കൊച്ചി:ഔദ്യോഗിക പരിപാടിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജി ട്വന്റി, ആസാദി കാ അമൃത് മഹോത്സവ് എന്നിവയുടെ ലോഗോ ഉപയോഗിച്ച് ബിജെപിയുടെ രാഷ്ട്രീയ പ്രചാരണം.ജി ട്വന്റി പരിപാടിയുടെ അനുബന്ധ പരിപാടിയെന്ന വ്യാജേന മൂന്ന് രാഷ്ട്രീയസംഗമ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്.ഇതില്‍ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമാണ് പങ്കെടുക്കുന്നത്.
യുവജനങ്ങളെ പങ്കെടുപ്പിച്ചുള്ള ‘യുവം 23’ പരിപാടി 24നു പ്രധാനമന്ത്രിയാണ് ഉദ്ഘാടനംചെയ്യുന്നത്. തൃശൂരില്‍ ‘സ്ത്രീശക്തി 23’, കോഴിക്കോട്ട് ‘രാജ്യരക്ഷാ സംഗമം’ എന്നിവയും സംഘടിപ്പിക്കുന്നു. മൂന്ന് പരിപാടികളുടെയും പ്രചാരണ സാമഗ്രികളിലാണ് ജി ട്വന്റി, ആസാദി കാ അമൃത് മഹോത്സവ് എന്നിവയുടെ ലോഗോയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
യുവം പരിപാടിക്കായി ജി ട്വന്റി ലോഗോയെന്ന് തെറ്റിദ്ധരിപ്പിക്കുംവിധത്തില്‍ ‘വൈ ട്വന്റി’യും തയ്യാറാക്കി. ജി ട്വന്റിയോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.എന്നാല്‍, ഇത്തരത്തിലൊരു അനുബന്ധപരിപാടി ജി ട്വന്റി സെക്രട്ടറിയറ്റ് ക്രമീകരിച്ചിട്ടില്ല. ജി ട്വന്റി ലോഗോ ഉപയോഗം സംബന്ധിച്ച മാര്‍ഗനിര്‍ദേശത്തില്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ലോഗോ ഉപയോഗിക്കാന്‍ അനുമതിയില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.