SportsTRENDING

കേരളത്തിലേക്ക്  തിരിച്ചുവരിക തന്നെ ചെയ്യുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ച്‌

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയിട്ട് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇതുവരെ അദ്ദേഹം പ്രതികരിക്കാത്തതിൽ ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു. ഇപ്പോഴിതാ വുക്മനോവിച്ച് തന്റെ വിടവാങ്ങൽ സന്ദേശം ആരാധകർക്കായി നൽകി കഴിഞ്ഞു.ഇൻസ്റ്റഗ്രാമിലൂടെയാണ് ആശാന്റെ മെസ്സേജ് വന്നിട്ടുള്ളത്.കേരള,ഐ ലവ് യു എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.
‘പ്രിയപ്പെട്ട കേരളത്തിന്.. ഈ വാക്കുകൾ വികാരഭരിതനായി കൊണ്ട് കണ്ണീരോടുകൂടി കുറിക്കാനല്ലാതെ എനിക്ക് കഴിയുന്നില്ല. മുന്നോട്ടുപോവാൻ നമുക്ക് ചില തീരുമാനങ്ങൾ എടുത്തേ മതിയാകൂ. ഞാനും ക്ലബ്ബും ചേർന്നുകൊണ്ടാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്.ഞാൻ ആദ്യമായി കേരളത്തിൽ എത്തിയ സമയത്ത് തന്നെ എനിക്ക് പിന്തുണയും, ബഹുമാനവും നന്ദിയും സ്നേഹവും ഒക്കെ ലഭിച്ചിരുന്നു. കേരളത്തിനോടും ഇവിടുത്തെ ആളുകളോടും എനിക്ക് പെട്ടെന്ന് ഒരു ബന്ധം ഉണ്ടായി.എന്റെ വീട് പോലെയാണ് എനിക്ക് തോന്നിയത്. എന്റെ കുടുംബത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ ഒരു ബുദ്ധിമുട്ടും എനിക്കുണ്ടായിരുന്നില്ല.അതിന് കാരണം നിങ്ങളാണ്.നിങ്ങൾ എന്റെ കുടുംബമായി മാറി.
ട്രെയിനിങ് സെഷൻ,മത്സരങ്ങൾ,യാത്രകൾ, മീറ്റിങ്ങുകൾ,പരാജയങ്ങൾ,വിജയങ്ങൾ,നിരാശകൾ, സന്തോഷവും കണ്ണീരുംഎല്ലാം സംഭവിച്ചു.ലോകത്തുള്ള എല്ലാ ബ്ലാസ്റ്റേഴ്സ് ആരാധകർക്കും നമ്മൾ ഒരു വലിയ ചിരി സമ്മാനിച്ചു.നമ്മൾ ഒരു ഗ്രൂപ്പിനെ നിർമ്മിച്ചു, ടീമിനെ നിർമ്മിച്ചു, ഐഡന്റിറ്റി ഉണ്ടാക്കിയെടുത്തു, പ്രതീക്ഷകൾ ഉണ്ടാക്കി,നമ്മുടെതായ ഒരു കോട്ട തന്നെ പണിതു, നമ്മുടെ കണ്ണിൽ കനലും എതിരാളികളുടെ ഹൃദയത്തിൽ ഭയവും ഉള്ള ഒരു കോട്ട തന്നെയാണ് നമ്മൾ പണിതത്.ഇതെല്ലാം ഈ യാത്രയുടെ ഭാഗമായിരുന്നു. സുവർണ്ണ ലിപികളാൽ ഇതെല്ലാം കുറിക്കപ്പെട്ടു കഴിഞ്ഞു.

ഇനി താരങ്ങളോട് പറയാനുള്ളത്.നിങ്ങളുടെ ആത്മാർത്ഥതക്കും കഠിനാധ്വാനത്തിനും ഒരുപാട് നന്ദി.നമ്മുടെ ലോഗോക്ക് വേണ്ടി നമ്മൾ പോരാടി. ഒരു സൗഹൃദ വലയം തന്നെ നമ്മൾ ഉണ്ടാക്കിയെടുത്തു.ഒരുപാട് ഓർമ്മകൾ നമ്മൾ ഉണ്ടാക്കിയെടുത്തു.നിങ്ങളുടെ എല്ലാവരുടെയും സന്ദേശങ്ങൾക്ക് ഞാൻ നന്ദി പറയുന്നു.സ്റ്റാഫ് മെമ്പേഴ്സിനോടും,മാനേജ്മെന്റിനോടും,ഇവിടുത്തെ പത്രമാധ്യമങ്ങളോടും ഞാൻ നന്ദി പറയുന്നു.

Signature-ad

ഇനി ആരാധകരോട് എനിക്ക് പറയാനുള്ളത്.നിങ്ങൾ ഈ ലോകത്തെ പ്രകമ്പനം കൊള്ളിച്ചു. നിങ്ങൾക്ക് സമാനമായ മറ്റൊന്ന് ഇവിടെയില്ല.നിങ്ങളുടെ ശബ്ദവും പവറും ഡെഡിക്കേഷനും സ്നേഹവും അസാമാന്യമാണ്.ഓരോ തവണ കളിക്കളത്തിൽ പ്രവേശിക്കുമ്പോഴും എനിക്ക് രോമാഞ്ചം ഉണ്ടായിരുന്നു.നിങ്ങളുടെ സപ്പോർട്ട് കൊണ്ട് മാത്രം വിജയിച്ച മത്സരങ്ങൾ ഉണ്ട്.അതിന് നന്ദി പറയുന്നു. സസ്പെൻഷന് ശേഷമുള്ള ആ മത്സരം,അതിലെ വികാരഭരിതമായ നിമിഷങ്ങൾക്ക് ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.അത് എക്കാലത്തും എന്നോടൊപ്പം ഉണ്ടാകും.അതൊന്നും ഞാൻ ഒരിക്കലും മറക്കില്ല.

 

കേരളത്തിലെ എല്ലാ ജില്ലകളിലും ഉള്ളവരോടും ഞാൻ നന്ദി പറയുന്നു.ഹൃദയത്തിൽ നിന്നാണ് ഞാൻ നന്ദി പറയുന്നത്. ഞാൻ ഗുഡ് ബൈ പറയുന്നില്ല. കാരണം നമ്മൾ വീണ്ടും കണ്ടുമുട്ടും. ഞാൻ തിരിച്ചുവരിക തന്നെ ചെയ്യും. എല്ലാത്തിനും നന്ദി കേരളം ‘

Back to top button
error: