KeralaNEWS

27 വര്‍ഷം; അങ്കമാലി – എരുമേലി ശബരി റെയില്‍ പാതയ്ക്ക് ഇനിയെങ്കിലും ഉയരുമോ പച്ചക്കൊടി?

കൊച്ചി: 1997ല്‍ പ്രഖ്യാപിച്ച അങ്കമാലി – എരുമേലി ശബരി റെയില്‍ പാതയുടെ നിർമ്മാണം ഇപ്പോഴും ത്രിശങ്കുവില്‍. നിർമ്മാണം പൂർത്തിയായ ഏഴ് കിലോമീറ്റർ ട്രാക്ക് കാടുപിടിച്ച്‌ കിടക്കുകയാണ്.

മൂന്നു ജില്ലകളിലൂടെ കടന്നുപോകുന്ന പദ്ധതി 1997-98ലാണ് പ്രഖ്യാപിച്ചത്. 111 കിലോ മീറ്റർ നീളമുള്ള പാതയുടെ ഏഴ് കിലോമീറ്റർ പാത മാത്രമാണ് നിർമ്മാണം പൂർത്തിയായത്. കാലടി സ്റ്റേഷനും പെരിയാറിലെ പാലവും നിർമ്മാണം പൂർത്തിയായെങ്കിലും 2019ല്‍ പദ്ധതി മരവിപ്പിക്കുകയായിരുന്നു. പദ്ധതി നിലച്ചതോടെ 24 വർഷം മുൻപ് കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ ഉടമകള്‍ വസ്തു വില്‍ക്കാനോ ഈടുവെച്ച്‌ വായ്പ വാങ്ങാനോ കഴിയാതെ ദുരിതത്തിലാണ്.

3,810 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ശബരി ലൈനിനായി കേരള റെയില്‍ ഡിവലപ്‌മെന്റ് കോർപ്പറേഷൻ തയ്യാറാക്കിയത്.ഇതിന്റെ പകുതിയായ 1905 കോടി കേരളം നല്‍കണം.ഇതാണ് പദ്ധതി നടപ്പാക്കുന്നതിൽ പ്രധാന തടസ്സം.

മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത നിബന്ധനകളാണ് അത് ദേശീയ പാത നിർമ്മാണത്തിനായാലും റയിൽവെ വികസനത്തിനായാലും കേന്ദ്രം കേരളത്തിന് മുന്നിൽ വയ്ക്കുന്നത്.ദേശീയപാത വികസനത്തിനായി 5,519 കോടി രൂപയാണ് കേരളം നൽകിയത്.

എന്തായാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്.തുടർന്ന് ശബരി റെയില്‍ പാതയുടെ നിർമാണത്തിനുള്ള ധനസമാഹരണത്തിനായി വഴികള്‍ കണ്ടെത്താൻ തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത ഉന്നതതല യോഗത്തില്‍ ധനവകുപ്പിനെ ചുമതലപ്പെടുത്തി.ഇതോടെ അങ്കമാലി – എരുമേലി റയില്‍പാത യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവൻ വച്ചിരിക്കുകയാണ്.

ശബരിമല തീർഥാടകർക്കായി വിഭാവനം ചെയ്ത 111 കിലോമീറ്റർ പാത മൂന്നു ജില്ലകളിലെ ജനങ്ങള്‍ക്ക് ഉപകരിക്കും.പിന്നീട് ഇത് എരുമേലിയിൽ നിന്നും റാന്നി,പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ വഴി തിരുവനന്തപുരത്തേക്ക് നീട്ടുകയും ചെയ്താൽ മൊത്തം ആറ് ജില്ലകളിലെ ജനങ്ങൾക്ക് പൂർണമായും ഉപകാരപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: