ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന് ഇന്ന് 33 വയസ്സ്.1990 ആഗസ്റ്റ് 2നായിരുന്നു ഇറാഖി പട്ടാളം കുവൈറ്റിലേക്ക് ഇരച്ചുകയറിയത്.
ഇന്ത്യ സ്വതന്ത്രമായതിനുശേഷം പാകിസ്ഥാനുമായും ചൈനയുമായും യുദ്ധങ്ങളുണ്ടായെങ്കിലും അതിന്റെ തിക്തഫലങ്ങളൊന്നും കേരളം നേര്‍ക്കുനേര്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല.4000 കിലോമീറ്ററുകള്‍ക്കപ്പുറത്തു നടന്നിരുന്ന യുദ്ധങ്ങള്‍ കേരളത്തിന്റെ ഉറക്കം കെടുത്തിയുമില്ല.എന്നാൽ അതിലും എത്രയോ അപ്പുറത്തുള്ള കുവൈത്ത് യുദ്ധം( ഒന്നാം ഗള്‍ഫ് യുദ്ധം) നമ്മൾ, മലയാളികളുടെ ഉറക്കം കെടുത്തുക തന്നെ ചെയ്തു.
അന്താരാഷ്‌ട്ര മര്യാദകൾ കാറ്റിൽ പറത്തി ഇറാഖി പട്ടാളം കുവൈത്ത് എന്ന അയൽ രാജ്യത്തേക്ക് ഇരച്ചു കയറിയത് 1990 ആഗസ്റ്റ് രണ്ടിനായിരുന്നു. അധിനിവേശത്തെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടം ഐക്യരാഷ്ട്രസഭ വഴി കുവൈത്തിനു ലഭിക്കുന്നുണ്ടെങ്കിലും യുദ്ധ തടവുകാരിൽ പലർക്കും എന്ത് സംഭവിച്ചു എന്നത് ഇന്നും അവ്യക്തമായി തുടരുകയാണ്..ആയിരക്കണക്കിന് മലയാളികൾക്കും തങ്ങളുടെ അതുവരെ ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് കിട്ടിയതും വാരിയെടുത്തുകൊണ്ട് അവിടെ നിന്നും പലായനം ചെയ്യേണ്ടി വന്നു.
1990 ആഗസ്റ്റ് രണ്ട് എന്ന ആ കറുത്ത തിയ്യതി കുവൈത്തി ജനത ഒരിക്കലും മറക്കില്ല. അയല്‍രാജ്യത്തിന്‍റെ യുദ്ധക്കൊതിയിൽ കുവൈത്തിന് അന്ന് പലതും നഷ്ടപ്പെട്ടു. വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇറാഖ് സൈന്യം തകര്‍ത്തു തരിപ്പണമാക്കി. നൂറുകണക്കിന് കെട്ടിടങ്ങള്‍ ബുള്‍ഡോസറുപയോഗിച്ച് ഇടിച്ചുനിരത്തി. 639 എണ്ണക്കിണറുകള്‍ക്കാണ് ഇറാഖ് സൈന്യം തീയിട്ടത്. 2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. നാല് ലക്ഷത്തോളം കുവൈത്തി പൗരന്‍മാർക്കാണ് അധിനിവേശ കാലയളവില്‍ കുവൈത്തില്‍ നിന്നും പലായനം ചെയ്തത് സൗദി ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ അഭയാർത്ഥികളായി കഴിയേണ്ടി വന്നത്.നിരവധി പേര്‍ തടവുകാരായി അപ്രത്യക്ഷമാവുകയും ചെയ്തു. കാണാതായവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കില്ല.
സദ്ദാം ഹുസൈന്റെ നേതൃത്വത്തിൽ ഒരു ലക്ഷത്തിലേറെ ഇറാഖി സൈനികരും എഴുനൂറോളം യുദ്ധ ടാങ്കുകളുമാണ് അന്ന് കുവൈത്തിന്റെ അതിർത്തി പോസ്റ്റുകൾ തകർത്ത് രാജ്യത്തേക്ക് അധിനിവേശം നടത്തിയത്.1980 സെപ്റ്റംബറിൽ ഇറാനെ ആക്രമിച്ചതിനു ശേഷം സദ്ദാം നടത്തിയ മറ്റൊരു അയൽ രാജ്യ ആക്രമണമായിരുന്നു ഇത്.മധ്യപൂർവദേശത്തെ എന്നല്ല, കേരളത്തിന്റെ വരെ രാഷ്ട്രീയ–സാമ്പത്തിക–സാമൂഹിക അവസ്ഥകളിൽ അലയൊലികൾ സൃഷ്ടിക്കാൻ പോന്നതായിരുന്നു ഒന്നാം ഗൾഫ് യുദ്ധമെന്ന ഇറാഖിന്റെ കുവൈത്ത് അധിനിവേശം.
ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളും സ്വദേശികളും ഒരുപോലെ ജീവഭയത്തിൽ കഴിഞ്ഞ നാളുകൾ. സെപ്റ്റംബർ ആദ്യവാരത്തോടെ കൂട്ട പലായനം ആരംഭിച്ചു.കുവൈത്തിൽ കുടുങ്ങിയവരെ ഇന്ത്യയിൽ എത്തിക്കുക ദുഷ്കര ദൗത്യമായി.അന്ന് ഫലപ്രദമായ ഇടപെടലിലൂടെ ഇന്ത്യക്കാരുടെ യാത്രാ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകിയത് മലയാളിയായ ടൊയോട്ട സണ്ണിയുൾപ്പടെയുള്ളവരായിരുന്നു. കുവൈത്തിൽനിന്നു ബഗ്ദാദ് വഴി ജോർദാനിൽ എത്തിച്ചായിരുന്നു ആളുകളെ ഇന്ത്യയിലേക്ക് കയറ്റി അയച്ചിരുന്നത്.
കുവൈത്തിനെ മുച്ചൂടും മുടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇറാഖി സൈന്യത്തിന്റെ പ്രവർത്തനങ്ങൾ. വെടിവയ്പ്പും മിസൈലാക്രമണവും എണ്ണക്കിണറുകൾക്ക് തീയിടലും മാത്രമല്ല കുവൈത്ത് എയർവേയ്സിന്റെ വിമാനങ്ങൾ വരെ അവർ ബാഗ്ദാദിലേക്ക് കടത്തി..
1991 ജനുവരിയിൽ യുഎസിന്റെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ സഖ്യസേന വിഷയത്തിൽ ഇടപെട്ടു. ‘ഓപറേഷൻ ഡെസെർട്ട് സ്‌റ്റോം’ എന്നു പേരിട്ട സൈനിക നടപടിയിൽ മുപ്പതിലേറെ രാജ്യങ്ങൾ പങ്കാളികളായി.ഇറാഖിന്റെ സുപ്രധാന സൈനിക കേന്ദ്രങ്ങളെല്ലാം തന്നെ അവർ ബോംബിട്ട് തകർത്തു.താമസിയാതെ പരാജയഭീതി മണത്ത സദ്ദാം കുവൈത്തിൽ നിന്നും തന്റെ സൈന്യത്തെ പിൻവലിച്ച് ഇറാഖിലേക്ക് മടങ്ങാൻ നിർബന്ധിതനായി.
*ടൊയോട്ട സണ്ണി*
59 ദിവസങ്ങൾക്കുള്ളിൽ, 488 എയർ ഇന്ത്യാ ഫ്‌ളൈറ്റുകളിലായി 1.7 ലക്ഷം പേരെ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിച്ചതിൽ നിർണായകമായ പങ്കുവഹിച്ച ഒരാൾ ‘ടൊയോട്ട സണ്ണി’ എന്നറിയപ്പെടുന്ന മാത്തുണ്ണി മാത്യൂസ് ആണ്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് ഇരവിപേരൂരിൽ 1936 -ൽ ജനിച്ച മാത്യൂസ് തന്റെ ഇരുപതാം വയസ്സിലാണ് ഗൾഫിലേക്കുള്ള വിമാനം കയറുന്നത്.അന്ന് കുവൈത്ത് വ്യവസായവൽക്കരിക്കപ്പെടുന്ന കാലമാണ്.പലജോലികൾ മറിഞ്ഞ് ഒടുവിൽ, ടോയോട്ടയിൽ ഒരു സാധാരണ ജീവനക്കാരനായി കയറിയ സണ്ണി പിന്നീട് 1989 -ൽ അതിന്റെ എംഡിയായാണ് വിരമിക്കുന്നത്.അങ്ങനെയാണ് ‘ടൊയോട്ട സണ്ണി’ എന്ന പേര് വീഴുന്നതും.
യുദ്ധഭൂമിയിൽ, സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അന്ന് ടൊയോട്ട സണ്ണിയും സംഘവും നടത്തിയ ഈ ഭഗീരഥയജ്‌ഞം പിന്നീട് ‘എയർ ലിഫ്റ്റ്’ എന്ന ഹിന്ദി സിനിമയിലൂടെ അഭ്രപാളികളിലേക്ക് പകർത്തപ്പെടുകയുണ്ടായി.2017 മെയ് 20 -ന് അദ്ദേഹം അന്തരിച്ചു.