ഷാര്‍ജ: മലയാളികള്‍ക്കെതിരെ വീണ്ടും ആക്ഷേപവുമായി എഴുത്തുകാരന് ബി ജയമോഹന്. ലയാളി എഴുത്തുകാര്‍ തമിഴ്നാട്ടിലെ കാടുകളില്‍ മദ്യപിച്ച് ബിയര്‍ കുപ്പികള്‍ വലിച്ചെറിയുന്നവരാണ് എന്ന് ജയമോഹന് പറഞ്ഞു. സ്വത്വത്തെ വിമര്‍ശിച്ചാല്‍ പ്രകോപിതരാകുന്നവര്‍ നിലവാരമില്ലാത്തവരാണെന്നും താന്‍ തമിഴന്മാരെയും വിമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലായിരുന്നു പരാമര്‍ശം. ‘മഞ്ഞുമ്മല്‍ ബോയ്സ്’ തമിഴ്നാട്ടില്‍ സൂപ്പര്‍ഹിറ്റായതിനു പിന്നാലെ മലയാളി യുവാക്കളെ പെറുക്കി എന്ന് വിളിച്ചതിലായിരുന്നു പ്രതികരണം. തമിഴ്നാട്ടില്‍ ഏത് കാട്ടിലും മദ്യം നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി കാട്ടില്‍ ഇതൊക്കെ ചെയ്യുന്നവരെ പ്രകീര്‍ത്തിച്ച് നായകന്മാരാക്കി ഒരു സിനിമ പിടിക്കുക. നോര്‍മലൈസ് ചെയ്യുക. ശക്തമായി പ്രതിഷേധിക്കുക തന്നെയാണ് ചെയ്യുന്നത്. മലയാളം എഴുത്തുകാരും ഇതുതന്നെ ചെയ്യുന്നവരാണ്.- ജയമോഹന് പറഞ്ഞു.
പെറുക്കി എന്ന വാക്കിന് താന്‍ കൊടുത്ത അര്‍ത്ഥം ഒരു സിസ്റ്റത്തില്‍ നില്‍ക്കാത്ത ആള് എന്നാണ്. നിയമത്തിന്റെ ഉള്ളില്‍ നില്‍ക്കാത്ത ആള് എന്നാണ് ഉദ്ദേശിച്ചത്. കാട്ടിലേക്ക് ബോട്ടില്‍ വലിച്ചെറിയുന്ന വിഷയത്തെ കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ കൂടുതല്‍ മലയാളികള്‍ ബോട്ടില്‍ എറിയുന്നത് പ്രശ്നമാണെന്ന് മനസ്സിലാക്കിയല്ലോ, സന്തോഷം. എഴുത്തുകാരന് എന്ന നിലയില്‍ തനിക്ക് ആരുടേയും അംഗീകാരം വേണ്ട. ആര് എന്ത് പറഞ്ഞാലും യാതൊരു പ്രശ്നവുമില്ലെന്നും ജയമോഹന് പറഞ്ഞു.