NEWS

ഭൂമി പൂജ ഉടന്‍; പ്രധാനമന്ത്രി അയോധ്യയില്‍ എത്തി

രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ എത്തി. ഉച്ചയ്ക്ക് 12.30ന് നിര്‍മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് ശിലാസ്ഥാപന കര്‍മം നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നട്ടു. പൂജയ്ക്കു ശേഷം ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും. ഇതിനായി പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ലക്‌നൗവില്‍ എത്തിയത്. ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ അയോധ്യയിലും എത്തി. ചടങ്ങുകള്‍ രാവിലെ 11.30ന് ആരംഭിച്ചു. കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തില്‍ കോവിഡ് പ്രതിരോധമാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് ഇതോടെ തുടക്കമാകുന്നത്.

Signature-ad

ആദ്യം ഹനുമാന്‍ ഗഡി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അദ്ദേഹം രാം ലല്ല വിഗ്രഹമുള്ള താല്‍ക്കാലിക ക്ഷേത്രത്തില്‍ പൂജയ്ക്കും ദര്‍ശനത്തിനും ശേഷമാകും ഭൂമിപൂജയില്‍ പങ്കുകൊള്ളുക. വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവര്‍ ഭൂമി പൂജ ചടങ്ങില്‍ സന്നിഹിതരായിരിക്കും. 135 സന്യാസിമാരും പൗരപ്രമുഖരും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന ക്ഷണിതാക്കളുടെ സാന്നിധ്യവുമുണ്ടാകും. 175 പേര്‍ക്കാണ് ക്ഷണം. 2,000 പുണ്യസ്ഥലങ്ങളില്‍ നിന്ന് മണ്ണും 1500 ഇടങ്ങളില്‍നിന്ന് വെള്ളവും ഭൂമി പൂജയ്ക്കായി എത്തിച്ചിട്ടുണ്ട്.

Back to top button
error: