കോഴികളുടെ ആരോഗ്യം, ഉൽപ്പാദനക്ഷമത രോഗപ്രതിരോധശേഷി എന്നിവയിൽ അന്തരീക്ഷതാപനില നിർണായക പങ്കുവഹിക്കുന്നു. അതുകൊണ്ട് അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും ഇവയിൽ ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ശാരീരിക താപനില 40 ഡിഗ്രി സെൽഷ്യസ് ആയി നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
കോഴിക്കൂടിനുള്ളിൽ ഏറ്റവും യുക്തമായ അന്തരീക്ഷതാപനില 21 ഡിഗ്രി സെൽഷ്യസ് മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയാണ്. കോഴിക്കൂടിനുള്ളിൽ 24 ഡിഗ്രി സെൽഷ്യസ് ഉയർന്നാൽ മുട്ട ഉത്പാദനത്തിൽ കുറവുണ്ടാവുകയും ഇവയുടെ ആരോഗ്യം കുറയുകയും ചെയ്യുന്നു.
അന്തരീക്ഷ ഊഷ്മാവ് 24 ഡിഗ്രി സെൽഷ്യസ് കൂടുമ്പോൾ കോഴികൾ അസ്വസ്ഥരാക്കുന്നു. കൂടാതെ തമ്മിൽ അകന്നു പോകുന്നതായും കാണാം.ഇത് കൂടാതെ മാംസ്യം, ഊർജം എന്നീ പോഷകഘടകങ്ങൾ കാൽസ്യം, പൊട്ടാസ്യം മുതലായ ധാതുലവണങ്ങൾ ജീവകങ്ങൾ ആയ എ ബി 2, സി, ഡി തുടങ്ങിയവ ശരീരത്തിൽ കുറയുകയും ചെയ്യുന്നു. അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസിൽ കൂടുമ്പോൾ കഴിക്കുന്ന തീറ്റ അളവിൽ കുറവുണ്ടാകുന്നു.
കോഴികൾ മരണപ്പെടാനും സാധ്യതയുണ്ട്. കോഴിവസന്ത, രക്താതിസാരം, മറ്റു കരൾ സംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടാകുന്നത് അന്തരീക്ഷ താപനിലയിലെ മാറ്റമാണ്.
അന്തരീക്ഷതാപനില ഉയരുന്ന സാഹചര്യത്തിൽ കോഴിക്കൂട് നിർമിക്കുമ്പോൾ ആറിഞ്ച് കനത്തിൽ ഓലമേഞ്ഞ മേൽക്കൂരയാണ് മികച്ചത്. അലുമിനിയം, ഷീറ്റ് എന്നിവ ഉപയോഗിച്ച് മേൽക്കൂര ഒരുക്കുമ്പോൾ മുകളിൽ ഓല മേയുന്നത് അത്യന്താപേക്ഷിതമാണ്. കൂരകളുടെ മേൽഭാഗത്ത് വെള്ളനിറത്തിലുള്ള പെയിൻറ് ആണ് അടിക്കേണ്ടത്. കൂടാതെ കോഴിക്കൂടുകൾ കിഴക്ക് പടിഞ്ഞാറ് ദിശയിൽ നിർമ്മിക്കുകയും വേണം. പൊക്കം കൂടുന്നതിനനുസരിച്ച് കൂടിനുള്ളിൽ വായുസഞ്ചാരം നല്ല രീതിയിൽ ലഭ്യമാക്കുന്നതിനാൽ നാലു മീറ്റർ പൊക്കത്തിൽ വേണം മേൽക്കൂര തറയിൽ നിന്ന് ഉറപ്പിക്കേണ്ടത്. പാർശ്വഭിത്തി യിൽ വെള്ളം തളിച്ച് ചാക്കിട്ട് കൂടിനുള്ളിൽ തണുത്ത അന്തരീക്ഷം സൃഷ്ടിക്കുന്നത് നല്ലതാണ്. മേൽക്കൂരയ്ക്കും പാർശ്വഭിത്തി കൾക്കും ഇടയ്ക്കുള്ള ഭാഗം 18 ഗേജ് 12 മില്ലി മീറ്റർ വലിപ്പത്തിലുള്ള കമ്പി വല ഉപയോഗിച്ച് മറക്കുന്നതാണ് ഉത്തമം. പ്രസ്തുത കമ്പിവല ആഴ്ചയിൽ മൂന്നുപ്രാവശ്യം വൃത്തിയാക്കണം. 100 ഇറച്ചി കോഴികൾക്ക് 110 ചതുരശ്രഅടി എന്ന രീതിയിൽ കൂടിന്റെ വിസ്തീർണ്ണം കൂട്ടേണ്ടത് ആണ്. കൂടിന്റെ മോന്തായത്തിലൂടെ ഉഷ്ണ വായു കടന്നുപോകാനുള്ള സംവിധാനം ഉറപ്പുവരുത്തണം. സ്പ്രിംഗ്ലർ സംവിധാനം ഉപയോഗിച്ച് മേൽക്കൂര നനക്കാവുന്നതാണ്. കൂടിനുള്ളിൽ ഉപയോഗിക്കുന്ന വിരിയുടെ കനം 6 സെൻറീമീറ്ററിൽ കൂടുതൽ പാടില്ല. ജലസംഭരണിയിൽ നിന്ന് കൂട്ടിലേക്ക് വരുന്ന പൈപ്പ് ലൈനുകൾ ചാക്ക് ഉപയോഗിച്ച് മുടിയിരിക്കണം. പകൽ സമയങ്ങളിൽ കൂടിനുള്ളിൽ ഇടയ്ക്കിടെ പ്രവേശിക്കാൻ പാടുള്ളതല്ല.
ഊർജ്ജം കുറഞ്ഞ തീറ്റ, അമ്ളങ്ങൾ, സോഡിയം ബൈകാർബണേറ്റ് എന്നിവ ചേർത്ത് തീറ്റ നൽകാവുന്നതാണ്. കോഴികള്ക്ക് രാവിലെ എട്ടുമണിക്ക് മുൻപേയും വൈകുന്നേരം 5 മണിക്ക് ശേഷവും തീറ്റ നൽകുക. കോഴികൾക്ക് നൽകുന്ന പ്രതിദിന വെള്ളത്തിൻറെ തോതിൽ രണ്ടിരട്ടി വർദ്ധനവും ഉണ്ടായിരിക്കണം. ഊഷ്മാവിനെ ആഘാതം കുറയ്ക്കുവാനായി അസ്പ്രിൻ വെള്ളത്തിൽ ചേർത്ത് നൽകാവുന്നതാണ്.