FeatureNEWS

കേരളത്തിലെ ഇന്ത്യൻ കോഫി ഹൗസുകൾക്ക് പൂട്ടുവീഴുമ്പോൾ

 കോഫി ഹൗസ് ആവിപാറുന്ന സൗഹൃദങ്ങളുടെ ലോകമാണ്, രുചിയുടെ സുഗന്ധം പേറുന്ന കേരളപ്പെരുമയാണ്.സഖാവ് എകെജിയുടെ നേതൃത്വത്തിൽ 1958ല്‍ രൂപം നൽകിയ ഇന്ത്യൻ കോഫി ഹൗസിന്റെ ജന്മദേശം തൃശ്ശൂരാണ്.
അതുകൊണ്ടാവണം ഇവിടുത്തെ മസാല ദോശയിൽ പോലും ചുവപ്പിന്റെ വിപ്ലവം ഒളിഞ്ഞിരിക്കുന്നത്. മറ്റിടങ്ങളിലെല്ലാം മഞ്ഞ മസാല ദോശ നൽകുമ്പോൾ കോഫി ഹൗസിൽ മാത്രം മസാല ദോശയുടെ നിറം ചുവപ്പാണ്.
58 വർഷം പഴക്കമുള്ള കൊല്ലം നഗരത്തിലെ ഇന്ത്യൻ കോഫി ഹൗസ് പൂട്ടുന്നു, ഇതിനുമുമ്പും ചില ബ്രാഞ്ചുകൾ പൂട്ടിയിട്ടുണ്ട്. പടർന്നുപന്തലിച്ച് മക്ഡോനാൾഡ് പോലെയോ കെഎഫ്സി പോലെയോ ആവേണ്ട ഒരു സ്ഥാപനമായിരുന്നു കോഫി ഹൗസ്. ഒന്നര പതിറ്റാണ്ടായി ഇന്ത്യൻ കോഫി ഹൗസിൽ പുതിയ നിയമനങ്ങൾ ഒന്നും നടക്കുന്നില്ല ഉള്ളവരെ വച്ച് ഓടിക്കുകയാണ്. കാലത്തിനനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ എല്ലാ കച്ചവടങ്ങൾക്കും ഇത് തന്നെയാവും അവസ്ഥ.
80 കളിൽ അവിടെ പോയി ഒരു കോഫി കുടിക്കാൻ ക്യൂ നിൽക്കണമായിരുന്നു. പക്ഷേ കാലഘട്ടം അനുസരിച്ച് കച്ചവടം മാറിയില്ല.മിതമായ നിരക്കിൽ നല്ല ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തിൽ അന്തസ്സുള്ള പെരുമാറ്റത്തോടുകൂടി കൊടുത്താൽ ഒരു റസ്റ്റോറന്റും പൂട്ടേണ്ടി വരില്ല-പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്.തൊഴിലാളികളുടെ കൂട്ടായ്മ വിജയകരമായി നടത്തുന്ന സഹകരണ സംരംഭം എന്ന നിലയിലും ഇതു പ്രശസ്തമായിരുന്നു‌.
1940 ൽ കാപ്പി വ്യവസായത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുക എന്ന ഉദ്ദേശത്തോടെ ഇന്ത്യാ കോഫി മാർക്കറ്റ് എക്സ്പാൻഷൻ ബോർഡ് രൂപവത്കരിക്കപ്പെട്ടു. ഈ സംവിധാനം 1942 ൽ കോഫി ബോർഡ് ആയതോടെ കോഫീ ഹൗസുകൾ തുടങ്ങി. സ്വാതന്ത്ര്യം കിട്ടിയതോടെ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ബോർഡിൽ പ്രാതിനിധ്യം കിട്ടിത്തുടങ്ങി. ആ ദശകത്തിൽ ഏതാണ്ടെല്ലാ പ്രധാന പട്ടണങ്ങളിലും കോഫി ഹൗസുകൾ നിലവിൽ‍ വന്നു. എന്നാൽ 1957 ൽ കോഫി ബോർഡ് കോഫി ഹൗസുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു. അന്നു ആകെയുണ്ടായിരുന്ന 43 കോഫി ഹൗസുകളിൽ ജോലിചെയ്തിരുന്ന ആയിരത്തോളം തൊഴിലാളികളെ 1958 ൽ പിരിച്ചു വിട്ടു. ഇതിനെ എതിർത്ത എ കെ ഗോപാലൻ(എ.കെ.ജി) മിക്ക സംസ്ഥാനങ്ങളിലും ഇന്ത്യൻ കോഫിബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ രൂപവത്കരിച്ചു. ആദ്യ സംഘം ബാംഗ്ലൂരിൽ നിലവിൽ വന്നു.1958 ൽ തൃശൂരിലാണ് കേരളത്തിലെ ആദ്യ കോഫീ ഹൗസ്‌ നിലവിൽ വന്നത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന എ കെ ഗോപാലൻ 1958-ൽ തൃശൂരിൽ രൂപം നൽകിയ ഇന്ത്യൻ കോഫീ വർക്കേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ഫെഡറേഷൻ എന്ന തൊഴിലാളി സഹകരണ സംഘമാണ്‌ ഇന്ത്യൻ കോഫീ ഹൗസ്‌ ശൃംഖല നടത്തുന്നത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അൻപതിലേറെ ഇന്ത്യൻ കോഫീ ഹൗസുകളുണ്ട്‌. കൂടാതെ കൊൽക്കത്ത തുടങ്ങിയ ഇന്ത്യയിലെ വൻനഗരങ്ങളിലും ഇവർ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌.

 

തൊഴിലാളി സമരങ്ങൾക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകൾക്കും പേരുകേട്ട കേരളത്തിൽ തൊഴിലാളികൾ നേരിട്ടു നടത്തുന്ന വിജയകരമായ സംരംഭം എന്ന പ്രത്യേകതയും ഇന്ത്യൻ കോഫീ ഹൗസിനുണ്ട്‌. അൻപതിലേറെ വർഷങ്ങളായിട്ടും ഈ കാപ്പി കേരളത്തിൽ ജനപ്രിയ ബ്രാൻഡായി നിലനിൽക്കുന്നു.

Back to top button
error: