ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന്റെ ഭാഗമായി എന്‍.ഐ.എയുടെ പിടിയിലായവരില്‍ ടെക്കികളും ലക്ചറും മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ. മലയാളികളായ ചെയര്‍മാന്‍ ഒ.എം.എ സലാം, ദേശീയ വൈസ് പ്രസിഡന്റ് ഇ.എം അബ്ദുര്‍ റഹിമാന്‍, ദേശീയ സെക്രട്ടറി വി.പി നസറുദ്ദീന്‍ എളമരം, ദേശീയ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ മെമ്പര്‍ പി. കോയ എന്നിവരെയടക്കമാണ് എന്‍.ഐ.എ അറസ്റ്റു ചെയ്തത്. ഇവര്‍ക്കു പുറമേ മറ്റു സംസ്ഥാനങ്ങളില്‍നിന്നും സംഘടനയുടെ നിരവധി നേതാക്കള്‍ അറസ്റ്റിലായി.
പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ.എം.എ സലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന സലാമിനെ 2020 ഡിസംബര്‍ 14 ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിഎഫ്‌ഐ ചെയര്‍മാനായി ചുമതലയേറ്റതിനു പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. പിഎഫ്‌ഐക്കൊപ്പം നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ചേര്‍ന്നും സലാം പ്രവര്‍ത്തിച്ചുവന്നിരുന്നു. 2000 ല്‍ എന്‍ഡിഎഫ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007 മുതലാണ് പിഎഫ്‌ഐക്കൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങിയത്.
എറണാകുളം സ്വദേശിയായ ഇ.എം അബ്ദുര്‍ റഹിമാന്‍ 70 കളില്‍ ‘സിമി’യിലൂടെയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് സംഘടനയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് എത്തി. കളമശേരി കുസാറ്റിലെ ലൈബ്രേറിയന്‍ ആയിരുന്നു. എന്‍.ഡി.എഫ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തില്‍ അബ്ദുര്‍ റഹിമാന്‍ മുഖ്യപങ്കുവഹിച്ചിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ് ഇസ്ലാമിക് ട്രസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് റഹിമാന്‍. ഇതോടൊപ്പം ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ അടക്കമുള്ള സംഘടനകളിലും അംഗമാണ്.
കോഴിക്കോട് സ്വദേശിയായ ഇ അബൂബക്കര്‍ 1982 മുതല്‍ 1984 വരെ സിമി കേരള ഘടകത്തിന്റ അധ്യക്ഷനായിരുന്നു. എന്‍.ഡി.എഫ്, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയുടെ സ്ഥാപക ചെയര്‍മാനുമാണ്. ഇതൊടൊപ്പം എസ്.ഡി.പി.ഐ, അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് എന്നിവയുടെ സ്ഥാപക പ്രസിഡന്റുമാണ്. ഹിന്ദി മാസികയായ ഇന്ത്യ നെക്സ്റ്റിന്റെ എഡിറ്ററായും തേജസ് ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു.
പി.എഫ്.ഐയുടെ ദേശീയ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ മെമ്പറായും അനുബന്ധ സംഘടനയായ എന്‍.സി.എച്ച്.ആര്‍.ഒയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തിച്ചു വരികയായിരുന്നു പി. കോയ. 1978-79 കാലഘട്ടത്തില്‍ സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഖത്തറിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന കോയ കോഴിക്കോട് കോടഞ്ചേരി ഗവ. കോളേജിലെ ലക്ചററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലുവ എം.ഇ.എസ് കോളേജിലെ അധ്യാപകനായിരുന്നു വി.പി നസറുദ്ദീന്‍. പിന്നീട് മാധ്യമം ദിനപത്രത്തിന്റെ ക്ലറിക്കല്‍ സ്റ്റാഫായി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായും മത്സരിച്ചിട്ടുമുണ്ട്.
കര്‍ണാടകയില്‍ നിന്നുള്ള ദേശീയ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗമായ അബ്ദുള്‍ വാഹിദ് സെയ്ദ്, ദേശീയ ജനറല്‍ സെക്രട്ടറി അനിസ് അഹമ്മദ് എന്നിവര്‍ ഐടി ജീവനക്കാരനാണ്. ബംഗളുരൂ സ്വദേശിയായ സെയ്ദ് പി.എഫ്.ഐയുടെ സ്ഥാപകാംഗം കൂടിയാണ്. ടാലി, ഇ.ആര്‍.പി തുടങ്ങിയ സോഫ്റ്റവയര്‍ സംബന്ധമായ ബിസിനസ് നടത്തുകയാണ്. ബംഗളൂരുവിലെ പ്രമുഖ എം.എന്‍.സിയില്‍ ഗ്ലോബല്‍ ടെക്‌നിക്കല്‍ മാനേജറായിരുന്നു അനിസ് അഹമ്മദ്. സമൂഹമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും അനിസ് സജീവസാന്നിധ്യമാണ്. പി.എഫ്.ഐ പശ്ചിമ ബംഗാള്‍ സംസ്ഥാന അധ്യക്ഷനായ മിനാറുള്‍ ഷെയ്ഖ് അലിഗഡ് സര്‍വകലാശാലയില്‍നിന്ന് പി.എച്ച്ഡി നേടിയിട്ടുണ്ട്. പി.എഫ്.ഐ രാജസ്ഥാന്റെ സംസ്ഥാന അധ്യക്ഷനായ മുഹമ്മദ് ആസിഫ് ബിരുദധാരിയാണ്.