മഹാരാഷ്ട്രയിലെ നാസിക്കിന് സമീ
പം ത്രയംമ്പകേശ്വറിന് (ത്രിംബക്) അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ഹരിഹർ കോട്ട.80 ഡിഗ്രി ചെരിവിലുള്ള പാറ മുറിച്ചാണ് ഇവിടെ പടികൾ തീർട്ടിട്ടുള്ളത്.അത് കയറി വേണം മുകളിലേക്ക് പോകാൻ.
പതിമൂന്നാം നൂറ്റാണ്ടിൽ സേവുന (
യാദവ) രാജവംശത്തിന്റെ ഭരണകാലത്താണ് ഹരിഹർ കോട്ടയുടെ നിർമ്മാണം നടക്കുന്നത്.സമുദ്രനിരപ്പിൽ നിന്ന് 3676 അടി ഉയരത്തിലാണ് കോട്ട.ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.ശത്രു സൈന്യത്തിന് പെട്ടെന്ന് അതിക്രമിച്ച് കടക്കാൻ കഴിയാത്ത രീതിയിലുള്ള രൂപകൽപ്പനയാണ് നൽകിയത്.1636-ൽ ഖാൻ സമാം എന്ന രാജാവിന് ഈ കോട്ട അടിയറവ് വയ്‌ക്കേണ്ടിവന്നു. ഇതോടൊപ്പം ത്രയമ്പക് കോട്ടയും പൂനെ കോട്ടകളും കൂടി കൊടുക്കേണ്ടിവന്നു.പിന്നീട് 1818-ൽ ക്യാപ്റ്റൻ ബ്രിഗ്‌സ് മറ്റ് 17 കോട്ടകൾ പിടിച്ചെടുക്കന്നതോടൊപ്പം ഹരിഹർ കോട്ടയും പിടിച്ചെടുത്തു.ഇന്ന് കോട്ടയുടെ ചെറിയ ഒരു ഭാഗം മാത്രമെ നിലനിൽക്കുന്നുള്ളു.
നാസിക്കിൽനിന്ന് 40 കിലോ മീറ്റർ അകലെയാണ് നിർഗുഡപാഡ ഗ്രാമം. അവിടെയാണ് ഹരിഹർ ഫോർട്ട്.ചുറ്റും പച്ചപുതച്ച മലനിരകളാൽ പൊതിഞ്ഞ ഗ്രാമം.നഗരത്തിന്റെ പരിഷ്കാരങ്ങൾ ഇതുവരെ എത്തി നോക്കിയിട്ടില്ല.ചെറിയ വീടുകളിൽ സ്വർഗം തീർക്കുന്ന ഗ്രാമവാസികളുടെ ഉപജീവന മാർഗം കൃഷിയാണ്.ചെമ്മൺ പാതയിലൂടെ നാല് കിലോ മീറ്റർ നടക്കാനുണ്ട്.പാതയരുകിൽ വൈക്കോൽ കറ്റകൾ അടുക്കി വെക്കുന്ന കർഷകർ.ദൂരെ നിന്ന് നോക്കുമ്പോൾ ചെറുകുടിലുകൾ പോലെ തോന്നുന്ന വൈക്കോൽ കൂനകൾ.
രണ്ടു കിലോ മീറ്റർ നടത്തം. ഇനി കുത്തനെയുള്ള ഒരു പാറയിൽ പിടിച്ചു വേണം മുകളിലേക്കെത്താൻ. പാറക്കല്ലുകളിൽ പിടിച്ചുതൂങ്ങി മുകളിലെത്തിയപ്പോൾ കണ്ട കാഴ്ച വല്ലാതെ അദ്ഭുതപ്പെടുത്തി. നാരങ്ങാവെള്ളം വിൽക്കുന്ന ഒരു കുഞ്ഞു കട.ഉപജീവനത്തിനായി ഈ മലമുകളിൽ ഒരു ചെറിയ കുടിലും കെട്ടിവെച്ച് സാഹസികരെ കാത്തിരിക്കുന്ന കുടുംബം. ക്ഷീണം മാറ്റാൻ അവരുടെ കയ്യിൽ നിന്ന് നാരങ്ങാവെള്ളം വാങ്ങി കുടിച്ചശേഷം വീണ്ടും നടക്കാൻ തുടങ്ങി.പുൽമേടുകൾ വകഞ്ഞു മാറ്റി മുൻപേ കടന്നുപോയവർ തീർത്ത പാതയിലൂടെയായിരുന്നു യാത്ര. കാടിന്റെ നിശ്ശബ്ദത ആസ്വദിച്ച് നടക്കുമ്പോൾ മനോഹരമായ കല്പടവുകളുള്ള വലിയൊരു കുളവും ചെറുകുടിലുകളും കണ്ടു. മലമുകളിലെ ശാന്തതയിൽ ജീവിതം നയിക്കുന്ന സന്യാസിമാരുടെ ആശ്രമം.ശിവഭക്തരായതുകൊണ്ടാകും ചുമരുകളിൽ ഓം നമഃ ശിവായ മന്ത്രവും ആശ്രമത്തിൽ ത്രിശൂലവും സ്ഥാപിച്ചിരിക്കുന്നു. തപോവനത്തിനുള്ളിലെ വലിയൊരു പാറക്കല്ലിൽ കൊത്തിയെടുത്ത ശിവന്റെ ശില്പവും അവിടെയുണ്ട്. നീലച്ചായം പൂശിയ എട്ടടി ഉയരത്തിലുള്ള ഈ മനോഹര ശിൽപം ആശ്രമത്തിന് പ്രത്യേക ചൈതന്യം നൽകുന്നു. പേരറിയാത്ത മരങ്ങൾക്കും അതിൽ തൂങ്ങിയാടുന്ന വള്ളിപ്പടർപ്പുകൾക്കും ഇടയിലൂടെ മുന്നോട്ട്.
ലക്ഷ്യത്തിലെത്താൻ ഇനിയുമേറെ ദൂരം താണ്ടതുണ്ട്. അങ്ങകലെ വെൺമേഘങ്ങളോട് കിന്നാരം ചൊല്ലി നീലാകാശത്തെ ചുംബിച്ചു നിൽക്കുന്ന ഹരിഹർ കോട്ട കണ്ടുതുടങ്ങി. പിന്നീടുള്ള നടത്തത്തിന് നല്ല വേഗമായിരുന്നു. സമുദ്രനിരപ്പിൽനിന്ന് 3676 അടി ഉയരത്തിലുള്ള ഹരിഹർ ഫോർട്ടിന് ചുവട്ടിലെത്തിയപ്പോൾ അമ്പരന്ന് ആകാശത്തേക്ക് നോക്കിപ്പോയി. ഇതിനു മുകളിൽ ചെന്നെത്തുമോ? കാലൊന്നു തെറ്റിയാൽ മരണത്തെ വരവേൽക്കാൻ കാത്തിരിക്കുന്ന താഴ്‌വര.ഹരിഹർ ഫോർട്ടിലേക്കുള്ള ആദ്യത്തെ പടി ചവിട്ടി. 80 ഡിഗ്രി ചെരിഞ്ഞുനിൽക്കുന്ന അംബരചുംബിയായ വലിയ പാറയുടെ പുറത്തും അകത്തുമായി കൊത്തിയെടുത്ത 117 പടികളാണ് കയറേണ്ടത്. ആദ്യത്തെ പത്തുപടികൾ വളരെ വേഗത്തിൽ കയറി. ഉയരത്തിലേക്ക് നടന്നുകയറും തോറും നെഞ്ചിടിപ്പ് വർധിച്ചു. തിരിഞ്ഞു നോക്കാൻ ഭയം.
കുത്തനെയുള്ള പടികൾ പിടിച്ച് പതുക്കെയാണ് മുകളിലേക്ക് കയറുന്നത്. കാലുകൾക്ക് വിറയൽ ബാധിച്ചിരിക്കുന്നു. ശ്വാസതാളവും തെറ്റിത്തുടങ്ങിയിരിക്കുന്നു. അല്പസമയം പടിയിൽ പിടിച്ചിരുന്നു. ബ്രീത്തിങ് എക്സർസൈസ് ചെയ്ത് മനസ്സും ശരീരവും ശാന്തമാക്കി. കൂടെയുണ്ടായിരുന്നവർ പതുക്കെ ഓരോപടിയും പിടിച്ചുകയറി വരുന്നുണ്ടായിരുന്നു.വീതി കുറഞ്ഞ പടികളിൽ പിടിക്കാൻ പൊത്ത് രണ്ടു വശത്തും കൊത്തി വെച്ചിട്ടുണ്ട്. ഒരേ സമയം ഒരാൾക്ക് മാത്രം കയറാൻ കഴിയുന്ന തരത്തിലാണ് കൽപ്പടവുകൾ നിർമിച്ചിരിക്കുന്നത്. ഏകദേശം മുപ്പത് മിനിറ്റെടുത്തു മുകളിലെത്താൻ.അപ്പോഴാണ് ശ്വാസം നേരെ വീണത്.
മുൻപിൽ വലിയൊരു കോട്ടവാതിൽ. അവിടെ ഒരു വൃദ്ധൻ നാരങ്ങാവെള്ളവും ബിസ്കറ്റും വിൽക്കുന്നുണ്ടായിരുന്നു.അത് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. ജീവിക്കുവാൻ വേണ്ടി എന്നും ഈ മല കീഴടക്കുന്ന ഇവരാണ് യഥാർഥ സാഹസികരെന്ന്.കവാടം കഴിഞ്ഞുള്ള യാത്രയിലാണ് യഥാർഥ ട്രെക്കിങ് സുഖം അറിഞ്ഞു തുടങ്ങിയത്. പാറ തുരന്നുണ്ടാക്കിയ വഴിയിൽ കൂടി കുനിഞ്ഞു കടക്കണം. ഇടതുവശത്ത് അഗാധമായ കൊക്ക. ഇടുങ്ങിയ വഴി കടന്നെത്തുമ്പോൾ വീണ്ടും കല്ലിൽ കൊത്തിയ പടികൾ. കുത്തനെയുള്ള പടികൾ കയറിയപ്പോൾ മനസ്സ് പടപടാന്ന് മിടിച്ചുതുടങ്ങി. താഴേയ്ക്ക് ഒരു വട്ടം നോക്കുവാനേ ധൈര്യമുണ്ടായുള്ളൂ. കാലൊന്നു തെറ്റിയാൽ!
പരസ്പരം കൈകൊടുത്ത് സഹായിച്ച് കോട്ടമുകളിലെത്തിയപ്പോൾ കണ്ട കാഴ്ച അതുവരെയുള്ള എല്ലാ കഷ്ടപ്പാടുകളും ഒറ്റയടിക്ക് മായ്ച്ചു കളയുന്നതായിരുന്നു. വിശാലമായ കുന്നിൻപുറവും മഞ്ഞയും വയലറ്റും നിറങ്ങളിൽ പുഞ്ചിരിച്ചുനിൽക്കുന്ന പൂക്കളുമാണ് വരവേറ്റത്. മലനിരകളെ തഴുകിയെത്തുന്ന കാറ്റിന്റെ കുളിരേറ്റ് കുന്നിൻ ചെരുവിൽ സ്വപ്നം കണ്ടുകൊണ്ട് കുറച്ചുനേരമിരുന്നു. പ്രാർഥനകളുടെയും മന്ത്രങ്ങളുടെയും ശബ്ദമാണ് സ്വപ്നത്തിൽ നിന്നുണർത്തിയത്.മലമുകളിലുള്ള ഹനുമാൻ കോവിലിൽ പ്രാർഥിക്കുന്ന ഒരുസംഘം ചെറുപ്പക്കാർ. തൊട്ടടുത്തായി ശിവലിംഗവും നന്ദിവിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ട്. കുങ്കുമവർണം വാരി വിതറിയിരിക്കുന്ന രൂപങ്ങൾക്കുമുന്നിൽ നിശ്ശബ്ദമായി നിന്നു.
ക്ഷേത്രത്തിനടുത്തായി പാറ വെട്ടി നിർമിച്ച വലിയൊരു കുളവും അതിൽ നിറയെ വെള്ളവുമുണ്ട്. നീലാകാശവും വെൺമേഘങ്ങളും കണ്ണാടിയിലെന്നപോലെ തെളിഞ്ഞുകാണാം. കുറച്ചുകൂടി നടക്കുമ്പോൾ പണ്ട് ആയുധപ്പുരയായി ഉപയോഗിച്ചിരുന്ന ഒരു കെട്ടിടം കാണാം. അതിനുള്ളിൽ കയറാൻ ചെറിയൊരു കവാടമുണ്ട്. തൊട്ടടുത്തായി പാറയിൽ നിർമിച്ച രണ്ട് കുളങ്ങളും ഉണ്ട്. അതിൽ നിറയെ ഗപ്പി മത്സ്യങ്ങൾ നീന്തിക്കളിക്കുന്നു. ഹരിഹർ ഫോർട്ടിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്തുള്ള കോട്ടയ്ക്കു മുകളിൽ കാവിക്കൊടി പാറുന്നുണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള നിർഗുഡപാഡ ഗ്രാമത്തിലാണ് ഈ ഭീകരക്കോട്ട സ്ഥിതിചെയ്യുന്നത്. ഛത്രപതി ശിവജി ഇവിടെ ഭരണം നടത്തിയിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്. യാദവ കാലഘട്ടത്തിലാണ് ഹരിഹർ ഫോർട്ട് നിർമിച്ചത്. 1636- ൽ ഖാൻ സമാം പൂന കോട്ട പിടിച്ചെടുത്ത കൂട്ടത്തിൽ ഹരിഹർ ഫോർട്ടും കീഴടക്കിയിരുന്നു.പിന്നീട് 1818- ൽ ഹരിഹർ ഫോർട്ട് അടക്കം 17 കോട്ടകൾ ക്യാപ്റ്റൻ ബിഗ്സിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തു.ഹർഷഗഡ് എന്ന പേരിലും ഈ കോട്ട് അറിയപ്പെടുന്നു. പ്രകൃതിയെ പ്രണയിക്കുന്നതിനോടൊപ്പം സാഹസികതയും ആഗ്രഹിക്കുന്നവർക്ക് കാഴ്ചയുടെ വർണപ്പകിട്ടൊരുക്കി കാത്തിരിക്കുകയാണ് ഹരിഹർഫോർട്ട്.