി. ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്യാനായി പ്രത്യേക വിഭാഗമുണ്ടെന്നും വ്യക്തമായി. കോളേജിലെ ഹോസ്റ്റലുകളിൽ താമസിക്കുന്നവരെ ഹോസ്റ്റലിൽ താമസിക്കുന്ന സീനിയർ വിദ്യാർഥികളാണ് റാഗിങ്ങിന് ഇരയാക്കുന്നതെന്നും ഡേ സ്‌കോളേഴ്‌സിനെ റാഗ് ചെയ്യുന്നത് ഡേ സ്‌കോളേഴ്‌സായ സീനിയേഴ്‌സ് ആണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ലൈംഗികവൈകൃതങ്ങൾക്കടക്കം ഇവർ ജൂനിയർ വിദ്യാർഥികളെ ഇരയാക്കിയിരുന്നതായും വ്യക്തമായി. തുടർന്നാണ് ജൂനിയേഴ്‌സിനെ റാഗ് ചെയ്യുന്ന 11 സീനിയർ വിദ്യാർഥികൾക്ക് പോലീസ് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകിയ 11 വിദ്യാർഥികളിൽ ഒമ്പതുപേരും മധ്യപ്രദേശ് സ്വദേശികളാണെന്ന് ഇൻസ്‌പെക്ടർ ഇൻ-ചാർജ് തഹ്‌സീബ് ഖ്വാസി അറിയിച്ചു. ഒരാൾ ബംഗാൾ സ്വദേശിയും മറ്റൊരാൾ ബിഹാർ സ്വദേശിയുമാണ്. ഒരാളുടെ പിതാവ് പോലീസുകാരനാണ്. മറ്റുള്ളവരുടെ മാതാപിതാക്കൾ അധ്യാപകരും ടെക്കികളും കർഷകരുമെല്ലാമാണ്. റാഗിങ് കേസിൽ നോട്ടീസ് നൽകിയ 11 പേരെയും അധികൃതർ ഹോസ്റ്റലിൽനിന്നും കോളേജിൽനിന്നും മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ഇത് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് കോൺസ്റ്റബിൾ ശാലിനി പറയുന്നു. ”ഞാൻ എല്ലാ ദിവസവും വിദ്യാർത്ഥിയുടെ വേഷത്തിൽ കോളേജിൽ പോകും. കാന്റീനിലെത്തി വിദ്യാർത്ഥികളുമായി സംസാരിക്കും. ഞാൻ എന്നെക്കുറിച്ച് അവരോട് സംസാരിച്ചു തുടങ്ങിയപ്പോൾ അവർ എല്ലാക്കാര്യങ്ങളും എന്നോട് തുറന്നു പറയാൻ തുടങ്ങി.” സാധാരണ വിദ്യാർത്ഥികൾ കോളേജിൽ പോകുന്നത് പോലെ തന്നെ തന്റെ ബാ​ഗിൽ പുസ്തകങ്ങളുമുണ്ടായിരുന്നു എന്ന് ശാലിനി പറയുന്നു. എസ്.ഐ. സത്യജീത് ചൗഹാൻ, ഓഫീസർ ഇൻ-ചാർജ് തഹ്‌സിബ് ഖ്വാസി എന്നിവരായിരുന്നു അന്വേഷണസംഘത്തെ നയിച്ചത്. ആദ്യഘട്ടത്തിൽ എസ്.ഐ സത്യജീത് ചൗഹാൻ കാമ്പസിലും പരിസരത്തും മഫ്തിയിൽ കറങ്ങി വിവരങ്ങൾ ശേഖരിച്ചു. ചില വിദ്യാർഥികൾക്കെതിരേ തെളിവുകളും ശേഖരിച്ചു. എന്നാൽ നിരവധി കുട്ടികൾ പഠിക്കുന്ന കോളജിൽനിന്ന് ഇവരെ തിരിച്ചറിയുകയെന്നത് വെല്ലുവിളിയായി. ഇതോടെയാണ് കോളേജ് കാമ്പസിൽ രഹസ്യമായി അന്വേഷണം നടത്താൻ ശാലിനിയെ അയക്കാൻ തീരുമാനിച്ചത്.

Back to top button
error: