ഓണാട്ടുകര
ഓണത്തിന്റെ ചരിത്രം അറിഞ്ഞിട്ടുള്ളവര്‍ അവരുടെ യാത്രയില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഓണാട്ടുകര. ഓണത്തിന്റെ കാഴ്ചകളേക്കാള്‍ അധികം കൗതുകമുണര്‍ത്തുന്ന, രസകരമായ വിവരങ്ങളും അതിന്റെ ചരിത്രവും ഒക്കെയാണ് ഇവിടെ കാണാനുള്ളത്. മഹാബലിയെ ഊട്ടിയ നാട് എന്നാണ് ഓണാട്ടുകര അറിയപ്പെടുന്നത്. ക്ഷേത്രങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.
ഓണത്തെ പേരിനോടൊത്തു നിര്‍ത്തുന്ന ഓണാട്ടുകരയെക്കുറിച്ച് പറയാതെ ഒരു ഓണക്കാലവും കടന്നുപോകില്ല. ഓണത്തിന്റെ ഐതിഹ്യങ്ങളിലെല്ലാം നിറഞ്ഞു നില്ക്കുന്ന കഥകളില്‍ ഓണാട്ടുകരയുമുണ്ട്. ഓണത്തിന്റെ നാടെന്ന് പഴമക്കാര്‍ വിളിക്കുന്ന, ആ പേരില്‍ ഇന്നും അഭിമാനം കൊള്ളുന്ന ഓണാട്ടുകര ഇന്ന് ആലപ്പുഴ ജില്ലയുടെ ഭാഗമാണ്.നേരത്തെ കായംകുളം രാജവംശത്തിന്റെ കീഴിലായിരുന്നു ഈ സ്ഥലം. ഇന്നത്തെ ചെങ്ങന്നൂർ, മാവേലിക്
ഓടനാട് എന്ന ഓണാട്ടുകരയുടെ ഓണപാരമ്പര്യങ്ങളെല്ലാം ഇവിടുത്ത ഓണത്തിന്റെ ഐതിഹ്യങ്ങളുമായി ചേര്‍ന്നു നില്ക്കുന്നവയാണ്. മഹാബലിയെ ഊട്ടിയ നാട് എന്ന് ഓണാട്ടുകരെ പലയിടങ്ങളിലും വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്.
മഹാബലിയുടെ ഭരണത്തിന്റെ ഐശ്വര്യം ദേവലോകത്തു പോലും കീര്‍ത്തി കേള്‍പ്പിച്ചപ്പോള്‍ അസൂയാലുക്കളായ ദേവന്മാര് മഹാബലിയെ ഒഴിവാക്കുവാന്‍ ഒരു വഴി കണ്ടെത്തിയെന്നുമാണല്ലോ കഥകള്‍. തുടര്‍ന്ന് മഹാവിഷ്ണു വാമനനായി അവതാരമെടുക്കുകയും മൂന്നടി സ്ഥലം ചോദിച്ചു ചെന്ന വാമനന് ഒടുവില്‍ മഹാബലി തന്റെ ശിരസ് പോലും അളന്ന് നല്‍കിയെന്നും ഐതിഹ്യങ്ങള്‍ പറയുന്നു. അങ്ങനെ വാമനന് ചവിട്ടിത്താഴ്ത്തുവാനായി മഹാബലി തലകുനിച്ചുകൊടുത്തത് ഈ സ്ഥലത്തുവെച്ചാണെന്നാണ് കഥകള്‍ പറയുന്നത്.
എന്തായാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടുകളിലൊന്നുതന്നെയാണ് ഓണാട്ടുകര. കേളത്തെ മുഴുവനും ഓണമൂട്ടുവാന്‍ തക്കവിധത്തിലുള്ള സമൃദ്ധി ഇവിടെയുണ്ടായിരുന്നുവത്രെ. നൂറുമേനി വിളയിക്കുന്ന മണ്ണും സമൃദ്ധമായ ജലവും വളക്കൂറും ഇവിടുത്തെ പ്രത്യേകതയായിരുന്നു. ഓണം പോലെ ഐശ്വര്യമുള്ള നാട് എന്നും ഓണാട്ടുകരയെ വിശേഷിപ്പിക്കാറുണ്ട്.
പണ്ടുമുതല്‍തന്നെ ഓണക്കാലം വലിയ രീതിയില്‍ ഇവിടെ ആഘോഷിച്ചിരുന്നു എന്നതിന് പല ചരിത്രങ്ങളും രേഖകളും സാക്ഷിയാണ്. പണ്ട് തിരുവോണ മഹോത്സവവും ഓണപ്പടയും അക്കാലത്തെ രാജാക്കന്മാരുടെ സാന്നിധ്യത്തില്‍ വലിയ രീതിയില്‍ തന്നെ നടത്തിയിരുന്നു. ഇപ്പോള്‍ ഓണം കഴിഞ്ഞ് 28-ാം നാള് നടത്തുന്ന ഇവിടുത്തെ ഇവിടുത്തെ ഓണമഹോത്സവത്തിന് പങ്കെടുക്കുവാനായി പുറംജില്ലകളില്‍ നിന്നുപോലും ആളുകളെത്തുന്നു. കാളകെട്ടും വേലകളിയുമെല്ലാം ആഘോഷപൂര്‍വ്വം കാണുവാന്‍ പറ്റിയ ഇടം കൂടിയാണിത്. പ്രകൃതിഭംഗിയും കാഴ്ചകളും മാത്രമല്ല, ഈ നാട്ടിലെ ക്ഷേത്രങ്ങള്‍ കൂടി ഓണാട്ടുകര യാത്രയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
ഓണാട്ടുകരയുടെ വിശ്വാസങ്ങളില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിനുള്ള പങ്ക് എത്ര പറഞ്ഞാലും തീരുന്നതല്ല. ഓണാട്ടുകരയുടെ പരദേവതയായാണ് ചെട്ടികുളങ്ങര ദേവിയെ കരുതുന്നത്. ആലപ്പുഴയില്‍ മാവേലിക്കരയ്ക്കു സമീപം തിരുവല്ല – കായംകുളം സംസ്ഥാന പാതയിലാണ് ചെട്ടിക്കുളങ്ങര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മാവേലിക്കര താലൂക്ക്, കാര്‍ത്തികപ്പള്ളി താലൂക്ക് എന്നിവ ഉള്‍ക്കൊള്ളുന്ന പ്രദേശം ഓണാട്ടുകര എന്നാണ് അറിയപ്പെടുന്നത്. ഇതില്‍ മാവേലിക്കര താലൂക്കിന്റെ ഭാഗമാണ് ചെട്ടിക്കുളങ്ങര ദേവി ക്ഷേത്രം. അങ്ങനെയാണ്
ചെട്ടിക്കുളങ്ങര ഉള്‍പ്പെടുന്ന ഓണാട്ടുകരയുടെ പരദേവതയായായി ചെട്ടിക്കുളങ്ങരയെ കണക്കാക്കുന്നത്. 18 കരകള്‍ ചേരുന്നതാണ് ഈ ക്ഷേത്രം. കേരളത്തില്‍ ശബരിമലയ്ക്കും ഗുരുവായൂരിനും ശേഷം ഏറ്റവും അധികം വരുമാനം ലഭിയ്ക്കുന്ന ക്ഷേത്രം കൂടിയാണ് ചെട്ടിക്കുളങ്ങര ദേവി ക്ഷേത്രം. പ്രഭാതത്തില്‍ മഹാ സരസ്വതിയായും, ഉച്ചയ്ക്ക് മഹാ ലക്ഷ്മിയായും വൈകുന്നേരം ശ്രീ ദുര്‍ഗയായും മൂന്ന് ഭാവങ്ങളിലാണ് ഇവിടെ ദേവിയെ പൂജിക്കുന്നത്.
ഓണാട്ടുകര യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുന്ന മറ്റൊരു ക്ഷേത്രമാണ് മാവേലിക്കരയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന പടനിലം പരബ്രഹ്മ ക്ഷേത്രം. ഓണ മഹോത്സവം വലിയ രീതിയില്‍ ഇവിടെയും ആഘോഷിക്കാറുണ്ട്. തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ഏറ്റവും പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ പരബ്രഹ്മമായാണ് ശിവനെ ആരാധിക്കുന്നത്. ശ്രീകോവിലും ചുറ്റമ്പലവുമില്ലാതെ ആല്‍ത്തറയില്‍ കുടികൊള്ളുന്ന ശിവസങ്കല്പമാണ് ഇവിടെയുള്ളത്.ഓം എന്നെഴുതിയ ഒരു കല്ലിലാണ് ഇവിടെ ആരാധനകൾ നടക്കുന്നത്. മാത്രമല്ല, മതത്തിന്റെയും ആചാരങ്ങളുടെയും വേലിക്കെട്ടുകളില്ലാതെ ആര്‍ക്കും കടന്നുവരാവുന്ന ക്ഷേത്രം എന്ന പ്രത്യേകതയും പടനിലം പരബ്രഹ്മ ക്ഷേത്രത്തിനുണ്ട്.