പണ്ടുകാലത്തെ അപേക്ഷിച്ച് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു വിപണിയാണ് ഇന്ന് ഉണക്കമത്സ്യങ്ങളുടേത്.കാരണം വാങ്ങുന്നതിന്റെ നാലിരട്ടിക്കാണ് വിൽപ്പനയെന്നതിനാൽ കൊള്ളലാഭമാണ് കച്ചവടക്കാർ ഇതുവഴി വാരിക്കൂട്ടുന്നത്.അധികനാൾ കേടാകാതെ ഇരിക്കുമെന്നതും ഉണക്കമീനിന്റെ മറ്റൊരു പ്രത്യേകതയാണ്.
പണ്ടൊക്കെ നമുക്കാവശ്യമായ മത്സ്യങ്ങൾ കഴുകി വൃത്തിയാക്കി ഉപ്പിട്ട് ഉണക്കി സൂക്ഷിക്കുന്ന ഒരു സമ്പ്രദായം നമ്മുടെ നാട്ടിലുണ്ടായിരുന്നു. ദീർഘകാലം കേടുകൂടാതെയിരിക്കും എന്നതും ഏതുകാലത്തും ഉപയോഗിക്കാമെന്നതുമായിരുന്നു ഇതിൻ്റെ ഗുണങ്ങൾ. വിപണി വളർന്നതോടെ തദ്ദേശീയമായ മത്സ്യസമ്പത്ത് പോരാതെ വന്ന് ഇപ്പോൾ ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെയുള്ള വരവു മത്സ്യങ്ങളാണ് ഉണക്കമീൻ വിപണിയിലെ പ്രധാന ഇനം.
പച്ച മത്സ്യത്തിൻ്റെ ഏതാണ്ടെല്ലാം ഗുണങ്ങളും തന്നെ ഉണക്കമീനിലും സംരക്ഷിക്കപ്പെടുന്നുണ്ട്. ആരോഗ്യത്തിന് ഏറെ ഗുണകരമായ ചാള, ചെമ്മീൻ, കൊഴുവ തുടങ്ങിയവയാണ് പ്രധാന ഉണക്കമത്സ്യങ്ങളും. മീനിലെ ഒമേഗ 3 ഗുണങ്ങളും ആൻ്റിഓക്സിഡൻ്റ് ഗുണങ്ങളും ഉണക്കമീനിലും കാണാം.ആൻ്റിബോഡികളുടേയും എൻസൈമുകളുടേയും പ്രധാന ഉറവിടമായ പ്രോട്ടീൻ്റെ വലിയ സ്രോതസ്സാണ് ഉണക്കമീൻ. കലോറി കുറവാണെന്നതും ഇതിനെ ആരോഗ്യകരമായ ഭക്ഷണമാക്കുന്നു.വിറ്റാമിനുകളും ധാതുലവണങ്ങളും നിറഞ്ഞ ഉണക്കമീൻ, പച്ച മത്സ്യം പോലെ ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളും രക്തയോട്ടവും നാഡീവ്യവസ്ഥയും ക്രമവും ആരോഗ്യവുമുള്ളതാക്കി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
എന്നാൽ നല്ല മത്സ്യങ്ങൾ വൃത്തിയാക്കി കഴുകി ഉപ്പിട്ട് ഉണക്കേണ്ടതിനു പകരം ചീഞ്ഞതും മറ്റുതരത്തിൽ കേടായതുമൊക്കെയായ മത്സ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി ഉണക്കമീനാക്കുന്നതിന് ഉപയോഗിക്കുന്നത്. തീർത്തും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഈ ഉണക്കൽ പ്രക്രിയ നടക്കുന്നതും. കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ കാഴ്ച്ചക്ക് ഉപ്പുപോലിരിക്കുന്ന സോഡിയം ബെൻസോയേറ്റ്, മൃതദേഹങ്ങൾ അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാൽഡിഹൈഡ്, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ ചേർത്തുണക്കുന്നതാണ് ഇത്.
കൂടാതെ ചില വ്യാപാരികൾ ഉണക്കമീനിൻ്റെ തൂക്കം കൂട്ടാനായി കുറെ ഈർപ്പം തങ്ങി നിൽക്കും വിധമേ ഉണക്കൂ. ഈ ഈർപ്പം രോഗകാരികളായ ബാക്ടീരിയകൾക്കു വളരാനുള്ള മികച്ച സാഹചര്യമാണ്.അങ്ങിനെ ബാക്ടീരിയ വന്ന് കേടാകാതിരിക്കാൻ പിന്നെ ഡിഡിറ്റിയോ അതുപോലുള്ള കീടനാശിനികളോ അടിക്കും.കാഴ്ചക്ക് ഭംഗിതോന്നാനും അടിച്ച വിഷപദാർത്ഥങ്ങളുടെ രൂക്ഷത അറിയാതിരിക്കാനും പിന്നെ കൃത്രിമ രാസനിറങ്ങളും മണവും എസൻസുകളുമൊക്കെ ചേർക്കും. ഇങ്ങനെ അടിമുടി വിഷമയമായിട്ടാണ് പല ഉണക്കമീൻ കൊട്ടകളും നമുക്കുമുന്നിലെത്തുന്നത്.
40% ഫോർമാലിനുള്ള 30 മില്ലി ലായനി കുടിച്ചാൽ മതി പൂർണ്ണാരോഗ്യവാനായ ഒരു മനുഷ്യൻ മരിക്കാൻ.ഒരുതവണ അകത്തെത്തി ദഹിച്ചുകഴിഞ്ഞ ഫോർമാലിൻ ശരീരത്തിനകത്ത് പലതരം വിഷങ്ങൾ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും.കരൾ രോഗം, കാഴ്ച നാശം തുടങ്ങിയ അകപടങ്ങൾ ഫോർമാലിൻ്റെ ഉപയോഗം നേരിട്ടുണ്ടാക്കുന്നതാണ്. ശ്വാസനാളത്തെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ് അമോണിയ. ദഹനസംവിധാനത്തെ തകിടം മറിക്കുന്നതും കോശവളർച്ച ക്രമം തെറ്റിക്കുന്നതുമാണ് സോഡിയം ബെൻസോയെറ്റ്. ജനിതപ്രശ്നങ്ങൾ വരെയുണ്ടാക്കി വരും തലമുറയെക്കൂടി ബാധിക്കുന്നതാണ് ഡിഡിറ്റി പോലുള്ള കീടനാശിനികൾ. ഇങ്ങനെയുള്ള രാസവസ്തുക്കളാണ് ഉണക്കമീനിനൊപ്പം നമ്മുടെ ഉള്ളിലെത്തുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ചീത്ത മീൻ സംസ്കരിച്ചുണ്ടാക്കുന്നതിൽ വരുന്ന രോഗകാരികളായ സൂക്ഷ്മജീവികളുടെ വകയായുള്ള വിഷബാധകളും അസുഖങ്ങളും വേറെ.
മണത്തിലും രുചിയിലുമൊക്കെയുള്ള സൂക്ഷ്മവ്യത്യാസങ്ങളും കേടായ മീനിനുണ്ടാകാവുന്ന രൂപമാറ്റങ്ങളുമൊക്കെ ശ്രദ്ധിച്ച് ചിലപ്പോൾ മായത്തിൻ്റെ ലക്ഷണം കണ്ടെത്താൻ കഴിഞ്ഞേക്കാം. എങ്കിലും ചേർക്കുന്നത് രാസമാലിന്യങ്ങളായതിനാലും ഒരു സംസ്കരണപ്രക്രിയ കഴിഞ്ഞ ഉത്പന്നമായതിനാലും ഉപ്പിൻ്റെ രൂക്ഷതയാണ് മുന്നിട്ടുനിൽക്കുക എന്നതിനാലും നേരിട്ട് മായമറിയൽ പ്രയാസം തന്നെയാണ്.ലബോറട്ടറി പരിശോധനകളിലൂടെ മാത്രമേ ഉണക്കമീനിൽ ചേർക്കുന്നതുപോലുള്ള മായങ്ങളെ തിരിച്ചറിയാൻ സാധിക്കൂ.അതുതന്നെയാണ് ഈ വ്യാപാരത്തെ അടിമുടി വിഷമയമായി ഇന്നും നിലനിർത്തി പോരുന്നത്.