മുംബൈ: ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുകയും സ്‌കൂളിലെത്തി പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്തിരുന്ന മകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സോലാപുരില്‍ ജനുവരി 13ന് നടന്ന സംഭവത്തില്‍ വിജയ് ഭാട്ടു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 13ന് ഒരു കുട്ടിയെ കാണാനില്ലെന്നു കാട്ടി സോലാപുരിലെ പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി ലഭിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പരാതിക്കാരെ അറിയിച്ചു. മൃതദേഹം കാണാതായ തങ്ങളുടെ മകന്‍ വിശാലിന്റേതാണെന്ന് വീട്ടുകാര്‍ തിരിച്ചറിയുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു. വിഷം ഉള്ളില്‍ചെന്നാണു കുട്ടി മരിച്ചതെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് വിശാലിന്റെ വീട്ടുകാരെ ചോദ്യം ചെയ്തു. ചോദ്യംചെയ്യലിനിടെ കുട്ടിയുടെ പിതാവായ വിജയ് പൊട്ടിക്കരയുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.
വിശാല്‍ പഠനത്തില്‍ വളരെ പിന്നോട്ടായിരുന്നു. മാത്രമല്ല ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുകയും സ്‌കൂളിലെത്തി പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്തിരുന്നു. തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകാന്‍ മാതാപിതാക്കള്‍ വിശാലിനോടു നിരന്തരം ആവശ്യപ്പെട്ടെങ്കിലും അവന്‍ അതിനൊന്നും ചെവികൊടുത്തില്ല. പിന്നീട് സ്‌കൂളില്‍നിന്നുള്ള പരാതികളുടെ എണ്ണം ഉയരാന്‍ തുടങ്ങി. മകന്റെ പെരുമാറ്റത്തിലും പ്രവര്‍ത്തികളിലും സഹികെട്ട വിജയ് ജനുവരി 13ന് മകനെ തന്റെ ഇരുചക്രവാഹനത്തില്‍ തുല്‍ജാപുര്‍ റോഡിലേക്ക് കൂട്ടിക്കൊണ്ടു പോയി.
അവിടെ ഒരു കടയില്‍നിന്ന് ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന് പൊലീസ് പറഞ്ഞു. വിഷം ഉള്ളില്‍ചെന്നയുടനെ വിശാല്‍ കുഴഞ്ഞുവീണു, വിജയ് തിരികെ വീട്ടിലേക്കും പോയി. തുടര്‍ന്ന് അന്ന് വൈകിട്ടു തന്നെ വിജയ്യും ഭാര്യയും കൂടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.