NEWS

ബാലഭാസ്‌കര്‍ കേസില്‍ നുണപരിശോധനയ്ക്കായി ഡ്രൈവറും മാനേജറും ഹാജരായി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡ്രൈവറും മാനേജറും നുണപരിശോധനയ്ക്കായി ഹാജരായി. അപകടമുണ്ടായ ഇന്നോവ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍, ബാലഭാസ്‌കറിന്റെ മുന്‍ മാനജേര്‍ പ്രകാശന്‍ തമ്പി എന്നിവരാണ് നുണ പരിശോധനയ്ക്കായി കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരായത്.

ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കളായ വിഷ്ണുസോമസുന്ദരം,പ്രകാശന്‍ തമ്പി,ഡ്രൈവര്‍ അര്‍ജുന്‍,കലാഭവന്‍ സോബി എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണം എന്നാവശ്യപ്പെട്ടാണ് അന്വേഷണസംഘം തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ബാലഭാസ്‌കറും മകളും മരിക്കാനിടയായ അപകടം നടന്നപ്പോള്‍ വാഹനമോടിച്ചിരുന്നത് താനല്ലെന്ന അവകാശവാദമാണ് ഡ്രൈവര്‍ അര്‍ജുന്‍ സിബിഐയ്ക്കു മുന്നിലും നടത്തിയത്. എന്നാല്‍ തെളിവുകളനുസരിച്ച് അര്‍ജുനാണ് വാഹനമോടിച്ചതെന്ന് സിബിഐയും വിലയിരുത്തുന്നു. ഇതേതുടര്‍ന്നാണ് അര്‍ജുനും നുണപരിശോധന നടത്തുന്നത്. അപകടത്തിനു മുമ്പ് ബാലഭാസ്‌കര്‍ ആക്രമിക്കപ്പെട്ടെന്ന മൊഴിയാണ് കലാഭവന്‍ സോബി നല്‍കിയത്. എന്നാല്‍ ഇതിനും തെളിവുകളൊന്നും കിട്ടാത്തതിനാലാണ് സോബിക്കും നുണപരിശോധന നടത്താനുളള തീരുമാനം. സിബിഐയുടെ അപേക്ഷ സ്വീകരിച്ച കോടതി നാലു പേര്‍ക്കും നോട്ടീസ് അയക്കുകയും നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് നാല് പേരും കോടതിയെ അറിയിക്കുകയുമായിരുന്നു.

ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി നല്‍കിയ പരാതിയില്‍ ആണ് സി ബി ഐ അന്വേഷണം ആരംഭിച്ചത് . തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല .ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അപകടമരണമായി എഴുതിത്തള്ളിയ കേസ് ആണ് സിബിഐ ഏറ്റെടുത്തത് .

ബാലഭാസ്‌കറിന്റെ കൂടെ ഉള്ള ആളുകളില്‍ ചിലര്‍ സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയതോടെയാണ് അപകടത്തിലും സംശയമേറിയത് .പിന്നാലെ സ്വര്‍ണക്കടത്ത് കേസിലെ ചിലര്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്നു ആരോപിച്ച് കുടുംബവും രംഗത്ത് വന്നു .

2018 സെപ്തംബര്‍ 25 നു പുലര്‍ച്ചെ ആണ് അപകടം ഉണ്ടായത് .തൃശ്ശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കഴക്കൂട്ടത്ത് വച്ച് ബാലഭാസ്‌കര്‍ സന്ദര്‍ശിച്ച വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു .ബാലഭാസ്‌കറും കുഞ്ഞും അപകടത്തില്‍ മരിച്ചു .ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു .അപകടത്തില്‍ ദുരൂഹത ഉണ്ടോ എന്നാണ് സി ബി ഐ അന്വേഷിക്കുന്നത് .

Back to top button
error: