ചന്ദനക്കടത്ത് ചോര്‍ത്തിയെന്ന വൈരാഗ്യത്തിന് യുവതിയെ വെടിവെച്ച് കൊന്നു

മറയൂര്‍: ചന്ദനക്കടത്ത് ചോര്‍ത്തിയെന്ന വൈരാഗ്യത്തിന് ഇടുക്കി മറയൂരില്‍ ആദിവാസി യുവതി വെടിയേറ്റ് മരിച്ചു. പാണപ്പെട്ടകുടിയില്‍ചന്ദ്രിക(34) ആണ് കൊല്ലപ്പെട്ടത്. വെളളിയാഴ്ച രാത്രിയാണ് സംഭവം.

ചന്ദ്രികയുടെ ചേച്ചിയുടെ മകനായ കാളിയപ്പനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇതുകൂടാതെ മണികണ്ഠന്‍, മാധവന്‍ എന്നിവരെയും കസ്റ്റഡിയില്‍ എടുത്തു. ചന്ദനത്തടി മോഷ്ടിച്ചത് ചന്ദ്രിക പുറത്തു പറഞ്ഞതാണു പ്രകോപനത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

നിരവധി ചന്ദന മോഷണക്കേസുകളില്‍ പ്രതിയാണ് കാളിയപ്പനും മണികണ്ഠനും. ചന്ദനം കടത്തുന്ന വിവരം വനംവകുപ്പിനെ അറിയിച്ചത് ചന്ദ്രികയാണ് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കാളിയപ്പന്‍ ഇവര്‍ക്ക് നേരെ നിറയൊഴിച്ചത്.

കൃഷിയിടത്തില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ചന്ദ്രികയെ കളളത്തോക്കുമായെത്തിയ കാളിയപ്പന്‍ വെടിയുതിര്‍ക്കുകയായിരുന്നു. മണികണ്ഠന്‍, മാധവന്‍എന്നീ സുഹൃത്തുക്കളും കാളിയപ്പനൊപ്പം ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം സമീപത്തെ കാട്ടില്‍ ഒളിച്ച ഇവരെ പോലീസ് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത മൂന്നുപേരേയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *