HealthLIFE

ആശങ്ക പരത്തി പക്ഷിപ്പനി കോട്ടയത്തും; എന്താണ് പക്ഷിപ്പനി? അറിയേണ്ടതെല്ലാം

കോട്ടയം: ആഫ്രിക്കൻ പന്നിപ്പനിക്കു പിന്നാലെ പക്ഷിപ്പനിയും സംസ്ഥാനത്ത് റിപ്പോർട്ട് ​ചെയ്തു. കോട്ടയം ജില്ലയിലെ ആർപ്പൂക്കരയിലും തലയാഴത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എണ്ണായിരത്തോളം പക്ഷികളെ ദയാവധം നടത്തിയും പത്തു കിലോമീറ്റർ ചുറ്റളവിൽ മുട്ട, കോഴിയിറച്ചി വിൽപ്പന നിരോധിച്ചും പ്രതിരോധപ്രവർത്തനം ഊർജിതമാക്കാനാണ് ജില്ലാ ഭരണകൂടത്തി​ന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും തീരുമാനം.

രോഗലക്ഷണങ്ങളും പ്രതിവിധിയും

Signature-ad

പക്ഷികളെ ബാധിക്കുന്നതും മനുഷ്യരിലേക്ക് പകരാനും പടർന്നുപിടിക്കാനും സാധ്യതയുള്ളതുമായ ഒരിനം വൈറസ് രോഗമാണ് പക്ഷിപ്പനി. എല്ലായിനം പക്ഷികളേയും ബാധിക്കാമെങ്കിലും വീട്ടിലോ, ഫാമുകളിലോ വളർത്തുന്ന താറാവ്, കോഴി, കാട, വാത്ത തുടങ്ങിയവയെയാണ് ഈ രോഗം അധികവും ബാധിക്കാറുള്ളത്. ഏവിയൻ ഇൻഫഌവൻസാ എന്ന പേരിൽ അറിയപ്പെടുന്ന പക്ഷിപ്പനി ഇൻഫ്ളുവൻസാ ടൈപ്പ് -എ വൈറസുകളാണ് ഉണ്ടാക്കുന്നത്. ഈ രോഗം ഒരു രാജ്യത്തുനിന്നോ/പ്രദേശത്തു നിന്നോ മറ്റ് രാജ്യങ്ങളിലേക്ക് /പ്രദേശങ്ങളിലേക്ക് പടരുന്നതിൽ ദേശാടന പക്ഷികൾ മുഖ്യമായ പങ്ക് വഹിക്കുന്നു. ഇത്തരം പക്ഷികളിൽ നിന്നും വൈറസ് നാടൻ പക്ഷികളിലേക്ക് പകരുകയും അവയിലിത് രോഗമായി മാറുകയും ചെയ്യുന്നു.

കൂടുതലായി തൂവൽ കൊഴിയുക, കട്ടികുറഞ്ഞ തോടോടു കൂടിയ മുട്ട ഇടുക, മുട്ട ഇടുന്നത് കുറയുക മന്ദത തീറ്റയെടുക്കാൻ മടിക്കുക, പക്ഷിയുടെ പൂവ്, കൊക്ക്, ആട തുടങ്ങിയ ഭാഗങ്ങളിൽ നീലനിറം ഉണ്ടാകുക, വയറിളക്കം, കൺപോളകൾക്കും തലയിലും നീർകെട്ട് ഉണ്ടാകുക, നാസാരന്ധ്രങ്ങളിൽ കൂടി രക്തം കലർന്ന സ്രവമുണ്ടാകുക, ശ്വാസതടസം, നടക്കാനും നിൽക്കാനും ഉള്ള ബുദ്ധിമുട്ട്, ശരീരഭാഗങ്ങളിൽ സൂചിപ്പാടുകൾ പോലെയുള്ള രക്തസ്രാവം, ശ്വാസംമുട്ടൽ. തുടർന്ന് രോഗം മൂർച്ഛിച്ച് പക്ഷി ചത്തു പോകുന്നു.

പക്ഷികളുടെ രക്തം, സ്രവം, ശരീരഭാഗങ്ങൾ എന്നിവയുടെ പരിശോധനയിലൂടെയാണ രോഗനിർണ്ണയം നടത്തുന്നത്. രോഗാണുബാധയുള്ള പക്ഷികളുടെ സസ്രവങ്ങളിൽ കൂടി വൈറസ്പുറത്ത് വരുന്നു. വായുവിലെ കണികകളിലൂടെയും മലിനമാക്കപ്പെട്ട തീറ്റയിലൂടെയും, തുണി, പക്ഷിക്കൂട്, രോഗാണുബാധയുള്ള പക്ഷികളുടെ ഇറച്ചി, മുട്ട കൊണ്ടുപോകുന്ന വാഹനങ്ങൾ ഇവയിലൂടെയൊക്ക അണുബാധയുണ്ടാകാം. ഇവയുമായുള്ള സമ്പർക്കവും വൈറസുകൾ ഉൾക്കൊള്ളുന്ന സൂക്ഷ്മ കണികകൾ ശ്വസിക്കുന്നതിലൂടെയുമാണ് രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്.

പക്ഷികളിൽ നിന്നും പക്ഷിപ്പനി പകരാൻ സാധ്യതയുളളവർ

  • പക്ഷികളുടെ ഇറച്ചി, മുട്ട, പക്ഷിവളം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഫാമുകളിലേയും, കച്ചവടകേന്ദ്രങ്ങളിലേയും ജീവനക്കാർ.
  • പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിൽ പക്ഷികളെ കൊല്ലുവാൻ നിയോഗിക്കപ്പെടുന്നവർ.
  • പക്ഷികളുമായി ഇടപഴകുന്ന വെറ്ററിനറി ജീവനക്കാർ.

രോഗലക്ഷണങ്ങൾ മനുഷ്യരിൽ

  • ശക്തമായ പനി
  • ചുമ
  • തൊണ്ടവേദന
  • മൂക്കൊലിപ്പ്
  • തലവേദന
  • ദേഹവേദന
  • ക്ഷീണം

പക്ഷിപ്പനി തടയാൻ

  • പക്ഷികൾക്ക് രോഗബാധ ഉണ്ടായാൽ വെറ്ററിനറി ജീവനക്കാരുടേയോ ആരോഗ്യവകുപ്പ് ജീവനക്കാരുടേയോ നിർദ്ദേശങ്ങൾക്കനുസരിച്ച് അവയെ നശിപ്പിക്കുക.
  • വിസർജ്യം അണുവിമുക്തമാക്കിയതിന്റെ ശേഷം കുഴിച്ചിടുക.
  • അണുബാധയുള്ള പക്ഷികളെയോ അവയുടെ വിസർജ്യം/ജഡം എന്നിവയോ കൈകാര്യം ചെയ്യുന്നവർ മുഖാവരണം, കൈയുറകൾ, തൊപ്പി, ബൂട്ടുകൾ തുടങ്ങിയവ ധരിച്ച് സുരക്ഷിതമാക്കുക.
  • അറവുശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ആഴത്തിൽ കുഴിച്ച്മൂടുകയോ കത്തിച്ച് കളയുകയോ ചെയ്യുക.
  • പക്ഷികളേയും, മുട്ട, ഇറച്ചി തുടങ്ങിയവയും പക്ഷിപ്പനി ബാധയുള്ള പ്രദേശത്ത് നിന്നും മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത് പൂർണ്ണമായും തടയുക.
  • പക്ഷികളുമായുളള സമ്പർക്കം കഴിവതും ഒഴിവാക്കുക. എല്ലാവരും, കുട്ടികൾ പ്രത്യേകിച്ച്, കോഴികൾ, താറാവുകൾ, മറ്റ് പക്ഷികൾ തുടങ്ങിയവയുമായി ഇടപഴകുന്നതും അവയെ പിടിക്കുന്നതും ഒരുമിച്ച് കളിക്കുന്നതും ഒഴിവാക്കണം.
  • സംശയാസ്പദമായ പക്ഷിപ്പനി കണ്ടാൽ വെറ്ററിനറി ഉദ്യോഗസ്ഥരെ ഉടൻ അറിയിക്കുക.
  • പക്ഷികളുടെ ഇറച്ചിയും മുട്ടയും നല്ലവണ്ണം പാചകം ചെയ്തത് മാത്രം ഭക്ഷിക്കുക.

പ്രതിരോധ പ്രവർത്തനം

  • പക്ഷികളിൽ രോഗം റിപ്പോർട്ട് ചെയ്ത സ്ഥലത്തിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലുളള പ്രദേശത്തെ മുഴുവൻ പക്ഷികളേയും ശാസ്ത്രീയമായി കൊന്ന് സംസ്‌കരിക്കണം. പക്ഷികളുടെ ജഡം കത്തിച്ചുകളയുകയോ ആഴത്തിൽ കുഴിയെടുത്ത് കുഴിച്ചു മൂടുകയോ ആണ് ചെയ്യുക.
  • പക്ഷികളെ കൊല്ലുന്നതും സംസ്‌കരിക്കുന്നതുമായ പ്രക്രിയകളിൽ ഏർപ്പെടുന്നവർ രോഗം പകരാതിരിക്കാനുള്ള പ്രതിരോധ മരുന്നായ ഒസൽട്ടാമിവിർ നിത്യേന കഴിക്കണം.

Back to top button
error: