കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ പോക്കറ്റടി, ലഹരിക്കടത്ത്, ലൈംഗിക പീഡനം തടുങ്ങിയ കുറ്റകൃത്യങ്ങള്‍ വർധിക്കുമ്ബോഴാണ് കൊച്ചി മെട്രൊ ഇക്കാര്യത്തില്‍ മാതൃകയാകുന്നത്.
2019 ല്‍ കൊച്ചി മെട്രൊ ഉദ്‌ഘാടനം ചെയ്യപ്പെട്ടതിനു ശേഷം മെട്രൊയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മാത്രം കൊച്ചി മെട്രൊ പൊലീസ് സ്റ്റേഷൻ രൂപീകരിച്ചിരുന്നു. എന്നാല്‍ അഞ്ച് വർഷത്തിനിടെ 49 കേസുകള്‍ മാത്രമാണ് മെട്രൊ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സംസ്ഥാന ക്രൈം റോക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 49 കേസുകള്‍ മാത്രമാണ് മെട്രൊ യാത്രക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2022 ല്‍ എട്ടു കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞ വർഷം അത് ആറായി കുറഞ്ഞു.
2020, 21 വർഷങ്ങളിലും വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമാണ് രജിസ്റ്റർ ചെയ്തത്. കൊച്ചി മെട്രൊ ഉദ്‌ഘാടനം ചെയ്ത 2019 ലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്, 23 കേസുകള്‍. പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍, മോഷണം, നിയവിരുദ്ധ ഫോട്ടോഗ്രാഫി, പൊതു സ്ഥലത്ത് ശല്യമുണ്ടാക്കല്‍ തുടങ്ങിയ കേസുകളാണ് കൊച്ചി മെട്രൊ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2021 ല്‍ ഒരു പോക്‌സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ശല്യം ചെയ്ത മധ്യവയസ്കനെതിരെയാണിത്. ഉപഭോക്താവിന് ലഹരി കൈമാറാൻ മെട്രൊ സ്റ്റേഷന് സമീപം കാത്തു നിന്ന ആള്‍ക്കെതിരെ എൻ ഡി പി എസ് നിയമം അനുസരിച്ചുള്ള ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതൊഴികെ മറ്റെല്ലാം നിസാര കേസുകളാണ്. അന്യ സംസ്ഥാനക്കാരാണ് ഒട്ടുമിക്ക കേസിലും ഉള്‍പ്പെട്ടിട്ടുള്ളത്.
കാര്യമായ കുറ്റകൃത്യങ്ങള്‍ ഇല്ലാതായതോടെ മെട്രൊ സ്റ്റേഷൻ എസ് എച്ച് ഒ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ സമീപമുള്ള സ്റ്റേഷനുകളിലെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനും വിനിയോഗിക്കാറുണ്ട്.
ഒരു ചീഫ് ഇൻസ്പെക്റ്റർ, ഒരു വനിത ഉള്‍പ്പെടെ മൂന്ന് സബ് ഇൻസ്പെക്റ്റർമാർ, മൂന്ന് എ എസ് ഐമാർ, 16 പൊലീസുകാർ എന്നിവരുള്‍പ്പെടെ 23 ഓഫീസർമാരാണ് കൊച്ചി മെട്രൊ സ്റ്റേഷനിലുള്ളത്. മെട്രൊ സ്റ്റേഷനുകളിലെ സുശക്തമായ സിസിടിവി നിരീക്ഷണ സംവിധാനമാണ് കുറ്റകൃത്യങ്ങള്‍ കുറയാൻ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.