CareersNEWS

15 വര്‍ഷത്തിനുള്ളില്‍ തൊഴിലുകളില്‍ 40 ശതമാനത്തോളം ഇല്ലാതാകും; ഇതൊക്കെയാണ് സാദ്ധ്യതയേറാന്‍ പോകുന്ന മേഖലകള്‍

വിദ്യാര്‍ത്ഥിക ള്‍ താത്പര്യം, ലക്ഷ്യം, ഉയര്‍ന്ന ഫീസ് താങ്ങാനുള്ള പ്രാപ്തി, പ്രസക്തിയുള്ള കോഴ്സുകള്‍ എന്നിവ വിലയിരുത്തി മാത്രമേ വിദേശപഠനത്തിനു തയ്യാറെടുക്കാവൂ. സോഷ്യല്‍ സയന്‍സ്, മാനേജ്‌മെന്റ്, ബിസിനസ് സ്റ്റഡീസ്, എന്‍ജിനിയറിംഗ് എന്നിവയ്ക്ക് യു.കെ, ഓസ്ട്രേലിയ എന്നിവ മികച്ച രാജ്യങ്ങളാണ്.

ജര്‍മ്മനി ഉള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ടെക്നോളജി, എന്‍ജിനിയറിംഗ് പ്രോഗ്രാമുകള്‍ക്കും കാനഡ ലോജിസ്റ്റിക്സ്, സയന്‍സ്, ടെക്നോളജി കോഴ്സുകള്‍ക്കും മികച്ച രാജ്യങ്ങളാണ്. ലൈഫ് സയന്‍സില്‍ ഉപരിപഠനത്തിന് അമേരിക്കയില്‍ സാദ്ധ്യതയേറെയാണ്. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി പഠനത്തിനും അമേരിക്ക മികച്ച രാജ്യമാണ്. അമേരിക്കയില്‍ സൈബര്‍ സെക്യൂരിറ്റി കോഴ്സുകള്‍ക്കും അനന്ത സാദ്ധ്യതകളുണ്ട്.

Signature-ad

വിദേശ പഠനത്തിന് ഏതാണ് മികച്ച കോഴ്സ് എന്നതില്‍ രക്ഷിതാക്കളിലും വിദ്യാര്‍ത്ഥികളിലും സംശയങ്ങളേറെയുണ്ട്. പ്ലസ് ടുവിനുശേഷമുള്ള അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാം തിരഞ്ഞെടുക്കുമ്പോഴും, ബിരുദ ശേഷമുള്ള ഗ്രാജ്വേറ്റ് പ്രോഗ്രാം കണ്ടെത്തുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. ഭാവി തൊഴില്‍ സാദ്ധ്യതകള്‍, ടെക്നോളജി, ഗവേഷണ വിടവ്, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ പ്രത്യേകം വിലയിരുത്തണം. അപേക്ഷിക്കുന്നതിനു മുമ്പ് സ്ഥാപനങ്ങളുടെ റാങ്കിംഗ് നിലവാരം മനസിലാക്കണം.

മാറുന്ന തൊഴില്‍ സാദ്ധ്യതകള്‍

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ കോഴ്സുകള്‍ വരുന്നതോടൊപ്പം തൊഴിലുകളിലും തൊഴില്‍ സാദ്ധ്യതകളിലും മാറ്റം പ്രകടമാണ്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 2040 ഓടെ ഇപ്പോഴുള്ള തൊഴിലുകളില്‍ 40 ശതമാനത്തോളം ഇല്ലാതാകുമെന്നും പകരം അറിയപ്പെടാത്ത പുതിയ തൊഴില്‍ മേഖലകള്‍ ഉരുത്തിരിഞ്ഞുവരുമെന്നുമാണ്.

ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടിഷനിംഗ്, (HVAC) മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ്, പെയിന്റിംഗ് (MEP) തലങ്ങളില്‍ ടെക്നിഷ്യന്‍, സൂപ്പര്‍വൈസറിതല ജോലിസാദ്ധ്യതകള്‍ വര്‍ദ്ധിച്ചു വരുന്നു. കൊവിഡിന് ശേഷം ടൂറിസം രംഗത്ത് 2047-ഓടു കൂടി 100 ദശലക്ഷം അന്താരാഷ്ട്ര ടൂറിസ്റ്റുകളെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

കാര്‍ഷിക മേഖലയില്‍ അഗ്രിബിസിനസ്സ് മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഭക്ഷ്യ സംസ്‌കരണം, ഫുഡ് ഇ റീട്ടെയ്ല്‍, ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍ എന്നിവയില്‍ വളര്‍ച്ച പ്രതീക്ഷിക്കാം. കാര്‍ഷിക മേഖലയില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ക്കിണങ്ങിയ ടെക്നോളജിക്ക് പ്രാധാന്യം കൈവരും. പ്രെസിഷന്‍ ഫാമിംഗ്, ഡ്രോണ്‍ ടെക്നോളജി, ജി.ഐ.എസ്, സോയില്‍ മാപ്പിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ് എന്നിവയില്‍ കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കാം. മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മാണത്തിന് പ്രാധാന്യം ലഭിക്കുന്നതോടെ ഫുഡ് ടെക്നോളജി കരുത്താര്‍ജിക്കും.

കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടാനുള്ള ടെക്നോളജി, ഗവേഷണം, കാര്‍ബണ്‍ നെറ്റ് സിറോയിലെത്തിക്കാനുള്ള ഗവേഷണം, സുസ്ഥിര സാങ്കേതിക വിദ്യ എന്നിവയില്‍ ആഗോളതലത്തില്‍ വന്‍വളര്‍ച്ച പ്രതീക്ഷിക്കാം.

ബയോ എന്‍ജിനിയറിംഗ്, റീജനറേറ്റീവ് ബയോളജി, ഡെര്‍മറ്റോളജി, കോസ്മെറ്റോളജി, ഫിസിയോതെറാപ്പി, മൈക്രോബയോളജി എന്നിവ ലോകത്താകമാനം സാദ്ധ്യതയുള്ള മേഖലകളാണ്. എനര്‍ജി മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകളില്‍ ഹൈഡ്രജന്‍ എനര്‍ജി, ഗ്രീന്‍ എനര്‍ജി, ക്ലീന്‍ എനര്‍ജി എന്നിവ വിപുലപ്പെടും.

ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്നോളജി, എനര്‍ജി, സുസ്ഥിര സാങ്കേതിക വിദ്യ, 6 ജി കണക്ടിവിറ്റി, സോളാര്‍ ജിയോ എന്‍ജിനിയറിംഗ്, സൂപ്പര്‍ സോണിക് എയര്‍ ക്രാഫ്റ്റുകള്‍, ഓപ്പണ്‍ റാന്‍ സാങ്കേതിക വിദ്യ, പ്രീഫാബ് കണ്‍സ്ട്രക്ഷന്‍, ഗ്രീന്‍ കണ്‍സ്ട്രക്ഷന്‍, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതിക സൗകര്യ വികസനം, 3 ഡി പ്രിന്റഡ് വീടുകള്‍, ബയോമെഡിക്കല്‍ സയന്‍സ്, മോളിക്യൂലാര്‍ ബയോളജി, ഹെല്‍ത്ത് ജനറ്റിക്സ്, വ്യക്തിഗത മരുന്നുകള്‍, ഹെല്‍ത്ത് ട്രാക്കറുകള്‍, സൈക്കോളജി, പാരിസ്ഥിതിക ശാസ്ത്രം, ബിസിനസ് ഇക്കണോമിക്സ്, സ്പേസ് ടൂറിസം, ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് സ്ട്രീമിംഗ്, മെറ്റാ വേര്‍സ് എന്നിവ തൊഴില്‍ മേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കും.

 

Back to top button
error: