തിരുവനന്തപുരം:സംസ്ഥാനത്ത് 14000-ത്തോളം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുമായി കെ ഫോണ്‍ എത്തുന്നു.തൃശ്ശൂര്‍, കോട്ടയം, മലപ്പുറം, പത്തനംതിട്ട ജില്ലകളിലായി 1492 ഓളം പേര്‍ക്ക് ഇതുവരെ കേരളാ വിഷന്‍ വഴി കണക്ഷന്‍ എത്തിച്ചിട്ടുണ്ട്.ആശുപത്രികള്‍ , വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്‌ക്ക് പുറമെയാണിത്.
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവർക്ക്
മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് കെ ഫോൺ.10 മുതല്‍ 15 എംബിപിഎസ് വരെ വേഗതയാണ് വാഗ്ദാനം.1.5 ജിബി ഡാറ്റ ദിവസേന സൗജന്യമായി ലഭിക്കും.
കേരള ഫൈബര്‍ ഓപ്ടിക് നെറ്റ് വര്‍ക്ക് എന്ന കെ -ഫോണ്‍ പദ്ധതിയിലൂടെയാണ് സംസ്ഥാനത്തുടനീളം ഇത് നടപ്പിലാക്കുന്നത്.സാങ്കേതിക സഹായം കേരളാ വിഷനും ഡാറ്റ നല്‍കുന്നത് കെ ഫോണും ആയിരിക്കും. ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് വാടകക്ക് നല്‍കുന്നത് അടക്കം ടെണ്ടര്‍ നടപടികളെല്ലാം ബോര്‍ഡ് യോഗത്തിന്റെ അനുമതിയോടെ മാത്രമേ നടത്താവൂ എന്നാണ് കെ ഫോണിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം.
മൊത്തം 48 ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഘലകളുണ്ട്. കെ ഫോണിനും കെഎസ്‌ഇബിക്കും ആവശ്യമുള്ളത് പരമാവധി 22 എണ്ണം. ബാക്കി 26 ലൈന്‍ വാടകക്ക് നല്‍കാം. പൊതു ഇടങ്ങളില്‍ പണം ഈടാക്കി വൈഫൈ ഹോട് സ്പോട്ടുകളടക്കം പലവിധ പദ്ധതികളാണ് പരിഗണനയില്‍ ഉള്ളത്.