മലയാളമാകെ കവിതയുടെ രാത്രി മഴ പെയ്യിച്ച കവയിത്രി സുഗതകുമാരി ഇനി കണ്ണീരോർമ്മ. കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന കവയിത്രി. സൈലൻ്റ് വാലി പ്രക്ഷോഭം മുതൽ എറ്റവും ഒടുവിൽ സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയർത്തി.
കവിത മനുഷ്യ ദു:ഖങ്ങൾക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയാണ് വിടവാങ്ങുന്നത്. നിലപാടുകൾ കൊണ്ട് എക്കാലവും തലയുയർത്തി നിന്ന് പെൺകരുത്തിന്റെ പ്രതീകമായി സുഗതകുമാരി ഓർക്കപ്പെടും.
1996ൽ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷയാകാനുളള നിയോഗവും സുഗതകുമാരിക്കായിരുന്നു. അഭയഗ്രാമം, അത്താണി, എന്നിങ്ങനെ സമൂഹത്തിന് തണലൊരുക്കിയ സ്ഥാപനങ്ങളുടെ അമരക്കാരിയുമായി. മനോനില തെറ്റിയവർക്കും ആരുമില്ലാത്തവർക്കും അസുഖങ്ങളാൽ തകർന്നുപോയവർക്കുമെല്ലാം താങ്ങായി സുഗതകുമാരി നിലകൊണ്ടു. കർമ്മഭൂമി പൊതുപ്രവർത്തനമെങ്കിലും രാഷ്ട്രീയത്തിലേക്കുളള ക്ഷണം എല്ലാകാലത്തും അവർ നിരസിച്ചിരുന്നു.
സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍ കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, ആശാൻ പ്രൈസ്, ഓടക്കുഴൽ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ക്കുള്ള കേന്ദ്രസർക്കാരിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് എന്നിങ്ങനെ എണ്ണമറ്റ അംഗീകാരങ്ങൾ. 2006ൽ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
സ്വാതന്ത്രസമരസേനാനിയും എഴുത്തുകാരനുമായിരുന്ന ബോധേശ്വരന്റെയും പ്രഫ. വി.കെ. കാർത്ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22 നാണ് ജനനം. തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസിക പത്രാധിപർ, സംസ്‌ഥാന വനിതാ കമ്മിഷൻ അധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, നവഭാരതവേദി വൈസ്‌പ്രസിഡന്റ്, കൺസ്യൂമർ പ്രൊട്ടക്‌ഷൻ സൊസൈറ്റിയുടെ പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള ഫിലിം സെൻസർ ബോർഡ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു.
സാഹിത്യത്തിനും സാമൂഹികസേവനത്തിനുമായി നിരവധി അംഗീകാരങ്ങൾ നേടി. 2006 ൽ പത്മശ്രീയും 2009 ൽ എഴുത്തച്ഛൻ പുരസ്കാരവും 2013 ൽ സരസ്വതി സമ്മാനും ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഒാടക്കുഴൽ അവാർഡ്, വള്ളത്തോൾ അവാർഡ്, ബാലാമണിയമ്മ അവാർഡ്, ലളിതാംബിക അന്തർജനം അവാർഡ്, ആശാൻ പ്രൈസ്, പി.കേശവദേവ് പുരസ്കാരം, കെ.ആർ. ചുമ്മാർ അവാർഡ്, ഒഎൻവി സാഹിത്യ പുരസ്കാരം, ജ്ഞാനപ്പാന പുരസ്കാരം, ജവഹർലാൽ നെഹ്റു പുരസ്കാരം, ആർച്ച് ബിഷപ് മാർ ഗ്രിഗോറിയോസ് അവാർഡ്, പനമ്പിള്ളി പ്രതിഭാ പുരസ്‌കാരം,പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം, ലൈബ്രറി കൗൺസിൽ പുരസ്കാരം, തോപ്പിൽഭാസി പുരസ്കാരം, സ്‌ത്രീശക്‌തി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. കേന്ദ്രസർക്കാരിന്റെ ആദ്യത്തെ ‘വൃക്ഷമിത്ര’ അവാർഡ് സുഗതകുമാരിക്കായിരുന്നു,
എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ, പരേതനായ ഡോ. കെ. വേലായുധന്‍ നായര്‍. ഡല്‍ഹിയില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ തലവനും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടറായിരുന്നു അദ്ദേഹം. മകള്‍: ലക്ഷ്മി.
മുത്തുച്ചിപ്പി, പാതിരാപ്പൂക്കൾ, പാവം മാനവഹൃദയം, പ്രണാമം, ഇരുൾ ചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകൾ, മേഘം വന്നു തൊട്ടപ്പോൾ, ദേവദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി (നിശ്ശബ്ദ വനം), വായാടിക്കിളി, കാടിനു കാവൽ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരി ടീച്ചര്‍ ആശുപത്രിയിലെത്തുമ്പോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്നമായി ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തില്‍ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.52 നായിരുന്നു മരണം സംഭവിച്ചത്. 86 വയസായിരുന്നു. സുഗതകുമാരി ടീച്ചര്‍ വിടപറയുമ്പോള്‍ പറയാന്‍ ബാക്കി വെച്ച കവിതകള്‍ ബാക്കിയാകുന്നു. സുഗതകുമാരി ടീച്ചര്‍ വിടപറയുമ്പോള്‍ പറയാന്‍ ബാക്കി വെച്ച കവിതകള്‍ ബാക്കിയാകുന്നു.