
ന്യൂഡല്‍ഹി: ഭാരത് മാതായ്ക്ക് ജയ് വിളിക്കുമ്പോള്‍ ഏറ്റു വിളിക്കുകയും നരേന്ദ്ര മോദിക്ക് ജയ് വിളിക്കുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വീഡിയോ വൈറല്‍. ഓപ്പറേഷന് ഗംഗയുടെ ഭാഗമായി എയര്‍ ഫോഴ്സ് വിമാനത്തില്‍ വിദ്യാര്‍ത്ഥികളെ കയറ്റി ഇരുത്തിയ ശേഷം ഇന്ത്യന്‍ ഉദ്യോഗസ്ഥന് വിദ്യാര്‍ത്ഥികള്‍ക്ക് മുദ്രാവാക്യം വിളിച്ചു നല്‍കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
PR turning into disaster …
Their silence explains everything
Indian Students are Smart. They Don't fall in Modi's Trap. pic.twitter.com/GSBUB3RZQk
— Nitin Agarwal (@nitinagarwalINC) March 3, 2022
സംഭവത്തില്‍ കേന്ദ്രത്തിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. നരേന്ദ്ര മോദിയുടെ പിആര്‍ പൊളിഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം. വിദ്യാസമ്പന്നരായതുകൊണ്ടാണ് നരേന്ദ്ര മോദിക്ക് ജയ് വിളിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടാക്കാത്തതെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. നേരത്തെ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് റൊമേനിയന്‍ മേയര്‍ സിന്ധ്യയോട് കയര്‍ത്തു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അതേസമയം യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഏഴ് ദിവസമായി യുക്രൈനിലെ സുമിയില്‍ കുടുങ്ങി കിടക്കുകയാണെന്നും രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസി ഒന്നും ചെയ്യുന്നില്ലെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പരാതി. അടിയന്തര ഘട്ടങ്ങളില്‍ എംബസിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നില്ലെന്ന് മെഹ്താബ് എന്ന വിദ്യാര്‍ത്ഥി പറഞ്ഞു. മാതാപിതാക്കള്‍ ഫോണില്‍ വിളിച്ച് കരയുകയാണ്. ഞങ്ങള്‍ സുമിയില്‍ പെട്ടുപോയി. യുക്രൈന്റെ കിഴക്കന്‍ ഭാഗത്താണ് ഞങ്ങള്‍. ഏഴ് ദിവസമായി ഇങ്ങനെ കഴിയുന്നു. ആരും സഹായത്തിനില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.