KeralaNEWS

തിരുവനന്തപുരം റയിൽവെ സ്റ്റേഷനിൽ വിമാനത്താവളത്തിന് സമാനമായ വികസനം; നിര്‍മാണക്കരാര്‍ കെ-റെയിലിന്

തിരുവനന്തപുരം: സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ നവീകരണത്തിനുള്ള കരാർ കെ-റെയില്‍ ആർ.വി.എൻ.എലിന്. ആധുനിക സംവിധാനങ്ങളോടെ നവീകരിക്കുന്ന പദ്ധതിയുടെ ചെലവ് 439 കോടി രൂപയാണ്.

കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരമാണ് നവീകരണം. 42 മാസംകൊണ്ട് പൂർത്തിയാക്കണമെന്നാണ് കരാർ. നിർമാണജോലികള്‍ ഉടൻ തുടങ്ങിയേക്കും. വർക്കല റെയില്‍വേ സ്റ്റേഷൻ നവീകരണം ഏറ്റെടുത്തതും കേരള റെയില്‍ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡും(കെ-റെയില്‍)റെയില്‍ വികാസ് നിഗം ലിമിറ്റഡു(ആർ.വി.എൻ.എല്‍.)മാണ്. 27 റെയില്‍വേ മേല്പാലങ്ങളുടെ നിർമാണവും ഇവർക്കാണ്.

തലസ്ഥാന നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ് തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ.പൈതൃകമന്ദിരത്തിന്റെ വാസ്തുശാസ്ത്ര പ്രത്യേകതകള്‍ അതേപടി നിലനിർത്തിയാകും പുതിയ കെട്ടിടങ്ങള്‍ നിർമിക്കുന്നത്. തെക്കുവടക്ക് ഭാഗങ്ങളിലായിരിക്കും പുതിയവയുടെ നിർമാണം.

വിമാനത്താവളങ്ങള്‍ക്കു സമാനമായ സൗകര്യത്തോടെ ഇരിപ്പിടങ്ങള്‍. പുറപ്പെടുന്നവർക്കും എത്തിച്ചേരുന്നവർക്കും പ്രത്യേക ലോഞ്ചുകള്‍ ഉണ്ടാകും. ലിഫ്റ്റ്, എസ്കലേറ്ററുകള്‍ എന്നിവ നിർമിക്കും.

ട്രെയിൻ പുറപ്പെടുന്നതിനു തൊട്ടുമുമ്ബ് നിശ്ചിതസമയത്ത് യാത്രക്കാർക്ക് പ്ലാറ്റ്ഫോമില്‍ പ്രവേശിക്കാം. അനാവശ്യ തിരക്കു കുറയ്ക്കാൻ ഈ നിയന്ത്രണങ്ങള്‍ സഹായകമാകും.

ട്രെയിൻ വിവരങ്ങള്‍ അറിയാൻ കൂടുതല്‍ ഡിജിറ്റല്‍ ഡിസ്പ്ലേ ബോർഡുകള്‍ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.അക്വാ ഗ്രീൻ നിറത്തിലാകും മേല്‍ക്കൂര. ആനത്തലയുടെ രൂപമുള്ള തൂണുകളും പുതിയ രൂപരേഖയിലുണ്ട്.400 കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സൗകര്യപ്രദമായ മള്‍ട്ടിലെവല്‍ കാർ പാർക്കിംഗും ഉണ്ടായിരിക്കും.

കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ വരുമാനമുള്ളത് തിരുവനന്തപുരത്തുനിന്നാണ്. കഴിഞ്ഞ സാമ്ബത്തിക വർഷം 262 കോടി രൂപയാണ് നേടിയത്. എറണാകുളം ജങ്ഷനും(227 കോടി രൂപ) കോഴിക്കോടുമാണ്(178 കോടി രൂപ) രണ്ടും മൂന്നും സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: