നിയമത്തിനെതിരെ കേരളത്തിലുൾപ്പടെ പ്രതിഷേധങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം.
പ്രീണന രാഷ്ട്രീയമാണ് തമിഴ്‌നാടും കേരളവും പശ്ചിമബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകള്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ സി എ എ നടപ്പിലാക്കാൻ എല്ലാവരും ഒരുമിക്കുമെന്നും അമിത് ഷാ പറഞ്ഞു.
അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രൈസ്തവ, പാഴ്സി അഭയാർഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമം മാത്രമാണ് സിഎഎയെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തിന് വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടാണ് സിഎഎയിലൂടെ ബിജെപി പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ അനുച്ഛേദം 370ന്റെ റദ്ദാക്കലിലും പ്രതിപക്ഷം സമാനമായ വാദങ്ങള്‍ ഉയർത്തിയിരുന്നു. എന്നാല്‍ 1950 മുതല്‍ തങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യമായിരുന്നു അതെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം പൗരത്വ ഭേദഗതി നിയമം സംഘപരിവാറിന്‍റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇന്ത്യയില്‍ മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള നീക്കമാണ് സിഎഎ.ഇതൊരിക്കലും കേരളത്തിൽ നടപ്പാക്കില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
‘മുസ്‌ലീം പൗരന്മാരെ രണ്ടാംതരം പൗരന്മാരായി കണുന്നതാണ് സിഎഎ. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല. ഇത് ജനവിരുദ്ധമാണ്.മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ സങ്കല്‍പ്പം ഭരണഘടനയുടെ പരിഗണനയിലുള്ളതല്ല. ഭരണഘടനയുടെ 14, 21, 25 ഈ വകുപ്പുകളുടെയും ഭരണഘടനയുടെ അടിസ്ഥാന തത്ത്വമായ മതേതരത്വത്തിന്‍റെയും ലംഘനമാണ് ഈ നിയമം. ഭരണഘടനയുടെ ആർട്ടിക്കിള്‍ 14 പ്രകാരം ഇന്ത്യൻ ഭൂപ്രദേശത്ത് എല്ലാവർക്കും നിയമത്തിനു മുന്നില്‍ സമത്വം, തുല്യമായ നിയമസംരക്ഷണം എന്നിവ ഉറപ്പ് നല്‍കുന്നുണ്ടെന്നും’- അദ്ദേഹം വ്യക്തമാക്കി.
നിയമം തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ബിജെപിയുടെ ഹീനമായ നടപടിയാണെന്ന് വിമർശിച്ച മുഖ്യമന്ത്രി സിഎഎയ്‌ക്കെതിരെ നിയമപരമായ തുടര്‍ നടപടിക്ക് കേരളം തയാറാണെന്നും പറഞ്ഞു.
2019ലാണ് സി എ എ ബില്‍ പാസാക്കുന്നത്. എന്നാല്‍ നാലുവർഷത്തിനുശേഷം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേ മാർച്ച് പതിനൊന്നിനാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കുന്നത്.