ഇന്ത്യയിൽ ആദ്യമായി തീവണ്ടി സർവീസ് ആരംഭിച്ചത് 1853 ഏപ്രിൽ16-നാണ്. ബോംബെ മുതൽ താനെ വരെ 34 കി.മീ. ആയിരുന്നു ആദ്യത്തെ സർവീസ്. ഇന്ത്യയിൽ ആദ്യത്തെ തീവണ്ടി ഓടിത്തുടങ്ങി 13 കൊല്ലം കഴിഞ്ഞാണ് തെക്കേ ഇന്ത്യയിൽ റെയിൽ ഗതാഗതം നടപ്പിൽവന്നത്.
കേരളത്തിൽ പോത്തന്നൂരിൽനിന്നും പട്ടാമ്പിവരെയുള്ള പാതയാണ് ആദ്യമായി നിർമിക്കപ്പെട്ടത്.1860-ൽ പണിതുടങ്ങി, 1861-ൽ കടലുണ്ടിവരേക്കും 1888-ൽ കോഴിക്കോട്ടേക്കും നീക്കപ്പെട്ട ഈ പാത വടകര (1901), തലശ്ശേരി (1902), കച്ചൂർ (1903), അഴീക്കൽ (1904), കുമ്പള (1906) വഴി 1907-ൽ മംഗലാപുരം വരെ എത്തിച്ചേർന്നു. 1888-ൽ പാലക്കാട്ടേക്കും 1927-ൽ നിലമ്പൂരേക്കുമുള്ള റെയിൽവേകളും നടപ്പിൽവന്നു.
മദ്രാസ്-തിരുനെൽവേലി റെയിൽവേ തിരുവിതാംകൂറിലേക്കു നീട്ടണമെന്നുള്ള നിർദേശം 1873-ലാണുണ്ടായതെങ്കിലും, 1876-ൽ മാത്രമാണ് തിരുവിതാംകൂർ സർക്കാർ ഈ പദ്ധതി പരിഗണനയ്‌ക്കെടുത്തത്. 1899-ൽ സൗത്ത് ഇന്ത്യന്‍ റെയിൽവേ(South Indian Railway) കമ്പനിയിലെ എന്‍ജിനീയർമാരുടെ നേതൃത്വത്തിൽ തിരുനെൽവേലി-ചെങ്കോട്ട പാതയും, ചെങ്കോട്ടനിന്ന് തിരുവിതാംകൂറിനു കുറുകെ കൊല്ലംവരെയുള്ള പാതയും പണിയുവാന്‍ ആരംഭിച്ചു. ചെങ്കോട്ടയ്‌ക്കും ആര്യങ്കാവിനുമിടയിലുള്ള അഞ്ചു തുരങ്കങ്ങള്‍ കടന്നാണ് 1904 ന. 24-ന് ആദ്യത്തെ തീവണ്ടി കൊല്ലത്തെത്തിയത്. കൊല്ലം മുതൽ തിരുവനന്തപുരം (ചാക്ക) വരെയുള്ള പാതയുടെ പണി 1913-ൽ ആരംഭിച്ചു; 1918 ജനു. 1-ന് ഉദ്‌ഘാടനവും നടന്നു. ചാക്ക മുതൽ തമ്പാനൂർ (തിരു. സെന്‍ട്രൽ) വരെയുള്ള പാത 1931-ൽ മാത്രമാണ് തുറന്നത്.
1957-ൽ എറണാകുളം-കോട്ടയം മീറ്റർഗേജു പാത പൂർത്തിയാക്കപ്പെട്ടു; 1958-ൽ ഇത് കൊല്ലംവരെ നീട്ടി. 1975 3-ന് എറണാകുളം-കൊല്ലം പാത ബ്രാഡ്‌ഗേജാക്കി. ഇതിനു പുറമേ തിരുവനന്തപുരത്തുനിന്നും ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള തീരദേശ പാതയും(1989 ഒക്ടോബർ 16) നിലവിൽ വന്നു.
ചില തീവണ്ടി വിശേഷങ്ങൾ
- തായ്ലണ്ടിലെ മേക്കലോങ്ങ് എന്ന സ്ഥലത്ത് ഒരു നാരോ ഗേജ് തീവണ്ടി ഓടുന്നത് ഒരു പച്ചക്കറി മാർക്കറ്റിനിടയിലെ ഇടുങ്ങിയ വഴിയിലൂടെ ആണ്. വണ്ടി വരുമ്പോൾ കച്ചവടക്കാർ തങ്ങളുടെ പച്ചക്കറി/ പഴക്കൂടകൾ പാളത്തിൽ നിന്നെടുത്തു മാറ്റും. വണ്ടി പോയാൽ തിരികെ കച്ചവടത്തിനു വക്കും.
- ന്യൂസീലണ്ടിലെ ഒരു റെയിൽപ്പാത കടന്നുപോകുന്നത് ഗിസ്ബോൺ വിമാനത്താവളത്തിന്റെ റൺ വേ മുറിച്ചുകൊണ്ടാണ്. വിമാനങ്ങൾ വരുമ്പോഴും പോകുമ്പോഴും തീവണ്ടികൾ ലവൽ ക്രോസ്സിങ്ങുകളിലെന്നപോലെ കാത്തുകിടക്കും.
- മേഘങ്ങളിലേക്കുള്ള തീവണ്ടി എന്ന പേരിൽ അർജന്റീനയിൽ ഒരു തീവണ്ടിയും റെയിൽപ്പാതയുമുണ്ട്. ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള റെയിൽപ്പാതകളിലൊന്നാണ് ഇത്. 4220 മീറ്റർ. ധാരാളം പാലങ്ങളും മലമ്പാലങ്ങളും സ്പൈറലുകളും സിഗ്സാഗുകളുമുള്ള ഈ പാത വളരെ ദുർഘടം പിടിച്ചതാണ്.
- ഇരുവശത്തുനിന്നും മരങ്ങളും ചെടികളും തിങ്ങിവളർന്ന് പാളത്തിനു മുകളിൽ പടർന്നുമൂടിനിന്ന് ഒരു പച്ചത്തുരങ്കം പോലെ തോന്നിക്കുന്ന മനോഹരവും ആനന്ദദായകയവുമായ മൂന്നുകിലോമീറ്റർ ദൂരം പാളങ്ങൾ പോകുന്ന ഒരു റെയിൽപ്പാത ഉക്രെയിനിലുണ്ട്. കമിതാക്കളുടെ ഇഷ്ടമാർഗ്ഗമായ ഇതിലൂടെ തീവണ്ടിയിൽ യാത്രചെയ്ത് പ്രാർത്ഥിച്ചാൽ ഏത് ആഗ്രഹവും സാധിക്കുമെന്നൊരു വിശ്വാസവും അവിടങ്ങളിലുണ്ട്.
- ലോകത്തിലെ ഏറ്റവും ദൂരം പോകുന്ന റെയിൽപ്പാതയാണ് ട്രാൻസ് സൈബീരിയൻ റെയിൽപ്പാത. ഇത് മോസ്കോയെ വ്ലാഡിവോസ്റ്റോക്കുമായി ബന്ധിപ്പിക്കുന്നു.
- രണ്ടാം ലോകയുദ്ധകാലത്ത് തായ്ലണ്ടിലെ ബാങ്കൊക്കിൽ നിന്ന് ബർമയിലെ റങ്കൂണിലേക്ക് ജപ്പാൻ പട്ടാളം നിർമ്മിച്ച റെയിൽപ്പാതയെ “മരണത്തിന്റെ റെയിൽപ്പാത” എന്നാണ് പിൽക്കാലത്ത് വിളിച്ചുപോന്നത്. 90000 ജോലിക്കരും 16000 യുദ്ധത്തടവുകാരും ഇതിന്റെ നിർമ്മാണത്തിനിടെ മരിച്ചുപോയി എന്നണ് കണക്ക്. “ബ്രിഡ്ജ് ഓൺ ദി റിവർ ക്വായ്” എന്ന പ്രസിദ്ധമായ ഇംഗ്ലീഷ് സിനിമ ഈ പാതയിലെ ഒരു വലിയ പാലം നിർമ്മിച്ച്തിന്റെ കഥയാണ്.
- 1934-ൽ ഇന്ത്യയിൽ ആദ്യമായി യാത്രാബോഗികൾ ശിതീകരിച്ചത് ബോംബെ – പെഷാവർ ഫ്രോണ്ടിയർ മെയിലിൽ ആണ്. അന്ന് ബോഗിയുടെ തറക്കടിയിലെ പ്രത്യേക അറകളിൽ ഐസ് കട്ടകൾ നിറച്ച് അവയിലൂടെ ബ്ലോവറുകൾ ഉപയോഗിച്ച് കയറ്റിവിടുന്ന കാറ്റ് ബോഗികളിലേക്കെത്തിച്ചാണ് ശിതീകരണം സാധിച്ചിരുന്നത്. ഇടക്കിടെ സ്റ്റേഷനുകളിൽ നിർത്തി അറകളിൽ വീണ്ടും ഐസ് കട്ടകൾ നിറച്ചായിരുന്നു വണ്ടി യാത്ര തുടർന്നിരുന്നത്.