അനുരാഗത്തോണിയിൽ ആനയിക്കുന്ന സ്വരമുദ്രകളുടെ രാജകുമാരി
“നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറ കെട്ടാൻ എന്ന് രാഘവൻ മാഷിന്റെ ഈണത്തിൽ സിതാര പാടുമ്പോൾ നെഞ്ഞിൽ മഞ്ഞുപെയ്യുന്ന ഒരനുഭൂതിയിൽ അലിയുകയായിരുന്നു ഞാൻ. പ്രണയമാണു വരികളിൽ നിറയെ, എന്നാലോ ശബ്ദത്തിലും അതൊളിഞ്ഞിരിക്കുന്നു. ശ്രോതാവ് പ്രതീക്ഷിക്കുന്ന താരള്യമല്ല ആലാപനത്തിലുള്ളത്. പക്ഷേ നമുക്കാ പ്രണയത്തുടിപ്പറിയാനും കഴിയുന്നുണ്ട്. വല്ലാത്തൊരു അവസ്ഥയാണത്…
‘ഉയരെ’യിലെ ‘നീ മുകിലോ’യിൽ എത്തുമ്പോൾ അവരുടെ ശബ്ദം പ്രണയം തന്നെയാണ്. ഞരമ്പിലിറ്റിറ്റു വീഴുന്ന പ്രണയത്തുള്ളികൾ. രണ്ടുമൂന്നിടത്ത് അവരെന്നെ ഈപാട്ടിൽ ദിക്കറിയാതെ കുരുക്കിയിടാറുണ്ട്…” ഗായിക സിതാരകൃഷ്ണകുമാറിൻ്റെ അവാച്യ സുന്ദരമായ സ്വരമാധുരിയുടെ നേരനുഭവം പകർന്നു നൽകുകയാണ് ജിതേഷ് മംഗലത്ത്
പാട്ടുകാരുടെ ശബ്ദം ഒരു പട്ടമാണെന്ന് തോന്നാറുണ്ട്, ശ്രോതാവിന്റെ ഹൃദയാകാശത്തിന്റെ രണ്ടറ്റങ്ങളിലും തൊടാൻ കഴിയുന്ന സുന്ദരമായൊരു പട്ടം.
അതങ്ങനെ അനായാസം എല്ലാ ശബ്ദങ്ങൾക്കും വഴങ്ങുന്ന ഒന്നല്ല താനും. ശ്രോതാവിനെ വ്യത്യസ്ത ഭാവപ്പകർച്ചകളിലേക്കും, കേൾവിയുടെ നിമ്നോന്നതങ്ങളിലേക്കും കൊണ്ടുപോകാൻ കഴിയുക എന്നത് അത്രയേറെ പ്രതിഭയാവശ്യപ്പെടുന്ന കാര്യമാണ്.
റിഫൈൻഡായിട്ടുള്ള റെൻഡറിംഗ് ശൈലി ഇപ്പോഴത്തെ പല പാട്ടുകാർക്കുമുണ്ട്. ചിലർക്കെങ്കിലും റോ ശബ്ദത്തിന്റെ അനുഗ്രഹവുമുണ്ട്. ഈ രണ്ട് ശ്രേണികളിലേക്കും അനായാസം പടർന്നുകയറുന്ന ശൈലി ഇന്നത്തെ പാട്ടുകാരിൽ സിതാര കൃഷ്ണകുമാറിൽ മാത്രമേ കണ്ടിട്ടുള്ളൂ.
മറ്റു പലരെയും പോലെ സിതാര ഓർമ്മയിൽ ആദ്യമായടയാളപ്പെടുന്നത് സെല്ലുലോയ്ഡിലെ ‘ഏനുണ്ടോടീ അമ്പിളിച്ചന്തം’ എന്ന പാട്ടിലൂടെയാണ്. അതുവരെ കേട്ടുശീലിച്ച പുതുതലമുറഗായകരുടെ റിഫൈൻഡായിട്ടുള്ള പരിഷ്കൃതസ്വരവിന്യാസങ്ങളിൽ നിന്നുള്ള സുഖകരമായ ഒരു മാറ്റമായിരുന്നു ആ ശബ്ദം. അടഞ്ഞുകിടന്ന ജാലകങ്ങൾ തുറന്നിടുമ്പോഴുള്ള ഒരനുഭൂതി ആ പാട്ടു പകരുന്നുണ്ടായിരുന്നു. ഉണ്മയുടെ ഊർജപ്രസരണം ഓരോ അണുവിലും തുടിച്ചു നിൽപ്പുണ്ടായിരുന്നു. വാക്കുകൾക്ക് അതാദ്യമായി ഒരു തുറന്ന ഉച്ചാരണസ്വഭാവം ലഭിച്ചു.
അതേ സിതാര തന്നെ ട്രാഫിക്കിലെ ‘പകലിൻ പവനിൽ’ എന്ന പാട്ടിലെ അടഞ്ഞുപോകുന്ന ശബ്ദസ്വഭാവത്തിലേക്കെത്തുന്നതു കണ്ടു.
‘ലൈലാ ഓ ലൈല’യിലെ ‘നനയുമീ മഴ’ സിതാരയുടെ മറ്റൊരു വ്യത്യസ്ത മോഡാണ്. ശബ്ദത്തിലെ ആഴം സുന്ദരമായി അവരിവിടെ പരീക്ഷിക്കുന്നതു കാണാം. ചരണത്തിലെ ‘നിന്നോളം’എന്ന വാക്കിലെ ആഴം ഇപ്പോഴും ഭയങ്കരമായനുഭവിക്കാൻ കഴിയുന്നുണ്ട്.
ഗോപി സുന്ദറിന്റെ ‘മിസ്റ്റർ ഫ്രോഡി’ൽ ‘സദാ പാലയ’എന്ന ഒരു കീർത്തനമുണ്ട്. സ്വരത്തിലെ ഫോക്ലോർ ഛായ ഒരു കർണാട്ടിക് ഫ്ലേവറിലേക്ക് സിതാര ബ്ലെൻഡ് ചെയ്യുന്ന രീതി സുന്ദരമാണ്. ആ പാട്ടു കേൾക്കുമ്പോഴൊരിക്കലും പരമ്പരാഗതമായ ഒരു കർണാട്ടിക് ശൈലി ആലാപനത്തിൽ അനുഭവപ്പെടാറില്ല. മറിച്ച് ഒരു റസ്റ്റിക് ശബ്ദത്തെ സ്വതന്ത്രമായി അഴിച്ചു വിടുന്ന ശൈലിയായാണ് തോന്നാറ്.
ആ പാട്ടിലെ ആൺശബ്ദത്തിന് (സുദീപ് കുമാറാണെന്നു തോന്നുന്നു) നേരത്തെ പറഞ്ഞ റിഫൈൻഡ് റെൻഡറിംഗ് ശൈലിയാണ്. കസിൻസിലെ ‘കണ്ണോടു കണ്ണിടയും’ എന്ന എം.ജയചന്ദ്രൻ ഗാനത്തിലും കെട്ടഴിച്ചു വിടപ്പെടുന്ന സിതാരാശൈലി ദൃശ്യമാണ്.
പലപ്പോഴും അനുരാധാ ശ്രീറാമിനെ ഓർമ്മിപ്പിക്കുന്ന ശൈലിയിൽ സിതാര ഈ പാട്ടിൽ വരികളിൽ നിന്നും വരികളിലേക്കൊഴുകുന്നുണ്ട്. ടോൺ ഷിഫ്റ്റ് അനായാസം രണ്ടറ്റങ്ങളേയും തൊടുന്നു. ഊർജം അനന്തമായി പ്രസരിക്കുന്നു.
ഇതിനിടയ്ക്കെപ്പോഴോ ആണെന്നു തോന്നുന്നു സിതാര ലേഖകന്റെ പാട്ടോർമ്മകളിൽ നിന്ന് ഇനിയൊരിക്കലും പിഴുതെറിഞ്ഞു മാറ്റാനാവാത്ത വിധം ഒരു പാട്ടാൽ എന്നെ എന്നെന്നേക്കുമായി ഒരു വെർബൽ ലൂപ്പിലകപ്പെടുത്തുന്നത്. ‘നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറ കെട്ടാൻ’ എന്ന് രാഘവൻ മാഷിന്റെയീണത്തിന് സിതാര റിപ്രൈസലൊരുക്കുമ്പോൾ നെഞ്ഞിൽ മഞ്ഞുപെയ്യുന്ന ഒരു പാട്ടിൽ അലിയാൻ തുടങ്ങുകയായിരുന്നു ഞാൻ. പ്രണയമാണു വരികളിൽ നിറയെ, എന്നാലോ ശബ്ദത്തിലും അതൊളിഞ്ഞിരിക്കുന്നു. ശ്രോതാവ് പ്രതീക്ഷിക്കുന്ന താരള്യമല്ല ആലാപനത്തിലുള്ളത്.പക്ഷേ നമുക്കാ പ്രണയത്തുടിപ്പറിയാനും കഴിയുന്നുണ്ട്. വല്ലാത്തൊരു അവസ്ഥയാണത്.
രുദ്രസിഹംസനമെന്ന സിനിമയിലെ ‘കാതിൽ പറയുമോ’ അവരുടെ ശബ്ദത്തിലെ സെഡക്റ്റീവ് പോയന്റുകളെ എൻകാഷ് ചെയ്യാൻ ശ്രമിക്കുന്ന പാട്ടാണ്. വളരെ അണ്ടർറേറ്റഡാണാ പാട്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യത്തിലെ ‘തിരുവാവണിരാവ്’ കോൺട്രാസ്റ്റിംഗായ രണ്ടാലാപാനശൈലികളുടെ സുന്ദരമായ ഒരു ഫ്യൂഷൻ അനുഭവമാണ്. ഏറ്റവും റിഫൈൻഡായ ഉണ്ണിമേനോൻ ശൈലിയും, റോ റെൻഡറിംഗിന്റെ ഉദാത്തമായ സിതാരാശൈലിയും രസകരമായി ബ്ലെൻഡഡാകുന്നുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ ‘കണ്ണിലെ പൊയ്കയില്’ ആഘോഷിക്കപ്പെട്ടപ്പോൾ മനോഹരമായ മറ്റൊരു ബിജിബാൽ കോമ്പോസിഷൻ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ‘ആയില്യം കാവും മലയും’ ഹാ,എന്തു സുന്ദരമായ അനുഭവമാണെന്നോ…!
ഫോക്ലോറിന്റെ ക്ലാസിക്കൽ എക്സ്പ്രഷനുകളിലൊന്നാണ് ഈ ഗാനം.
‘ഉദാഹരണം സുജാത’യിലും, സ്ഥിരം വഴികളിൽ നിന്ന് മാറി നടക്കുന്ന സിതാരപ്പാട്ടുകൾ കേൾക്കാം. ‘പെണ്ണാളേ പെണ്ണാളേ’യും, ‘നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടി’യും ഗ്രാമ്യതയെപ്പുൽകുന്ന ആലാപനശൈലിയാണ്.
ഈടയിലെ ‘മാരിവിൽ മായണ്’ എന്ന പാട്ട് വ്യക്തിപരമായി എന്റെ രണ്ടാമത്തെ ഫേവറിറ്റ് സിത്താര ഗാനമാണ്. കണ്ണടച്ചൊന്ന് കേട്ടാൽ നോവിന്റെ ഏതൊക്കെയോ പേരറിയാഭൂമികകളിലേക്ക് ആ പാട്ടെന്നെ കൊണ്ടുപോകും. കാശിത്തുമ്പയും,കൊടിത്തൂവയും ചേർന്നുവളരുന്ന നാട്ടിടവഴിയുടെ ബ്ലാക്ക്&വൈറ്റ് ദൃശ്യങ്ങളിൽ അലിഞ്ഞില്ലാതാകും ശ്രോതാവ്.
‘കുമ്പളങ്ങി നൈറ്റ്സി’ലെ ‘ചെരാതുക’ളിലെത്തുമ്പോൾ സിതാരയുടെ ശബ്ദം വേറേതോ ലീഗിലാണ്.
അതുവരെയും കേട്ടു പരിചയിച്ചിട്ടുള്ളതിനെയൊക്കെ അൺലേൺ ചെയ്തു കേൾക്കേണ്ട എന്തൊക്കെയോ ആ പാട്ടിലുണ്ടെന്ന് തോന്നും. ‘ഉയരെ’യിലെ ‘നീ മുകിലോ’യിൽ എത്തുമ്പോൾ അവരുടെ ശബ്ദം പ്രണയം തന്നെയാണ്. ഞരമ്പിലിറ്റിറ്റു വീഴുന്ന പ്രണയത്തുള്ളികൾ. രണ്ടുമൂന്നിടത്ത് അവരെന്നെ ഈപാട്ടിൽ ദിക്കറിയാതെ കുരുക്കിയിടാറുണ്ട്.
ഒന്നു രണ്ടു ചലച്ചിത്രേതരഗാനങ്ങളെക്കുറിച്ചു കൂടി പരാമർശിക്കാതെ ഈ കുറിപ്പവസാനിപ്പിക്കാൻ വയ്യ. ഒന്നാമത്തേത് ഏറെയാഘോഷിക്കപ്പെട്ട ചായപ്പാട്ടാണ്. എന്തു രസമാണാ പാട്ട്…?ഒരു ജാർഗണും പ്രയോഗിക്കാതെ ചന്തമുള്ള ഒരു പാട്ടെന്നുതന്നെ അതിനെ വിശേഷിപ്പിക്കണം. പാട്ടിനിടയിൽ അവരൊരു ‘ഏ’ യെ കൊണ്ടുപോകുന്ന പോക്കുണ്ട്. ഹൃദയത്തിലെ ഓരോ അണുവിനെയും അതങ്ങനെ ചുംബനം കൊണ്ടു നിറയ്ക്കും.
അതു കഴിഞ്ഞ് ചായ മോന്തിത്തീർക്കണം എന്ന വരി കഴിഞ്ഞൊരു ചിരിയുണ്ട്. ഹാ!ഉന്മാദദായിനിയാണാ ചിരി, ഒരു ചൂടു ചായ കുടിച്ച സുഖം നൽകുന്നതും. മറ്റൊരു പാട്ട് ‘മാനത്തെ അമ്പിളി’യാണ്. സിതാരയുടെ ശബ്ദത്തിലെ താരാട്ടുഭാവങ്ങൾ ഇവിടെ കാണാം. അവരുടെ ഏറ്റവും റിഫൈൻഡായ റെൻഡറിംഗ് അറ്റംപ്റ്റും മറ്റൊന്നായിരിക്കാൻ വഴിയില്ല. എന്തുകൊണ്ടോ ഈ ഗാനവും വല്ലാതെ ഉയിരിൽ പടർന്നേറുന്ന ഒന്നാണ്.
സിതാരയുടെ ശബ്ദം സ്വാഭാവികമായൊരൊഴുക്കാണ്. കല്ലിലും, പാറയിലും തട്ടി ചിതറുന്ന സ്വരസ്ഥായിയാണ് അതെന്ന് തോന്നാറുണ്ട്. പാടിയ പാട്ടുകളിലേറിയ കൂറിലും സ്വന്തം സ്വരമുദ്ര പതിപ്പിക്കാൻ കഴിയുക എന്നത് ചില്ലറക്കാര്യമല്ല. ‘സദാപാലയാ’യിൽ നിന്നും ‘മോഹമുന്തിരി’യിലേക്കും,’സാമീ’യിലേക്കുമുള്ള അവരുടെ ശബ്ദത്തിന്റെ വിഭ്രമിപ്പിക്കുന്ന ദോലനങ്ങൾ അമ്പരപ്പിക്കുന്നതാണ്.