KeralaNEWS

കടം വാരിക്കൂട്ടുന്നതിൽ തമിഴ്‌നാടും മഹാരാഷ്ട്രയും മുന്നിൽ;കേരളം ഗുജറാത്തിനേക്കാൾ പിന്നിൽ

ന്യൂഡൽഹി: കേരളത്തിന്റെ കടമെടുപ്പ് സംബന്ധിച്ച കോലാഹലങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഒരു നിയന്ത്രണവുമില്ലാതെ കടംവാരിക്കൂട്ടുകയാണെന്ന വിമര്‍ശനം പ്രതിപക്ഷവും കേന്ദ്രസര്‍ക്കാരും ഉന്നയിക്കുന്നു.
കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം കടുംവെട്ട് നടത്തുകയാണെന്നും സാമ്പത്തികമായി ഉപരോധിക്കുന്നതാണ് ഈ നടപടിയെന്നും സംസ്ഥാന സര്‍ക്കാരും വാദിക്കുന്നു. കേരളവും കേന്ദ്രവും തമ്മില്‍ ഈ കടമെടുപ്പ് പരിധി സംബന്ധിച്ച പോര് സുപ്രീം കോടതിയില്‍ പോലുമെത്തി.
എന്നാല്‍, റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ സാമ്പത്തികാവലോകന റിപ്പോര്‍ട്ട് (RBI Bulletin April 2024) വ്യക്തമാക്കുന്നത് രാജ്യത്തെ വലിയ (Major) സംസ്ഥാനങ്ങള്‍ക്കിടയില്‍ കടമെടുപ്പില്‍ ഏറ്റവും പിന്നിലാണ് കേരളം എന്നാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ കണക്കുപ്രകാരം മൊത്തം കടമെടുപ്പില്‍ (Gross market borrowing) തമിഴ്‌നാടാണ് 91,001 കോടി രൂപയുമായി ഒന്നാംസ്ഥാനത്ത്. 80,000 കോടി രൂപ കടമെടുത്ത് മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തുമാണ്.
ആന്ധ്രാപ്രദേശ് 68,400 കോടി രൂപയും ഉത്തര്‍പ്രദേശ് 61,350 കോടി രൂപയും കര്‍ണാടക 60,000 കോടി രൂപയുമാണ് കടമെടുത്തിട്ടുള്ളത്. രാജസ്ഥാന്‍ (59,049 കോടി രൂപ), ബംഗാള്‍ (52,910 കോടി രൂപ), ബിഹാര്‍ (44,000 കോടി രൂപ), പഞ്ചാബ് (42,386 കോടി രൂപ), തെലങ്കാന (41,900 കോടി രൂപ) എന്നിവയും കടമെടുപ്പില്‍ കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഹരിയാന (39,000 കോടി രൂപ), മദ്ധ്യപ്രദേശ് (38,500 കോടി രൂപ), ഗുജറാത്ത് (30,500 കോടി രൂപ) എന്നിവയും കേരളത്തിന് മുന്നിലുണ്ട്. കേരളം കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലെടുത്ത മൊത്തം കടം 28,830 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2022-23ല്‍ കേരളം 38,839 കോടി രൂപ കടമെടുത്തിരുന്നു. 2021-22ലാകട്ടെ എടുത്തത് 27,000 കോടി രൂപയുമായിരുന്നു.
തമിഴ്നാട്       91,001 കോടി
മഹാരാഷ്ട്ര    80,000 കോടി
ആന്ധ്ര           68,400 കോടി
യൂ പി              61,350 കോടി
കർണാടക     60,000 കോടി
രാജസ്ഥാൻ     59,049 കോടി
ബംഗാൾ          52,910 കോടി
ബീഹാർ          44,000 കോടി
പഞ്ചാബ്          42,386 കോടി
തെലുങ്കാന      41,900 കോടി
ഹരിയാന        39,000 കോടി
മധ്യപ്രദേശ്       38,500 കോടി
ഗുജറാത്ത്‌       30,500 കോടി
കേരളം            28,830 കോടി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: