KeralaNEWS

3 തവണ അംഗമായവര്‍ക്ക് സഹകരണ സംഘത്തിലേക്ക് വീണ്ടും മത്സരിക്കാം; വിലക്ക് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സഹകരണ സംഘം ഭരണ സമിതിയില്‍ തുടര്‍ച്ചയായി 3 തവണ അംഗമായവര്‍ക്ക് തുടര്‍ന്നു മത്സരിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തുന്ന സഹകരണ നിയമത്തിലെ ഭേദഗതി ഹൈക്കോടതി റദ്ദാക്കി. സംഘങ്ങളുടെ സ്വയംഭരണ, ജനാധിപത്യ അവകാശങ്ങളിലുള്ള കടന്നു കയറ്റമാണ് ഇതെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് നഗരേഷിന്റെ ഉത്തരവ്. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജിക്കാര്‍ ചോദ്യം ചെയ്ത മറ്റെല്ലാ ഭേദഗതികളും ശരിവച്ചു.

സര്‍ക്കാരിനു നിയമങ്ങളിലൂടെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാമെങ്കിലും ഏകപക്ഷീയമായ വ്യവസ്ഥകളിലൂടെ സംഘങ്ങളുടെ ജനാധിപത്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാകില്ലെന്നു കോടതി പറഞ്ഞു. ഭരണസമിതി അംഗങ്ങള്‍ക്കു കൂടുതല്‍ അനുഭവപരിചയമുണ്ടാകുന്നത് സഹകരണ സംഘത്തിനു പ്രയോജനകരമാണു. ദീര്‍ഘകാലം ഭരണ സമിതിയിലിരുന്നാല്‍ സ്ഥാപിത താത്പര്യം ഉണ്ടാകുമെന്നത് ഉള്‍പ്പെടെയുള്ള ആശങ്കകള്‍ പരിഗണിക്കേണ്ടത് ജനറല്‍ ബോഡി അംഗങ്ങളാണ്.

Signature-ad

ജനറല്‍ ബോഡിക്കു ആവശ്യമെങ്കില്‍ നിയമാവലിയില്‍ വ്യവസ്ഥകള്‍ ചേര്‍ക്കാം. സര്‍ക്കാര്‍ ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തുമ്പോള്‍ ഏറ്റവും മികച്ച അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ജനറല്‍ ബോഡിയുടെ അവകാശത്തില്‍ ഇടപെടുകയാണ്. ക്രെഡിറ്റ് സൊസൈറ്റികള്‍ക്കാണ് ഇത്തരത്തില്‍ വിലക്ക് ബാധകമാക്കിയത്. എന്നാല്‍ എല്ലാ സഹകരണ സംഘങ്ങളേയും പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും വ്യവസ്ഥ വിവേചനപരമാണെന്നും കോടതി പറഞ്ഞു.

കേരളത്തിലെ ഒട്ടേറെ സഹകരണ സംഘങ്ങള്‍ കെടുകാര്യസ്ഥതമൂലം സാമ്പത്തിക പ്രശ്നം നേരിടുകയാണെന്നും ദീര്‍ഘകാലം ഭരണത്തിലിരുന്നതിലൂടെ സ്ഥാപിതതാത്പര്യമുണ്ടാകുന്നവരെ ഒഴിവാക്കുകയാണു ഭേദഗതിയുടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ അറിയിച്ചു.

തുടര്‍ച്ചയായി മൂന്ന് ടേം പൂര്‍ത്തിയാക്കിയവര്‍ക്കു ഭരണ സമിതിയിലേക്കു മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തി കേരള സഹകരണ സൊസൈറ്റി നിയമം 1969ല്‍ ഉള്‍പ്പെടുത്തിയ 28 (എ) അടക്കമുള്ള ഭേദഗതികളാണ് വിവിധ സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളായ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്. പ്രാഥമിക സംഘങ്ങളുടെ അക്കൗണ്ടിങിനു ഏകീകൃത സോഫ്റ്റ്വെയര്‍ ഏര്‍പ്പെടുത്തിയതും കോ ഓപ്പറേറ്റീവ് റിവൈവല്‍ ഫണ്ട് രൂപീകരണവും ലാഭവിഹിതത്തില്‍ നിന്നു നിശ്ചിത ശതമാനം പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ടായി നല്‍കണമെന്നതും ഉള്‍പ്പെടെ മറ്റു നയമഭേദഗതികള്‍ കോടതി ശരിവച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: