NEWS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:ട്രെയിനിലെ ഈ നിയമങ്ങൾ അറിയാതെ പോകരുത്

ന്ത്യയിലെ ഏറ്റവും വലിയ ഗതാഗതസംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ.പതിനായിരക്കണക്കിന് ആളുകളാണ് ഓരോ ദിവസവും രാജ്യത്തെ ചെറുതും വലുതുമായ യാത്രകള്‍ക്കായി റെയില്‍വേയെ ആശ്രയിക്കുന്നത്.ട്രെയിന്‍ യാത്രകള്‍ സുരക്ഷിതവും സുഖകരവുമാക്കുവാന്‍ ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കിയിട്ടുള്ള പ്രധാന നിര്‍ദ്ദേശങ്ങളും നിയമങ്ങളും ഏതൊക്കെയാണെന്നു നോക്കാം.
ഇന്ത്യന്‍ റെയില്‍വേ കൊണ്ടുവന്ന നിയമങ്ങളില്‍ ഏറ്റവും ശ്രദ്ധയമായ ഒന്നാണ് ലൗഡ് സൗണ്ട് റൂള്‍ (Loud Sound Rule) അഥവാ ട്രെയിന്‍ യാത്ര ചെയ്യുമ്ബോള്‍ ഉച്ചത്തിലുള്ള സംസാരങ്ങളും ഫോണില്‍ വളരെ ഉച്ചത്തില്‍ പാട്ടുകളും വീഡിയോകളും പ്ലേ ചെയ്യുന്നതും തടഞ്ഞുകൊണ്ടുള്ള നിയമം.
മൊബൈല്‍ ഫോണിലോ ലാപ്‌ടോപ്പിലോ സംസാരിക്കുക, പാടുക, സംഗീതം പ്ലേ ചെയ്യുക എന്നിവ ഉള്‍പ്പെടെ രാത്രി യാത്രയ്ക്കിടെ ആളുകള്‍ ട്രെയിനിനുള്ളില്‍ ശബ്ദമുണ്ടാക്കരുതെന്ന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ട്രെയിനിലെ ട്രാവലിങ് ടിക്കറ്റ് എക്സാമിനര്‍മാര്‍, കാറ്ററിങ് സ്റ്റാഫ്, മറ്റ് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ആളുകളെ ഇതനുസരിച്ച്‌ നിയന്ത്രിക്കുവാനും സാധിക്കും.
വൈകിയോടുന്ന ട്രെയിനുകള്‍ നമ്മുടെ നാട്ടില്‍ പുതിയകാര്യമല്ല. പല കാരണങ്ങളാല്‍ മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ വൈകിയോടുന്ന ട്രെയിനുകൾ നമ്മുടെ നാട്ടിലുണ്ട്.ഇതിനെ ‘ട്രെയിന്‍ ലേറ്റ്’ സിറ്റുവേഷന്‍’ എന്നാണ് പറയുന്നത്.
ട്രെയിന്‍ എത്തിച്ചേരുന്ന സാധാരണ സമയത്തേക്കാള്‍ രണ്ട് മണിക്കൂര്‍ വൈകിയാണ് അത് ഓടുന്നതെങ്കില്‍ ആണ് സാധാരണയായി ‘ട്രെയിന്‍ ലേറ്റ്’ സിറ്റുവേഷന്‍ എന്നു പറയുന്നത്. ഐആര്‍സിടിസി നിര്‍ദ്ദേശമനുസരിച്ച്‌ രണ്ട് മണിക്കൂറോ അതില്‍ കൂടുതലോ വൈകിയോടുന്ന ശതാബ്ദി, രാജധാനി, തുരന്തോ എന്നിവ ഉള്‍പ്പെടുന്ന എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് സൗജന്യഭക്ഷണം നൽകണം.
ഇന്ത്യന്‍ റെയില്‍വേ നടപ്പിലാക്കിയതും എന്നാല്‍ ഭൂരിപക്ഷം യാത്രക്കാര്‍ക്കും അപരിചിതവുമായ നിയമാണ് മിഡില്‍ ബെര്‍ത്ത് റൂള്‍-Middle Berth Rule. ട്രെയിന്‍ യാത്രയില്‍ നിങ്ങള്‍ക്ക് ലഭിച്ചത് മിഡില്‍ ബെര്‍ത്ത് ആണെങ്കില്‍ രാത്രി 10:00 മുതല്‍ പുലര്‍ച്ചെ 6:00 മണി വരെ മാത്രമേ നിങ്ങള്‍ക്ക് ഇതില്‍ ഉറങ്ങുവാന്‍ സാധിക്കൂ. ഇതില്‍ കൂടുതല്‍ സമയം നിങ്ങള്‍ ഉറങ്ങുകയോ, മിഡില്‍ ബെര്‍ത്തില്‍ സമയം ചിലവഴിക്കുകയോ ചെയ്താല്‍ ലോവര്‍ ബെര്‍ത്തിലെ യാത്രക്കാരന് നിങ്ങളോട് സീറ്റ് ഇരിക്കുന്ന രീതിയിലേക്കുവെക്കുവാന്‍ ആവശ്യപ്പെടാം.
അതുപോലെ തന്നെ, കൂടെയുള്ള യാത്രക്കാരന്‍, രാത്രിയില്‍ കിടക്കുന്നതിനേക്കാള്‍, സീറ്റില്‍ ഇരിക്കുവാനാണ് താല്പര്യപ്പെടുന്നതെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ മിഡില്‍ ബെര്‍ത്തില്‍ കിടക്കുവാനായി നിങ്ങളുടെ സീറ്റ് ആവശ്യപ്പെടാം.
പലപ്പോഴും യാത്രക്കാര്‍ അജ്ഞരായിരിക്കുന്ന റെയില്‍വേ നിയമങ്ങളിലൊന്ന് ലഗേജിനെക്കുറിച്ചുള്ളതാണ്. ഇതനുസരിച്ച്‌ ഓരോ ക്ലാസിലുള്ള യാത്രക്കാര്‍ക്കും അവര്‍ക്ക് കൊണ്ടുപോകുവാന്‍ കഴിയുന്ന ലഗേജിന്റെ ഭാരത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച്‌ എസി കോച്ചില്‍ പരമാവധി 70 കിലോയും സ്ലീപ്പര്‍ ക്സാസില്‍ 40 കിലോയും സെക്കന്‍ഡ് ക്ലാസില്‍ 35 കിലോയും പ്രത്യേക ഫീസ് ഒന്നും നല്കാതെ കൊണ്ടുപോകാം.
 അധികമായി ലഗേജ് ചാര്‍ജ് നല്കിയാല്‍ എസി കോച്ചില്‍ പരമാവധി 150 കിലോയും സ്ലീപ്പര്‍ ക്സാസില്‍ 80 കിലോയും സെക്കന്‍ഡ് ക്ലാസില്‍70 കിലോയും വരെ അധികമായി കൊണ്ടുപോകാം. എന്നാല്‍ 109 രൂപ നല്‍കി ലഗേജ് വാന്‍ ബുക്ക് ചെയ്താല്‍ സുഖമായി പ്രശ്നങ്ങളോ പിഴകളോ ഇല്ലാതെ ലഗേജ് വാനില്‍ ലഗേജ് കൊണ്ടുപോകുവാനുള്ള സൗകര്യവും റെയില്‍വേ ലഭ്യമാക്കുന്നുണ്ട്.
ട്രെയിനിലെ ചെയിനില്‍ പിടിച്ചു വലിച്ചാല്‍ ട്രെയിന്‍ നില്‍ക്കുമെന്നു നമുക്കറിയാം. എന്നാല്‍ പ്രത്യേകിച്ച്‌ കാരണമൊന്നുമില്ലാതെ, നിങ്ങള്‍ ട്രെയിനിലെ ചെയിനില്‍ പിടിച്ച്‌ വലിച്ച്‌ ട്രെയിന്‍ നിര്‍ത്തുന്നത് നിയമപരമായ കുറ്റകൃത്യമാണ്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുവാനുള്ളതാണ് ഈ ചെയിനുകൾ എന്നതിനാലാണത്.
കൂടെയുള്ള ആള്‍ക്കോ കുട്ടികള്‍ക്കോ ട്രെയിന്‍ ലഭിക്കാതെ വരുമ്ബോള്‍, ട്രെയിനിനു തീ പിടിച്ചാല്‍, പ്രായമുള്ള ആളോ, ശാരീരികമായി അവശതകള്‍ അനുഭവിക്കുന്ന ആളോ കയറുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയാൽ, ഹൃദയാഘാതമോ മറ്റോ മൂലം ട്രെയിന്‍ യാത്രയ്ക്കിടെ ഒരാളുടെ ആരോഗ്യം അപകടാവസ്ഥയിലായാല്‍, മോഷണം, പിടിച്ചുപറി തുടങ്ങിയ കാര്യങ്ങള്‍ ട്രെയിന്‍ യാത്രയില്‍ സംഭവിച്ചാല്‍ എന്നിങ്ങനെയുളള സാഹചര്യങ്ങളില്‍ ഒരാള്‍ക്ക് ട്രെയിനിലെ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തുവാന്‍ അനുമതിയുണ്ട്.
മറ്റൊന്നാണ് ടു സ്റ്റേഷന്‍ ബോര്‍ഡിങ് റൂള്‍സ്.നിങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്ന സ്റ്റേഷനില്‍ നിന്നും നിങ്ങള്‍ക്ക് ഏതെങ്കിലും കാരണത്താല്‍ ട്രെയിന്‍ കയറുവാന്‍ സാധിച്ചില്ലെങ്കില്‍ അതു കഴിഞ്ഞുള്ള രണ്ടു സ്റ്റേഷന്‍ പിന്നിടുന്നതുവരെ ആ ട്രെയിനില്‍ കയറുവാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങള്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരിക്കുന്ന ആളായതിനാല്‍ നിങ്ങളുടെ ടിക്കറ്റില്‍ മറ്റൊരാളെ അനുവദിക്കുവാന്‍, ആ ട്രെയിന്‍ നിര്‍ത്തുന്ന അടുത്ത രണ്ട് സ്റ്റോപ്പുകള്‍ കഴിയാതെ ,ടിടിക്ക് അനുവാദമില്ല.
എന്നാല്‍ ആ രണ്ടു സ്റ്റേഷനുകള്‍ കഴിഞ്ഞിട്ടും നിങ്ങള്‍ക്ക് കയറുവാന്‍ സാധിച്ചില്ലെങ്കില്‍ RAC PNR സ്റ്റാറ്റസ് ഉള്ള ഒരാള്‍ക്ക് നിങ്ങളുടെ സീറ്റ് നല്കുവാന്‍ ടിടിഇയ്ക്ക് കഴിയും.പിന്നീട് നിങ്ങൾക്ക് ആ സീറ്റിൽ അവകാശവാദം ഉന്നയിക്കാൻ സാധിക്കില്ല.
യാത്രക്കാര്‍ക്ക് വളരെ പ്രയോജനപ്രദമാകുന്ന മറ്റൊരു റെയില്‍വേ നിയമാണ് വെയിറ്റിങ് ലിസ്റ്റില്‍ യാത്ര ചെയ്യുവാന്‍ അനുവദിക്കുന്ന നിയമം (Waiting List Ticket Travel Rule).ഇതനുസരിച്ച്‌ റെയില്‍വേയുടെ പിആര്‍എസ് കൗണ്ടറുകളില്‍ നിന്നും മേടിക്കുന്ന
ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭ്യമായിരിക്കുകയുള്ളൂ. അതായത് സ്ഥിരീകരിക്കാത്ത ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഈ ഓപ്ഷന് യോഗ്യമല്ല. ടിക്കറ്റ് വിന്‍ഡോയില്‍ നിന്ന് വെയിറ്റിംഗ് ലിസ്റ്റോ കറന്റ് ബുക്കിംഗ് ടിക്കറ്റോ ലഭിച്ചതിന് ശേഷം ട്രെയിനിലെ ടിടിഇയെ കാണണം. ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷവും ഏതെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ടോ എന്നറിയുവാന്‍ ടിടിഇയുടെ സഹായം തേടാം. നിങ്ങളുടെ പക്കല്‍ ഈ ടിക്കറ്റുണ്ടെങ്കില്‍ ടിക്കറ്റ് ചെക്കര്‍ക്ക് നിങ്ങളെ യാത്ര ചെയ്യുന്നതില്‍ നിന്ന് തടയാന്‍ കഴിയില്ല, എന്നാല്‍ ടിടിഇക്ക് ട്രെയിനില്‍ അധിക സീറ്റ് അവശേഷിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സീറ്റ് ലഭിക്കില്ല എന്ന കാര്യം കൂടി ഓര്‍മ്മിക്കാം.
അതേപോലെ റിസര്‍വേഷന്‍ സാധ്യത വര്‍ധിപ്പിക്കുന്ന വികല്‍പ് സംവിധാനത്തെപ്പറ്റിയും അറിഞ്ഞിരിക്കാം.
തിരക്കേറിയ സമയത്തും ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് റിസര്‍വേഷന്‍ ലഭിക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്, വികല്‍പ്-(VIKALP- an Altermate Train Accommodation Scheme) സ്കീം വഴി നിങ്ങള്‍ക്ക് നിങ്ങളുടെ വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ സ്ഥിരീകരിക്കുവാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുവാന്‍ കഴിയും. നിങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ മാത്രമേ ലഭ്യമാകുന്നുള്ളുവെങ്കില്‍ അത് തിരഞ്ഞെടുക്കുമ്ബോള്‍ വികല്പ് (VIKALP) ഓപ്ഷന്‍ പൂരിപ്പിക്കുവാന്‍ ആവശ്യപ്പെടുന്നത് കാണാം. ഇവിടെ നിങ്ങള്‍ ചെയ്യുന്നത് യാത്ര പോകുവാന്‍ ഉദ്ദേശിക്കുന്ന ട്രെയിനിനു പുറമേ, അതേ റൂട്ടില്‍ ഏകദേശം അതിനടുത്ത സമയങ്ങളില്‍ കടന്നു പോകുന്ന ട്രെയിനുകളില്‍ കൂടി നിങ്ങള്‍ക്ക് കണ്‍ഫോം ടിക്കറ്റ് ലഭിക്കുമോ എന്നു നോക്കുകയാണ്. അതായത് നിങ്ങള്‍ പോകുവാന്‍ ഉദ്ദേശിക്കുന്ന ട്രെയിനൊപ്പം അതുവഴി കടന്നുപോകുന്ന മറ്റു ട്രെയിനുകള്‍ കൂടി തിരഞ്ഞെടുക്കണം. പരമാവധി 7ട്രെയിനുകള്‍ തിരഞ്ഞെടുക്കുവാനാണ് കഴിയുക. തിരഞ്ഞെടുത്ത ട്രെയിനിലെ ടിക്കറ്റ് സ്ഥിരീകരിക്കപ്പെട്ടില്ലെങ്കില്‍ ബാക്കി ഇത്രയും ട്രെയിനുകളിലേതെങ്കിലും ഒന്നില്‍ നിങ്ങള്‍ക്ക് കണ്‍ഫോം ടിക്കറ്റ് ലഭിക്കുകയോ അല്ലെങ്കില്‍ കിട്ടുവാനുള്ള അവസരം കൂട്ടുകയോ ചെയ്യുന്നു.
ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് നന്നായി ഉറങ്ങുവാന്‍ സഹായിക്കുന്ന ഒരു നിയമവും ഇന്ത്യന്‍ റെയില്‍വേ കൊണ്ടുവന്നിട്ടുണ്ട്. ഇതനുസരിച്ച്‌
ടിടിഇയ്ക്ക് നിങ്ങളുടെ ടിക്കറ്റ് ചെക്ക് ചെയ്യുവാന്‍ രാത്രി 10 മണിക്ക് ശേഷം വരുവാന്‍ അനുവാദമില്ല
നെറ്റ് ലൈറ്റ് ഒഴികെയുള്ള മറ്റെല്ലാ ലൈറ്റുകളും പത്ത് മണിയാകുമ്ബോഴേക്കും ഓഫ് ചെയ്തിരിക്കണം.
ഗ്രൂപ്പായി യാത്ര ചെയ്യുന്നവര്‍ രാത്രി 10 മണിക്ക് ശേഷം സംസാരിക്കുവാനോ ഒച്ചയെടുക്കുവാനോ പാടില്ല
ലോവര്‍ ബെര്‍ത്തില്‍ ഉള്ള യാത്രക്കാരന് മിഡില്‍ ബെര്‍ത്തിലെ യാത്രക്കാരന്‍ അവരുടെ സീറ്റ് ഉയര്‍ത്തുവാന്‍ ശ്രമിച്ചാല്‍ തടയുവാന്‍ സാധിക്കില്ല.
ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം രാത്രി പത്തിനു ശേഷം നല്കുവാന്‍ സാധിക്കില്ല. എന്നാല്‍ ഇ-കാറ്ററിങ് സര്‍വീസ് വഴി ഏതു സമയത്തും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.ആഫ്റ്റര്‍ 10 PM റൂള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

Back to top button
error: