ന്യൂഡല്‍ഹി: സിബിഎസ്ഇ അടുത്ത അധ്യയനവര്‍ഷം 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ‘ഓപ്പണ്‍ ബുക്ക് എക്‌സാം’ (ഒബിഇ) നടത്തുന്നു. നവംബര്‍ഡിസംബര്‍ മാസങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. എന്നാല്‍, 10,12 ബോര്‍ഡ് പരീക്ഷകളില്‍ ഇതു നടപ്പാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
9, 10 ക്ലാസുകളില്‍ ഇംഗ്ലീഷ്, സയന്‍സ്, കണക്ക് എന്നീ വിഷയങ്ങളിലും 11, 12 ക്ലാസുകളില്‍ ഇംഗ്ലീഷ്, ബയോളജി, കണക്ക് എന്നീ വിഷയങ്ങളിലും ഇത്തരത്തില്‍ പരീക്ഷ നടത്താനുള്ള മാനദണ്ഡങ്ങള്‍ ജൂണില്‍ തയാറാക്കും.
ഓപ്പണ്‍ ബുക്ക് പരീക്ഷയുടെ സാധ്യതകള്‍ പരിഗണിക്കണമെന്നു പുതിയ ദേശീയ കരിക്കുലം ഫ്രെയിംവര്‍ക്കില്‍ നിര്‍ദേശമുണ്ട്. തുടര്‍ന്ന് സിബിഎസ്ഇ കരിക്കുലം കമ്മിറ്റിയുടെ ശുപാര്‍ശയ്ക്കു ഡിസംബറില്‍ ചേര്‍ന്ന ഗവേണിങ് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്ന സമയം, മൂല്യനിര്‍ണയത്തിന്റെ സാധ്യതകള്‍, സ്‌കൂളുകളുടെ വിലയിരുത്തല്‍ എന്നിവയെല്ലാം അറിയാനാണ് പരീക്ഷണാടിസ്ഥാനത്തില്‍ പരീക്ഷ നടത്തുന്നത്.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഡല്‍ഹി സര്‍വകലാശാലയുടെ സഹായം തേടും. കോവിഡിനെത്തുടര്‍ന്ന് 2020’22 ല്‍ സര്‍വകലാശാല ഇത്തരത്തില്‍ പരീക്ഷ നടത്തിയിരുന്നു. പിന്നീട് പഴയ രീതിയിലേക്കു മടങ്ങുകയും ചെയ്തു. 202526 അധ്യയന വര്‍ഷം മുതല്‍ 10,12 ബോര്‍ഡ് പരീക്ഷകള്‍ 2 തവണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ആദ്യ പരീക്ഷ നവംബര്‍ഡിസംബര്‍ മാസങ്ങളിലും രണ്ടാം പരീക്ഷ ഫെബ്രുവരിമാര്‍ച്ച് മാസങ്ങളിലും നടത്തുമെന്നാണു വിവരം. 2 തവണയും എഴുതുന്നവരുടെ മെച്ചപ്പെട്ട സ്‌കോറാകും തിരഞ്ഞെടുക്കുക. ഏതെങ്കിലും ഒരുതവണ എഴുതിയാലും മതിയാകും.
ഓപ്പണ്‍ ബുക്ക് പരീക്ഷയെന്നാല്‍ പുസ്തകം നോക്കി ഉത്തരം പകര്‍ത്തുകയല്ല. അത്തരത്തില്‍ നേരിട്ടുള്ള ചോദ്യങ്ങളായിരിക്കില്ല ചോദിക്കുക. പാഠപുസ്തകങ്ങള്‍, നോട്ടുകള്‍, മറ്റു സ്റ്റഡി മെറ്റീരിയലുകള്‍ എന്നിവ റഫര്‍ ചെയ്യാനായി പരീക്ഷാ ഹാളില്‍ അനുവദിക്കും. ഇതിലെ വിവരങ്ങള്‍ വച്ചു വിശകലനം ചെയ്ത് ഉത്തരം സ്വയം കണ്ടെത്തേണ്ടിവരും. പഠിച്ച കാര്യങ്ങള്‍ എത്രത്തോളം മനസ്സിലായെന്നു പരിശോധിക്കുന്ന രീതിയാണിത്. ഇത്തരം പരീക്ഷകളില്‍ കാണാപ്പാഠം കൊണ്ടു കാര്യമില്ല. ഒരേ ചോദ്യത്തിന് ഓരോ വിദ്യാര്‍ഥിക്കും വ്യത്യസ്തമായ രീതിയില്‍ ഉത്തരം അവതരിപ്പിക്കാം.