IndiaNEWS

അജിത് പവാര്‍ പണിപ്പുരയിലായിരുന്നു; പാര്‍ട്ടി പിളര്‍ത്തുന്നതിന് മുന്നേ ചിഹ്നത്തിനും പേരിനും അവകാശവാദം ഉന്നയിച്ചു

മുംബൈ: ബിജെപി-ഷിന്‍ഡെ ഭരണസഖ്യത്തില്‍ ചേരുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ എന്‍സിപിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ട് അജിത് പവാര്‍ ഇലക്ഷന്‍ കമ്മീഷന് കത്തയച്ചു. ജൂണ്‍ 30നായിരുന്നു അജിത് പവാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. എംപിമാരും എംഎല്‍എമാരും എംഎല്‍സിമാരും ഉള്‍പ്പെടെ 43 പേര്‍, ജൂണ്‍ 30ന് ഒപ്പിട്ട സത്യവാങ്ങ് മൂലവും ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ചാണ് അജിത് പവാര്‍ എന്‍സിപി പിളര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് ഇതോടെ വ്യക്തമാകുന്നത്. നേരത്തെ സുപ്രിയ സുലെയെ അടക്കം പങ്കെടുപ്പിച്ച് നടത്താന്‍ ശ്രമിച്ച യോഗത്തിനൊടുവിലാണ് അജിത് പവാര്‍ വിഭാഗം ബിജെപിക്കൊപ്പം ചേരുന്നുവെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ഇതിന് മുമ്പായി തന്നെ എന്‍സിപിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ട് അജിത് പവാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്.

Signature-ad

ജൂലൈ 3 നാണ് പവാര്‍ വിഭാഗത്തിന്റെ കത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്നത്. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ ഇമെയിലായാണ് ശരത് പവാര്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഫയല്‍ ചെയ്തത്. എന്‍സിപി അധ്യക്ഷനായ ശരത് പവാറിന്റെ ഭാഗം കേള്‍ക്കാതെ പാര്‍ട്ടിയുടെ പേരിന്റെയും ചിഹ്നത്തിന്റെയും കാര്യത്തില്‍ തീരുമാനം എടുക്കരുതെന്നായിരുന്നു ജയന്ത് പാട്ടീല്‍ ഇ മെയില്‍ വഴി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂറുമാറി മന്ത്രിസഭയില്‍ ചേര്‍ന്ന അജിത് പവാര്‍ ഉള്‍പ്പെടെയുള്ള ഒമ്പത് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 2ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയ വിവരവും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ശരത് പവാര്‍ വിഭാഗം രേഖകളൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ എന്‍സിപി വിഭാഗങ്ങളുടെ അവകാശവാദങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടനെ തീരുമാനമെടുത്തേക്കില്ലെന്നാണ് വിവരം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അസോസിയേഷന്‍ ഓഫ് വേള്‍ഡ് ഇലക്ഷന്‍ ബോഡീസിന്റെ എക്സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുക്കാനായി ബുധനാഴ്ച കൊളംബിയയിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. ഇലക്ഷന്‍ കമ്മീഷണര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ രാജ്യാന്തര നിരീക്ഷകനായി വ്യാഴാഴ്ച ഉസ്ബെക്കിസ്ഥാനിലേക്ക് പോകും. ഈയൊരു സാഹചര്യത്തില്‍ എന്‍സിപിയിലെ തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വൈകുമെന്ന് വ്യക്തമാണ്.

പാര്‍ട്ടികളുടെ പേരും ചിഹ്നവും തീരുമാനിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അര്‍ദ്ധ ജുഡീഷ്യറി അധികാരമുണ്ട്. ഇരുവിഭാഗത്തിന്റെയും വാദങ്ങളില്‍ വ്യക്തതയില്ലെങ്കില്‍ എന്‍സിപിയുടെ പേരും ചിഹ്നവും തല്‍ക്കാലും മരവിപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കും. വിഷയത്തില്‍ അന്തിമ തീരുമാനമാകുന്നത് വരെ ഇരുവിഭാഗങ്ങളോടും വ്യത്യസ്ത പേരും ചിഹ്നവും തെരഞ്ഞെടുക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിക്കാം.

 

 

 

 

 

 

Back to top button
error: