ആഫ്രിക്കന്‍ രാജ്യങ്ങളെ കുറിച്ച് പൊതുവെ എല്ലാവര്‍ക്കും ചില മുന്‍ധാരണകളുണ്ട്. തൊലിയുടെ നിറം മുതല്‍ കഴിക്കുന്ന ആഹാരത്തെ വരെ മുന്‍നിര്‍ത്തി അവരെ വിലകുറച്ച് കാണുന്നത് പതിവാണ്. ഹോളിവുഡ് സിനിമകളില്‍ പോലും ആഫ്രിക്കന്‍ രാജ്യങ്ങളെ ചിത്രീകരിക്കുന്നത് ചേരികളും പട്ടിണിക്കോലങ്ങളും രോഗങ്ങളും നിറഞ്ഞ പ്രദേശമായാണ്. എന്നാല്‍ വികസിത യൂറോപ്യന്‍ രാജ്യങ്ങളെ പോലും മറികടന്ന് ഒരു ആഫ്രിക്കന്‍ രാജ്യം ഇപ്പോള്‍ ഭൂമിയിലെ ഏറ്റവും വൃത്തിയുള്ള രാജ്യമായി തീര്‍ന്നിരിക്കുകയാണ്. ഒരു രാജ്യത്തെ ജനങ്ങളുടെയും അവിടുത്തെ ഭരണാധികാരികളുടെയും നിരന്തരമായ പ്രയത്നമാണ് അവരെ ഈ നേട്ടത്തിലേക്ക് നയിച്ചത്.
റുവാണ്ട
മധ്യആഫ്രിക്കയിലെ കരകളാല്‍ ചുറ്റപ്പെട്ട രാജ്യമാണ് റുവാണ്ട. ജനസാന്ദ്രത വച്ചു നോക്കിയാല്‍ ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ അഞ്ചാമത്തെ രാജ്യമാണ് റുവാണ്ട. നിലവില്‍ ഏറ്റവുമധികം യുവജനങ്ങളും ഇവിടെയാണുള്ളത്. രണ്ടായിരത്തിന്‍റെ തുടക്കം വരെ പല ആഫ്രിക്കന്‍ രാജ്യങ്ങളെയും പോലെ സാമ്പത്തികമായി വളരെ പിന്നോട്ടു നിന്ന രാജ്യമായിരുന്നു ഇതും . എന്നാല്‍ പിന്നീടങ്ങോട്ട് വ്യവസായവൽക്കരണത്തിന് ഊന്നല്‍ കൊടുത്തുള്ള പല നയങ്ങളും നടപ്പിലാക്കിയതോടെ രാജ്യതത്തിന്‍റെ സാമ്പത്തിക നില മാറിത്തുടങ്ങി. എന്നാല്‍ വ്യാവസായിക വൽക്കരണത്തെ തുടര്‍ന്ന് പലയിടത്തും സംഭവിക്കുന്നത് പോലുള്ള പ്രകൃതി നശീകരണവും മലിനീകരണവുമൊന്നും റുവാണ്ടയെ കാര്യമായി ബാധിച്ചില്ല. ഇതിന് കാരണം ഈ വിഷയങ്ങളിലെല്ലാം ഭരണകൂടം സ്വീകരിച്ച വ്യക്തമായ നയങ്ങളായിരുന്നു. ഈ നയങ്ങള്‍ തന്നെയാണ് ലോകത്തെ ഏറ്റവും വൃത്തിയുള്ള രാജ്യമായി റുവാണ്ടയെ മാറ്റിയതും.
പ്ലാസ്റ്റിക് നിരോധനം
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് പ്ലാസ്റ്റിക് മലിനീകരണമാണ്. ഹിമാലയം മുതല്‍ ആഴക്കടലില്‍ വരെ പ്ലാസ്റ്റിക്കിന്‍റെ അംശം എത്തിയിട്ടുണ്ട്. ഈ പ്രതിസന്ധിയെ ഒന്നര പതിറ്റാണ്ട് മുന്‍പേ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള ശ്രമം റുവാണ്ട തുടങ്ങിയിരുന്നു. 2008 ലാണ് റുവാണ്ട ഒറ്റത്തവണ ഉപയോഗിക്കാന്‍ മാത്രം കഴിയുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. പായ്ക്ക്ഡ് ഫുഡ് വസ്തുക്കളില്‍ പോലും പ്ലാസ്റ്റിക് പായ്ക്കിങ് നിരോധിക്കാന്‍ റുവാണ്ട ഭരണകൂടം തീരുമാനമെടുത്തു. പകരം ബയോഡീഗ്രേഡബിള്‍ ആയിട്ടുള്ള തുണി മുതല്‍ വാഴയില വരെയുള്ള വസ്തുക്കളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത വസ്തുക്കള്‍ ഉപയോഗിച്ചുള്ള കവറുകള്‍ ഏര്‍പ്പെടുത്തി.
പ്രകൃതി സംരക്ഷണവും വൃത്തിയും റുവാണ്ട എത്രമാത്രം ഗൗരവത്തോടെയെടുക്കുന്നു എന്നതിന് ഉദാഹരണമാണ് റുവാണ്ടന്‍ തലസ്ഥാനം. 2008 മുതല്‍ റുവാണ്ടന്‍ തലസ്ഥാനമായ കിഗാലി ആഫ്രിക്കയിലെ ഏറ്റവും വൃത്തിയുള്ള നഗരമാണ്. യുഎന്‍ ഹാബിറ്റാറ്റാണ് ഈ പദവി കിഗാലിക്ക് നല്‍കിയത്. കിഗാലിയില്‍ മലിനീകരണ നിയമങ്ങള്‍ ലംഘിച്ചാല്‍ ജയില്‍ ശിക്ഷ വരെ നേരിടേണ്ടി വരും. ഈ കര്‍ശന നിയമങ്ങള്‍ തന്നെയാണ് റുവാണ്ടയെ പരിസ്ഥിതി സംരക്ഷണത്തില്‍ ജേതാക്കളാക്കി മാറ്റിയതും. ഇതിനു പുറമെ പരിസ്ഥിതി സൗഹാര്‍ദപരമായ രീതികളെക്കുറിച്ചുള്ള പഠനത്തിനായുള്ള പണവും റുവാണ്ട മാറ്റിവയ്ക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ പരിസ്ഥിതി സൗഹാര്‍ദവസ്തുക്കളുടെ നിര്‍മാണവും മറ്റും ലക്ഷ്യമാക്കുന്ന പുതിയ ബിസിനസ് സംരംഭങ്ങള്‍ക്കും പ്രത്യേക സഹായങ്ങളും സംരക്ഷണവും നല്‍കുന്നു.
വർധിച്ച വനവിസ്തൃതി
ഒരു രാജ്യത്തിന്‍റെ 30 ശതമനത്തോളം വനമേഖലയാക്കുക എന്നതാണ് പരിസ്ഥിതി സംരക്ഷണത്തിന്‍റെ മറ്റൊരു ആവശ്യകതയായി യുഎന്‍ നിര്‍ദ്ദേശിക്കുന്നത്. ഈ ലക്ഷ്യവും അതീവ ഗൗരവത്തോടെയെടുത്ത രാജ്യമാണ് റുവാണ്ട. ആഫ്രിക്കന്‍ രാജ്യമല്ലേ കാടിന്‍റെ വിസ്തൃതിക്ക് എന്തുകുറവാണുള്ളത് എന്ന് ചിന്തിച്ചാല്‍ തെറ്റി. 2011 മുതല്‍ 2020 വരെ നീണ്ട് നിന്ന ശ്രമങ്ങള്‍ക്കൊടുവിലാണ് രാജ്യത്ത് 30 ശതമാനം വനവിസ്തൃതി ഉറപ്പാക്കാന്‍ റുവാണ്ടയ്ക്ക് സാധിച്ചത്. അഗ്രോ ഫോറസ്ട്രി മുതല്‍ മരം നട്ട് വളര്‍ത്തല്‍ യജ്ഞം വരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ ലക്ഷ്യം റുവാണ്ട നേടിയെടുത്തത്. ഈ ശ്രമങ്ങളുടെ പേരില്‍ വേള്‍ഡ് ഫ്യൂച്ചര്‍ പോളിസ് പുരസ്കാരവും റുവാണ്ടയെ തേടിയെത്തി. നിലവില്‍ 29.8ശതമാനമാണ് റുവാണ്ടയുടെ വനവിസ്തൃതി. ഏതാണ്ട് 670 ഹെക്ടര്‍ വരുന്ന തരുശുഭൂമി കൂടി സര്‍ക്കാര്‍ ഇപ്പോള്‍ മരം നട്ടു പിടിപ്പിക്കുന്നതിനായി കണ്ടെത്തിയിട്ടുണ്ട്. കാട്ടുവൃക്ഷങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം ഈ തരുശുഭൂമിയില്‍ നട്ടു പിടിപ്പിച്ച് വനവിസ്തൃതി വീണ്ടും വർധിപ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
ഉമുഗാണ്ട
കിനയര്‍വാണ്ട എന്നതാണ് റുവാണ്ടയുടെ ഔദ്യോഗിക ഭാഷ. കിനയര്‍വാണ്ടയില്‍ ഉമുഗാണ്ട എന്നാൽ ഒരു ലക്ഷ്യത്തിന് വേണ്ടി ഒരു മനസ്സോടെ പ്രവര്‍ത്തിക്കുക എന്നാണർഥം. ഇതേ പേരുള്ള ഒരു കൂട്ടായ്മ റുവാണ്ടയിലെ ജനങ്ങള്‍ക്കിടയിലുണ്ട്. ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ എല്ലാ മാസത്തിലെയും ഒരു ശനിയാഴ്ച പരിസര ശുചീകരണത്തിനായി ഇറങ്ങും. ഈ കൂട്ട ശുചീകരണ യജഞവും റുവാണ്ടയിലെ സാമൂഹിക ശുചിത്വത്തിന് പിന്നിലെ നിർണായക ശക്തിയാണ്. ഉമുഗാണ്ട എന്നത് വേണ്ടവര്‍ക്ക് മാത്രം പങ്കെടുക്കാന്‍ കഴിയുന്ന ഒരു പ്രവര്‍ത്തിയുമല്ല. നിര്‍ബന്ധിത പങ്കാളിത്തമാണ് ഉമുഗാണ്ടയിലേത്. ആരെങ്കിലും ഉമുഗാണ്ടയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നുണ്ടെങ്കില്‍ അവരെ പൊലീസ് തന്നെ നിര്‍ബന്ധപൂര്‍വം ശുചീകരണത്തില്‍ പങ്കാളികളാക്കുകയും ചെയ്യും. തുടര്‍ച്ചായായി വിട്ടു നിന്നാല്‍ 6 ഡോളര്‍ വരെ പിഴ അവര്‍ക്കെതിരെ പൊലീസിന് ചുമത്താനും അധികാരമുണ്ട്. ടൂറിസം രംഗത്തും ഊര്‍ജ രംഗത്തും പരിസ്ഥിതി സൗഹാര്‍ദ നടപടികള്‍ റുവാണ്ടയില്‍ കാണാന്‍ സാധിക്കും. 100 ശതമാനം സൗരോർജത്താല്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ റുവാണ്ടയിലുണ്ട്. അതോടൊപ്പം തന്നെ ഇത്തരം ഹോട്ടലുകളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കെട്ടിടങ്ങളുടെയും നിർമാണം പരമാവധി പരിസ്ഥിതി സൗഹാര്‍ദപരമായാണ്.
ജൈവവൈവിധ്യത്തിന്‍റെ വീണ്ടെടുപ്പ്
ആഫ്രിക്കന്‍ വനങ്ങളുടെ ജൈവസമ്പത്ത് കള്ളക്കടത്ത് മൂലം വലിയ തോതില്‍ ക്ഷയിച്ചിട്ടുണ്ട്. റുവാണ്ടയുടെ കാര്യത്തില്‍ പക്ഷേ സ്ഥിതി വ്യത്യസ്തമാണ്. വനമേഖല തിരികെ കൊണ്ടുവന്നതു പോലെ തന്നെ ജൈവസമ്പത്തിനെയും തിരികെ കൊണ്ടുവരുന്നതില്‍ റുവാണ്ട വിജയിച്ചിട്ടുണ്ട്. കൂടാതെ ഇവയുടെ ജൈവ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിലും റുവാണ്ട വലിയ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. സംരക്ഷണത്തിന്‍റെ ഭാഗമായി കാടിനെ അടുതതറിയുന്ന മുന്‍ വേട്ടക്കാരെയാണ് ഇപ്പോള്‍ വന്യജീവി വിഭാഗത്തില്‍ സുരക്ഷാ ഗാര്‍ഡുകളായി നിയോഗിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ കള്ളനെ താക്കോല്‍ എൽപിക്കുന്നതു പോലെ തോന്നുമെങ്കിലും ഫലത്തില്‍ ഈ നീക്കം റുവാണ്ടയിലെ വന്യജീവി വേട്ട ഏതാണ്ട് പൂര്‍ണമായും തടയാന്‍ സഹായിച്ചിട്ടുണ്ട്.
കൂടാതെ ജൈവവൈവിധ്യം സജീവമായത് റുവാണ്ടയുടെ വിനോദസഞ്ചാര മേഖലയ്ക്കും മുതല്‍ക്കൂട്ടായി. നാല് ദേശീയ പാര്‍ക്കുകളാണ് റുവാണ്ടയിലുള്ളത്. ഇവ നാലും മികച്ച രീതിയില്‍ പരിസ്ഥിതി സൗഹാര്‍ദപരമായി സംരക്ഷിക്കുന്നവയാണ്. അതുകൊണ്ട് തന്നെ സ്വാഭാവിക സൗന്ദര്യം ഒട്ടും ചോര്‍ന്നു പോകാതെ തന്നെ ഈ ദേശീയ പാര്‍ക്കുകള്‍ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും. ഈ ദേശീയ പാര്‍ക്കുകളില്‍ നിന്ന് മാത്രം ഏകദേശം 750 ദശലക്ഷം ഡോളറിന്‍റെ വരുമാനം 2018-2019 കാലഘട്ടത്തില്‍ റുവാണ്ടക്ക് ലഭിച്ചിട്ടുണ്ട്.