KeralaNEWS

സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ ഇനിമുതൽ 200 മുതൽ 500 രൂപാ വരെ കുറയാൻ സാധ്യത

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷനുകളിലെ കേന്ദ്ര വിഹിതം ഇനിമുതൽ നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി ആയിരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ
ഈയിനത്തിൽ 200 മുതൽ 500 രൂപാ വരെ കുറയാൻ സാധ്യത.
നാളിതുവരെ കേന്ദ്ര വിഹിതം  സംസ്ഥാന സർക്കാരിന്റെ വിഹിതത്തോടൊപ്പമാണ് കൊടുത്തിരുന്നത്.എന്നാൽ
കേന്ദ്ര വിഹിതമായി ലഭിക്കേണ്ടിയിരുന്ന 200 മുതൽ 500 രൂപ വരെയുള്ള വിവിധ വിഭാഗങ്ങളിൽ പെട്ട അർഹരായവരുടെ പെൻഷൻ  നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും എന്നാണ് കേന്ദ്രം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
അതേസമയം ഈയിനത്തിൽ കേരളത്തിന്‌ കേന്ദ്രം നൽകാനുള്ളത് 418 കോടിയിലധികം രൂപയാണ്. കേന്ദ്രം നേരിട്ട് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ സംസ്ഥാനം കൊടുക്കേണ്ട പണം മാത്രമാകും ഇനി സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കുന്നവരുടെ കൈകളിൽ എത്തുന്നത്.

ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, വിധവ, ഭിന്നശേഷി പെന്‍ഷന്‍ എന്നിവയ്ക്കുമാത്രമാണ് നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന്റെ (എന്‍എസ്‌എപി) ഭാഗമായി കേന്ദ്രവിഹിതമുള്ളത്. വാര്‍ധക്യകാല പെന്‍ഷന് 80 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 200 രൂപയും 80 മുതല്‍ മുകളിലേക്ക് 500 രൂപയുമാണ് കേന്ദ്രവിഹിതം.

ഭിന്നശേഷി പെന്‍ഷന് 80 ശതമാനത്തിനും അതിനുമുകളിലും വൈകല്യമുള്ളവര്‍ക്ക് (പ്രായം 18മുതല്‍ 80 വയസ്സിനുതാഴെ വരെ) 300 രൂപയും 80ന് മുകളിലുള്ളവര്‍ക്ക് 500 രൂപയുമാണ് നല്‍കുന്നത്.വിധവാ പെന്‍ഷന് 40 മുതല്‍ 80 വയസ്സിനു ‍താഴെവരെയുള്ളവര്ക്ക് 300 രൂപയും 80 മുതല്‍ മുകളിലേക്ക് 500 രൂപയുമാണ് കേന്ദ്രവിഹിതം.

Signature-ad

2020 ഡിസംബര്‍വരെ മാത്രമാണ് ഇത്തരത്തിൽ കേന്ദ്രവിഹിതം ലഭിച്ചത്.എന്നിരിക്കെയും എല്ലാ പെന്‍ഷനും 1600 രൂപ നിരക്കിലാണ് സംസ്ഥാന സർക്കാർ നൽകികൊണ്ടിരുന്നത്.നിലവില്‍ 60 ലക്ഷത്തിലധികം പേരാണ് സാമൂഹ്യസുരക്ഷാ– ക്ഷേമനിധി പെന്‍ഷനുകൾ കേരളത്തിൽ വാങ്ങുന്നത്.

 

അതേസമയം സംസ്ഥാന സർക്കാരിന്റെ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിച്ചു.വിഷുക്കൈനീട്ടമായി രണ്ടു മാസത്തെ പെൻഷൻ ഒന്നിച്ചാണ് കൊടുക്കുന്നത്.ഇതിനായി 1871 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിട്ടുള്ളത്

Back to top button
error: