LIFENEWS

‘അല്ലലുള്ള കുട്ടിയേ ചുള്ളിയുള്ള കാടറിയൂ.’ കഥ പറഞ്ഞു കരയിച്ച ജോർജ് ജോസഫ് കെ ജീവിതം പറഞ്ഞും കരയിക്കുന്നു

മഴ പെയ്താൽ ചോരുന്ന ഒരു വീട്ടിലാണ് എൻ്റെ മോൻ അപ്പു ജനിച്ചത്. അവൻ പിച്ചവെച്ച് നടക്കുമ്പോൾ കാൽ കുടുങ്ങാതിരിക്കാൻ അവൻ്റെ അപ്പനും അമ്മയും കാൽ തുടക്കുന്ന ചവിട്ടിയും പഴന്തുണിയും ആ കുഴികളിൽ നിരത്തി.
അല്ലലുള്ള കുട്ടിയേ ചുള്ളിയുള്ള കാടറിയൂ എന്ന പ്രമാണം ഓർത്ത് അവൻ ഒരു സാധാരണ സ്കൂളിൽ പഠിച്ചു.
മഴ കൊണ്ട് നനഞ്ഞ, വെയിൽ കൊണ്ട് കരിഞ്ഞ അവന് അവൻ്റെ അപ്പന് ഒരു കുട വാങ്ങിക്കൊടുക്കാൻ കഴിയാതെ വിഷമിക്കുന്നത് കണ്ട് സങ്കടപ്പെട്ട്, അവൻ കുട്ടുകാരുടെ പാതിക്കുട ചൂടി നടന്ന് തോൽക്കാതെ പഠിച്ചത് അപ്പൻ്റെ, അമ്മയുടെ കഷ്ടപ്പാടുകൾ ഏറ്റെടുത്ത്
അത് ചുമക്കാൻ തന്നെയായിരുന്നു.

അവൻ ഒന്നും വേണമെന്ന് ഞങ്ങളെ നിർബന്ധിച്ചില്ല, ശഠിച്ചില്ല. അവൻ്റെ അപ്പന് കാറും സ്കൂട്ടറും വേണമെന്ന് അവൻ സ്വപനം കണ്ടില്ല.
ചിട്ടി മുതലാളിയുടെ സൈക്കിൾ തങ്ങൾക്ക് ഉണ്ടല്ലോ എന്ന് അവൻ എപ്പോഴും ആശിച്ചു.
അവൻ്റെ കുട്ടിക്കാലത്തെ
കണ്ടെത്തൽ, വാക്കുകളായി
എന്നോട് പങ്കുവെച്ചതിങ്ങനെ:
“നമ്മളെത്ര ഭാഗ്യവാനാണല്ലേയപ്പേ…?
കാറും സ്കൂട്ടറും ഉള്ളവർക്ക് പെട്രോൾ അടിക്കാൻ എത്ര കാശു വേണം? നമ്മക്കാണങ്കിൽ ടയറിൽ 10 പൈസേടെ കാറ്റുമതിയല്ലോ..”

Signature-ad

അപ്പൻ സൈക്കിൾ ചവിട്ടി കാശു പിരിച്ചു നടന്ന് പോക്കറ്റുനിറയെ പണവുമായി വന്ന് കയറിയ ഒരു ദിവസം, അവൻ്റെ ഉള്ളിൽ ഒരു കുട സ്വന്തമായി കിട്ടാനുള്ള വലിയ ആഗ്രഹത്താൽ അവൻ അപ്പനോട് ചോദിച്ചു:
“ഇത് അപ്പേടെ ചിട്ടി നടത്തുന്ന സാറിൻ്റെ കാശാണോ? അതോ അപ്പക്ക് കഥയെഴുതിക്കിട്ടിയ കാശാണോ…?”
“അല്ലമോനേ… ഇത് ചിട്ടി പിരിച്ച കാശാ…”
“ആണോ… എങ്കി എന്നെങ്കിലും അപ്പക്ക് കാശുണ്ടാകുമ്പ എനിക്കൊരു നീലപൂക്കളുള്ള കുടവാങ്ങിത്തരണേ.”
ഒരു മഴയുള്ള ദിവസമായിരുന്നത്. ഒരു മെയ് ഇരുപത്തിയൊൻപത്.
അന്ന് അപ്രതീക്ഷിതമായി അറിയാതെ ഭാര്യയുടെ ചേച്ചിയുടെ (തങ്കമ്മ ) ഭർത്താവ് കുര്യാച്ചൻ ചേട്ടൻ ഞങ്ങളുടെ അടഞ്ഞ വാതിലിനു മുമ്പിൽ നിന്ന് കോളിംഗ് ബെൽ അമർത്താൻ ശ്രമിക്കുമ്പോഴാണ് അപ്പനും മകനും തമ്മിലുള്ള ഈ സംസാരം പുറത്തു നിന്ന് അദ്ദേഹം കേട്ടത്.
അടഞ്ഞ വാതിലിനു മുമ്പിൽ നിന്നും കോളിംഗ് ബെൽ അമർത്താതെ അദ്ദേഹം ഉടനെ ആ മഴയത്തു പോയി അപ്പുവിന് നീലപൂക്കളുള്ള ഒരു കുടയും വാങ്ങി വന്നു.
അപ്പുവിന് ആദ്യമായി കിട്ടിയ
ജന്മ ദിന സമ്മാനം…!
ഞങ്ങൾ അവൻ്റെ ജന്മദിനം ആഘോഷിച്ചിട്ടേയില്ല ആ നാളുകളിൽ.
പിറന്നാൾ ആഘോഷം വേണമെന്നും അവൻ പറഞ്ഞിട്ടുമില്ല.
കൊച്ചു കൊച്ചു ആവശ്യങ്ങളേ അവനുള്ളു.
ഒരിക്കൽ അവൻ അമ്മയോട് ചോദിച്ചു:
“അമ്മേ എനിക്കൊരു സോഡ വാങ്ങിക്കുടിക്കാൻ കാശുണ്ടാകുമോ…?”
ലൗവ് ലിയുടെ കണ്ണുനിറഞ്ഞു. ഒരു സോഡയ്ക്കുള്ള കാശ് കൊടുത്തിട്ട് അവൾ പറഞ്ഞു:
“ഇനി ആറു മാസത്തേക്ക് ചോദിക്കരുതെട്ടോ മോനേ…”
അവൻ സോഡ ആദ്യമായി കുടിച്ച് ഒറ്റത്തവണ കൊണ്ട് തൃപ്തിപ്പെട്ടു.
പിന്നെ ചോദിച്ചില്ല .
എൻഞ്ചിനിയറിംഗിന് നാമക്കൽ പഠിക്കുമ്പോൾ അവൻ റിസർവ്വ് ചെയ്യാതെ ജനറൽ കമ്പാർട്ടുമെൻ്റിൽ നിൽക്കാൻ പോലും സ്ഥലമില്ലാതെ തോളത്തു തൂക്കിയ ബാഗുമായി കഷ്ടപ്പെട്ടു യാത്ര ചെയ്തു.

പിക്നിക് ടൂർ വന്നപ്പോൾ സൂത്രം പറഞ്ഞ് ഒഴിഞ്ഞു.
കോളർ കീറിയ ഷർട്ട് ഫാഷനാന്നു പറഞ്ഞുചിരിച്ചു. എഴുത്തുകാരായ സേതു സാർ, ഇന്ദുഗോപൻ, കെ.വി മോഹൻകുമാർ, റോസ് മേരി, ജോസഫ് മരിയൻ, ഈരാറ്റുപേട്ടയിലെ തങ്കമ്മ ( അപ്പുവിൻ്റെ ഹോസ്റ്റൽ മെസ് ഫീസ്) ലൗവ് ലിയുടെ ചേച്ചിമാർ ഇവരാണ് അപ്പുവിൻ്റെ എഞ്ചിനിയർ പഠനത്തിന് അകമഴിഞ്ഞ് സഹായിച്ചത്. അവൻ
ഡിസ്റ്റിംഗ്ഷനോടെ എൻഞ്ചിനിയർ ബിരുദം പാസായ ശേഷം.കൊച്ചിൻ റിഫൈനറിയിൽ കേബിളിന് ട്രഞ്ച് എടുത്തും പിന്നെ കെ.കെ വിജയൻ സാറിൻ്റെ സഹായത്താൽ റിഫൈനറിയിൽ പരിശീലനം നേടിയും അപ്പു പുറത്തു വന്നപ്പോൾ കെ.എം റോയി സാറാണ് തോമസ് എന്ന മനുഷ്യനിലൂടെ യു.എ. ഇയിൽ അവനെ ജോലിക്കായി എത്തിച്ചത്.

മരുഭൂമിയിൽ 9 വർഷം കഷ്ടപ്പെട്ട് ഇപ്പോൾ അപ്പു ഞങ്ങൾക്ക് ലോൺ എടുത്ത് ഒരു നല്ല വീടുണ്ടാക്കി തന്നു.

ഞങ്ങൾക്കു ഒരു തലവേദന വന്നാൽ പോലും ആശുപത്രിയിലേക്ക് പോയേ തീരു എന്ന് നിർബന്ധത്താൽ വാശി പിടിക്കുന്നു.

മകൾ ഹന്നയെ വെറും ഡിഗ്രിക് കോളജിൽ ചേർത്തപ്പോൾ, അവന് അത് സങ്കടമായി. അവൻ എന്നോട് പറഞ്ഞു:
” അപ്പ എന്നെ പ്രൊഫഷണൽ കോഴ്സിന് പഠിപ്പിച്ചില്ലേ? അവളേയും കഷ്ടപ്പെട്ടാണങ്കിലും പ്രൊഫഷണൽ കോഴ്സ് തന്നെ പഠിപ്പിക്കണം.”
തേവര എസ്.എച്ചിൽ ഡിഗ്രിക്കു ചേർത്ത അവളെ ആ പഠനം അവസാനിപ്പിച്ച് ബി.ആർക്കിന് ചേർത്തു.
അഞ്ചര വർഷം പഠിച്ച് ഹന്ന നല്ല മാർക്കോടെ പസായി.
പത്താം ക്ലാസ്പോലും പഠിപ്പില്ലാത്ത അപ്പന് മക്കൾ തന്ന സമ്മാനം, ദൈവത്തിൻ്റെ കരങ്ങൾ കൂട്ടിപ്പിടിച്ചായിരുന്നു.
അപ്പുവിനെ കുറിച്ച് ഈ കുറിപ്പെഴുതുമ്പോൾ പി.ഒ.സിയിൽ ‘വാംഗ്മയം’ പരിപാടിയിൽ പ്രിയ എ എസ് പ്രസംഗിച്ച കാര്യംഓർക്കുന്നു.

ജോർജ് ജോസഫ് ഒരു നാൾ സാഹിത്യ മീറ്റിംഗ് കഴിഞ്ഞു വന്നപ്പോൾ
അപ്പു അപ്പയുടെ കൈ പിടിച്ച് മണത്തു നോക്കിയിട്ട് പറഞ്ഞു.
” ഇന്ന് അപ്പേടെ കയ്ക്ക് നല്ല
ബിരിയാണീടെ മണമെണ്ട്.
ഇനി പ്രസംഗിക്കാൻ പോകുമ്പോൾ എന്നേം കൊണ്ടു പോകോ ?”
അതു പറഞ്ഞപ്പോൾ
പ്രിയയുടെ കണ്ണുകൾ നനയുന്നുണ്ടായിരുന്നു. അതു കേട്ട് ഞാനും ബിബിൻ ചന്ദ്രനും അപ്പോൾ വേദിയിലുണ്ടായിരുന്നു.
ഉള്ളിലപ്പോൾ വാക്കുകളില്ലാതെയുള്ള വീർപ്പുമുട്ടലിൻ്റെ കടലിരമ്പത്തെ ആരും കേൾക്കാതെ ഞാൻ അടക്കിപ്പിടിച്ചിരുന്നു. വിവാഹിതനായ അപ്പു ഇന്ന് 34 -ാം വയസിലേക്ക് പ്രവേശിക്കുന്നു.
ഞാൻ മൂന്നരവയസിൽ അവനെ ആദ്യം പഠിപ്പിച്ചത് എ.ബി.സി.ഡി അക്ഷരമാലയോ തറ – പറയോ ആയിരുന്നില്ല.
ബൈബിളിലെ ഒരുസദൃശ്യവാക്യമായിരുന്നു:
” അപ്പനേയും അമ്മയേയും
ബഹുമാനിക്കുക.അല്ലങ്കിൽ നിൻ്റെ വിളക്ക് കൂരിരുട്ടിൽ കെട്ടു പോകും.”

മോന് അപ്പയുടെ, അമ്മയുടെ, ഹന്നാമോളുടെ, നിൻ്റെ പ്രിയ ഭാര്യ ഗ്രീന മോളുടേയുമെല്ലാം ജന്മദിനാശംസകൾ !!
നമ്മെ അന്ത്യത്തോളം വഴി നടത്തുന്ന ദൈവത്തിന് എന്നേക്കും നന്ദി.
ഇനിയും സർവ്വ സന്തോഷ സമാധാനത്തോടെ ജീവിക്കുമാറാകട്ടെ!

Back to top button
error: