തിരുവനന്തപുരം: ഒമ്പത് വർഷം മുമ്പ് ബിവറേജ്സ് കോർപ്പറേഷനിൽ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചുവെച്ച 1150 കോടി രൂപ തിരിച്ചുപിടിച്ച സന്തോഷം പങ്കുവെച്ച് മന്ത്രി എംബി രാജേഷ്. ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി സന്തോഷം അറിയിച്ചതും ഉദ്യോഗസ്ഥനെ അഭിനന്ദിച്ചതും. 2014-15 മുതൽ 2019 വരെയുള്ള കണക്ക് പ്രകാരം 2019 ൽ ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റ് 1015 കോടി രൂപ നികുതിയായി ഈടാക്കിയിരുന്നു. ടേൺ ഓവർ ടാക്സ്, സർചാർജ് എന്നിവ ചെലവായി കണക്കാക്കാൻ കഴിയില്ലെന്നും അവയെ വരുമാനമായിത്തന്നെ കണക്കാക്കണമെന്നുമുള്ള നിലപാടിൽ നിന്നാണ് ഇൻകം ടാക്സ് ഡിപ്പാർട്ടുമെന്റ് ഇത്തരത്തിൽ ഒരു കടുത്ത നടപടി സ്വീകരിച്ചത്.
2014-15, 2015-16 വർഷങ്ങളിലേക്കുള്ള ഇൻകം ടാക്സ് ഉത്തരവിനെതിരെ ബിവറേജ് കോർപ്പറേഷൻ സുപ്രീം കോടതി വരെയെത്തി നിയമ പോരാട്ടം നടത്തേണ്ടിവന്നു. ഇൻകം ടാക്സ് പിടിച്ചുവെച്ച തുക വിട്ടുനൽകാൻ കോർപ്പറേഷൻ നടപടി സ്വീകരിച്ചു. സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും പുതിയ സാമ്പത്തിക പരിഷ്കാരങ്ങളും കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ പിടിച്ചുവെച്ച തുക പലിശസഹിതം വിട്ടുനൽകാൻ ഇൻകം ടാക്സ് കമീഷണർ ഉത്തരവിട്ടു.
748 കോടി രൂപ വിട്ടുനൽകാനാണ് ഉത്തരവായിരിക്കുന്നത്. ഇതിൽ 344 കോടി രൂപ ലഭിച്ചു. 404 കോടി രൂപ അക്കൗണ്ടിൽ ലഭ്യമാക്കാനുള്ള നടപടികൾ തുടരുകയാണ്. പലിശയടക്കം മറ്റൊരു 400 കോടി രൂപ നൽകാനുള്ള നടപടികളും തുടരുകയാണ്. ചാർട്ടേർഡ് അക്കൗണ്ടന്റായി പരിശീലനം പൂർത്തിയാക്കിയ കോർപ്പറേഷൻ സിഎംഡി യോഗേഷ് ഗുപ്ത ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ മികവുറ്റതും കാര്യക്ഷമതയോടെയുമുള്ള ഇടപെടലാണ് ഇത്രയും വലിയ തുക തിരിച്ചുകിട്ടാൻ കാരണമായത്. ഉദ്യോഗസ്ഥർക്ക് അഭിനന്ദനമെന്നും മന്ത്രി കുറിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വളരെ ശ്രദ്ധേയവും സന്തോഷകരവുമായ ഒരു വിവരം പങ്കുവെക്കാനാണീ കുറിപ്പ്. 2014-15 മുതൽ ബിവറേജ്സ് കോർപ്പറേഷനെ പ്രതിസന്ധിയിലാക്കിയ ഇൻകം ടാക്സ് പ്രശ്നങ്ങൾ പരിഹരിച്ച് 1150 കോടി രൂപ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് തിരിച്ചുകിട്ടാനും, കോർപറേഷനും സർക്കാരിനും നേട്ടമുണ്ടാക്കാനും കഴിഞ്ഞു. ചാർട്ടേർഡ് അക്കൗണ്ടന്റായി പരിശീലനം പൂർത്തിയാക്കിയ കോർപ്പറേഷൻ സിഎംഡി യോഗേഷ് ഗുപ്ത ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ മികവുറ്റതും കാര്യക്ഷമതയോടെയുമുള്ള ഇടപെടലാണ് ഇത്രയും വലിയ തുക തിരിച്ചുകിട്ടാൻ കാരണമായത്. യോഗേഷ് ഗുപ്തയ്ക്കും സംഘത്തിനും അഭിനന്ദനങ്ങൾ.
കോർപറേഷനിൽ നിന്ന് 2019 ൽ ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റ് 1015 കോടി രൂപ നികുതിയായി ഈടാക്കിയിരുന്നു. KSBC യുടെ ബാങ്ക് അക്കൗണ്ടുകൾ അറ്റാച്ച് ചെയ്താണ് 668 കോടി ഈടാക്കിയത്. ബാങ്ക് അക്കൗണ്ടുകൾ അൺഫ്രീസ് ചെയ്ത് ബിസിനസ് നടപടികൾ സുഗമമാക്കാൻ മറ്റൊരു 347 കോടി രൂപ കൂടി KSBC നൽകി. 2014-15 മുതൽ 2018-19 വരെയുള്ള കാലത്തെ ഇൻകം ടാക്സ് ഡിപ്പാർട്ടുമെന്റിന്റെ കണക്കുകൂട്ടൽ പ്രകാരമാണ് ഈ നടപടിയെടുത്തത്. ഇത് KSBC യുടെ പ്രവർത്തനത്തിന് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കി. പല ബാങ്കുകളിൽ നിന്നും കടമെടുത്ത് ബിസിനസിനുള്ള പണലഭ്യത ഉറപ്പുവരുത്തേണ്ടിവന്നു. നിയമാനുസൃതമായി അടയ്‌ക്കേണ്ട നികുതികൾ അടയ്ക്കുന്നതിലും ഇതുമൂലം കാലതാമസമുണ്ടായി.
ടേൺ ഓവർ ടാക്സ്, സർചാർജ് എന്നിവ ചെലവായി കണക്കാക്കാൻ കഴിയില്ലെന്നും അവയെ വരുമാനമായിത്തന്നെ കണക്കാക്കണമെന്നുമുള്ള നിലപാടിൽ നിന്നാണ് ഇൻകം ടാക്സ് ഡിപ്പാർട്ടുമെന്റ് ഇത്തരത്തിൽ ഒരു കടുത്ത നടപടി സ്വീകരിച്ചത്. 2014-15 , 2015-16 വർഷങ്ങളിലേക്കുള്ള ഇൻകം ടാക്സ് ഉത്തരവിനെതിരെ KSBCക്ക് സുപ്രീം കോടതി വരെയെത്തി നിയമ പോരാട്ടം നടത്തേണ്ടിവന്നു. നമ്മുടെ വാദമുഖങ്ങൾ പരിഗണിച്ചും സ്വീകരിച്ച നടപടികളും സ്ഥാപനത്തിന്റെ പൊതുമേഖലാ സ്വഭാവവും കണക്കിലെടുത്തും മേല്പറഞ്ഞ രണ്ട് വർഷങ്ങളിൽ സർചാർജ്, ടേൺ ഓവർ ടാക്സ് എന്നിവ അംഗീകരിക്കണമെന്ന KSBC യുടെ ആവശ്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
ഇതോടൊപ്പം ഇൻകം ടാക്സ് പിടിച്ചുവെച്ച തുക വിട്ടുനൽകാനും KSBC ശ്രമങ്ങൾ തുടർന്നു. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും പുതിയ സാമ്പത്തിക പരിഷ്കാരങ്ങളും കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും KSBC യും ഈ രംഗത്ത് പൊതുജനങ്ങൾക്കായി നടത്തുന്ന സുതാര്യ ഇടപാടുകൾ അവരെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ പിടിച്ചുവെച്ച തുക പലിശസഹിതം വിട്ടുനൽകാൻ ഇൻകം ടാക്സ് കമീഷണർ ഉത്തരവിട്ടു.
748 കോടി രൂപ വിട്ടുനൽകാനാണ് ഉത്തരവായിരിക്കുന്നത്. ഇതിൽ 344 കോടി രൂപ ഇതിനകം ലഭിച്ചു. 404 കോടി രൂപ KSBC യുടെ അക്കൗണ്ടിൽ ലഭ്യമാക്കാനുള്ള നടപടികൾ തുടരുകയാണ്. പലിശയടക്കം മറ്റൊരു 400 കോടി രൂപ നൽകാനുള്ള നടപടികളും തുടരുകയാണ്. ഇതോടെ കോർപറേഷനും സംസ്ഥാന സർക്കാരിനും കഴിഞ്ഞ അഞ്ചു വർഷമായി നഷ്ടപ്പെട്ടിരുന്ന 1150 കോടി രൂപയാണ് തിരിച്ചുകിട്ടുക. ഒൻപത് വർഷമായി സ്ഥാപനത്തിന് വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ ഒരു പ്രശ്നമാണ് പരിഹരിക്കപ്പെട്ടത്.