കുംഭമാസത്തിലാണ് സാധാരണ ചേന നടുന്നത്
മകരത്തിലെ തൈപ്പൂയവും കുംഭമാസത്തിലെ പൗർണമി നാളുമാണ് പഴമക്കാർ ചേന നടീലിന് തിരഞ്ഞെടുത്തുകൊണ്ടിരുന്നത്.ഇതേ പോലെ ചേന നടുന്നതിന് ചില പരമ്പരാഗത ശീലങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഒന്ന് ഒന്നേകാൽ കിലോ തൂക്കമുള്ള ചേനപൂളുകളാണ് നടീൽവസ്തുവായി തെരഞ്ഞെടുക്കേണ്ടത്.ചേന ഒരിക്കലും ആഴത്തിൽ നടാൻ പാടില്ല.
ഇടത്തരം ഭാരമുള്ള ചേന ഏകദേശം നാല് കഷണങ്ങളാക്കി ചാണക പാലിൽ മുക്കി നാലഞ്ചു ദിവസം ഉണക്കിയ ശേഷമാണ് നടേണ്ടത്. ചേനയുടെ പൂള് ഭാഗം നടുന്ന ആളിന്റ വലതുവശത്തേക്ക് വരത്തക്കവിധത്തിൽ വച്ചിട്ട് മണ്ണ് അടുപ്പിച്ച് ചവിട്ടി ഉറപ്പിക്കണം.ഇതിന് രണ്ടര അടി ചുറ്റളവിലുള്ള തടത്തിൽ മുക്കാൽ അടിയിൽ കൂടുതൽ ആഴം ഉണ്ടാക്കാൻ പാടുള്ളതല്ല.
മണ്ണിൽ വച്ച് കഴിഞ്ഞാൽ ഒരു ചട്ടി ഉണക്കിപ്പൊടിച്ച ചാണകം അതിൽ ഇട്ട ശേഷം കരിയില കൊണ്ട് പുതയിടണം.ആഴ്ചയിൽ ഒന്നെന്ന കണക്കിൽ തടം നനച്ചു കൊടുക്കുകയും വേണം. ഇരുപതാം ദിവസം ഇട കിളക്കണം. ഏകദേശം ഒരുമാസം കഴിയുമ്പോൾ മുള വന്നിരിക്കും അപ്പോൾ തടത്തിലെ വശങ്ങളിലേക്ക് മണ്ണുമാറ്റി പുത നീക്കിയശേഷം അഞ്ച് കിലോ ചാണകപ്പൊടിയും 250 ഗ്രാം എല്ലുപൊടിയും കൂട്ടിക്കലർത്തി ഇട്ട് വീണ്ടും കരിയില കൊണ്ട് പുതയിട്ട് മണ്ണ് അടിക്കണം. കാലവർഷ ആരംഭത്തിൽ വീണ്ടും തടം തുറന്ന് ചാരം,, ശീമക്കൊന്ന, പൂവരശ് തുടങ്ങിയവയുടെ പച്ചിലകൾ അതിനുമീതെ പത്തുകിലോ പച്ച ചാണകം എന്നിവ ഇട്ടു വീണ്ടും മണ്ണ് അടുപ്പിക്കണം.തുലാമാസത്തിലാണ് കുംഭ ചേന വിളവെടുക്കുന്നത്.