ചണ്ഡീഗഡ്: കാലിത്തീറ്റ വില വര്‍ധനവിന് പരിഹാരമായി പഞ്ചാബില്‍ നിന്ന് വൈക്കോല്‍ കേരളത്തിലേക്ക്. വൈക്കോല്‍ സംസ്ക്കരിച്ച് കാലിത്തീറ്റയാക്കി കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്കെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സൗജന്യമായി വൈക്കോല്‍ ലഭ്യമാക്കാന്‍ പഞ്ചാബ് കേരള മൃഗസംരക്ഷണ മന്ത്രിമാരുടെ ചര്‍ച്ചയിലാണ് ധാരണയായത്. ഇതോടെ പഞ്ചാബിലെ ഏക്കര്‍ കണക്കിന് പാടത്തെ ടണ്‍ കണക്കിന് വൈക്കോല്‍ കേരളത്തിലേക്ക് എത്തും. കിസാന്‍ റെയില്‍ പദ്ധതിയിലൂടെ വാഗണുകളില്‍ വൈക്കോലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കേരളത്തിലെത്തിക്കുന്ന വൈക്കോല്‍ സംസ്കരിച്ച് കാലിത്തീറ്റയാക്കും. അടിക്കടിയുണ്ടാകുന്ന കാലിത്തീറ്റ വിലവര്‍ധനയില്‍ ക്ഷീരകര്‍ഷക മേഖലയിലെ രോഷം തണുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാല് തവണയാണ് കാലിത്തീറ്റക്ക് വില കൂട്ടിയത്. ഏറ്റവുമൊടുവില്‍ ചാക്കൊന്നിന് 150 രൂപ മുതല്‍ 180 രൂപ വരെ കൂട്ടിയിട്ടുണ്ട്. പഞ്ചാബ് മൃഗ സംരക്ഷണ മന്ത്രി ലാല്‍ ജിത് സിംഗ് ഭുള്ളറും, മന്ത്രി ചിഞ്ചുറാണിയും തമ്മിലുള്ള ചര്‍ച്ചയിലാണ് വൈക്കോല്‍ കേരളത്തിലെത്തിക്കുന്നതില്‍ ധാരണയിലെത്തിയത്.
മന്ത്രിയുടെ നേതൃത്വത്തില്‍ 21 അംഗ നിയമസഭ സമിതി കഴിഞ്ഞ ദിവസം പഞ്ചാബ് സന്ദര്‍ശിച്ചിരുന്നു. അതേസമയം വൈക്കോലടക്കമുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നത് പഞ്ചാബില്‍ മലിനീകരണ പ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്. ദില്ലിയടക്കം നേരിടുന്ന ഗുരുതര വായു മലിനീകരണ പ്രശ്നത്തിനും പ്രധാനകാരണം ഇതുതന്നെയാണ്. മാലിന്യ പ്രശ്നത്തില്‍ വീര്‍പ്പുമുട്ടുന്ന പഞ്ചാബിനും നടപടി ആശ്വാസമാകും. അതുകൊണ്ട് തന്നെ നടപടികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാലതാമസം വരുത്തിയേക്കില്ല. സുപ്രീംകോടതി കയറിയ മാലിന്യ പ്രശ്നത്തില്‍ ഏറ്റവുമൊടുവില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരിക്കുകയാണ്.