തോമസ് ഐസക്ക് തോൽക്കുമെന്ന് ഒരു പ്രമുഖ ചാനൽ കഴിഞ്ഞദിവസം നടത്തിയ സർവ്വേയിൽ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സർവെ തോല്‍ക്കുമെന്നു അസന്നിഗ്ധമായി പ്രവചിച്ച 31 സ്ഥാനാർത്ഥികളാണ് ജയിച്ചത്. മുപ്പതിനായിരം വോട്ടിനു മുകളില്‍ ഭൂരിപക്ഷം ഒരു സ്ഥാനാർത്ഥിയ്ക്ക് ലഭിച്ച സാഹചര്യം ഉണ്ടായെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർക്കുന്നു.
തെരഞ്ഞെടുപ്പു സർവെ എന്ന പേരില്‍ വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയപക്ഷമുള്ള മാധ്യമങ്ങള്‍ ശ്രമിക്കുന്നത് ലോകത്തെ ആദ്യത്തെ സംഭവമൊന്നുമല്ല. അത് പലപ്പോഴും തട്ടിക്കൂട്ടുമായിരിക്കും. ഡാറ്റാ മാനിപ്പുലേഷനും കടന്ന് നടത്താത്ത സർവെയുടെ പേരിലും ഇപ്പോള്‍ പ്രവചന മാമാങ്കങ്ങള്‍ അരങ്ങേറുകയാണ്. രാഷ്ട്രീയ പാർടികള്‍ വിലക്കെടുക്കുന്ന സ്ഥാപനങ്ങളും ആ പാർട്ടികളുടെ മുഖപത്രവും ഔദ്വോഗിക ജിഹ്വയുമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങളും ചേർന്നാണ് സർവെ അഭ്യാസം. ജയപ്രതീതി സൃഷ്ടിച്ച് വോട്ടർമാരെ വരുതിയ്ക്കു വരുത്തുകയാണ് ലക്ഷ്യം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗമായിരുന്നു. പക്ഷേ, ഏതു സർവെയിലാണ് അത് പ്രതിഫലിച്ചത്? ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന സർവെയില്‍ എല്‍ഡിഎഫിന് പ്രവചിച്ചത്? ഉടുമ്ബൻചോലയില്‍ സഖാവ് എം എം മണി തോല്‍ക്കുമെന്നായിരുന്നു സർവെ. മുപ്പത്തെണ്ണായിരത്തിലധികം വോട്ടിനാണ് സഖാവ് ജയിച്ചത്. ഈ മണ്ഡലത്തില്‍ എന്തു സർവെ നടത്തിയിട്ടായിരുന്നു ഈ പ്രവചനം. അത്രയും ഉയർന്ന ഭൂരിപക്ഷത്തിന് ജയിക്കുന്ന സാഹചര്യം മനസിലാക്കാൻ കഴിയാത്ത സർവെ നടത്തിപ്പിന് എന്ത് ആധികാരികതയാണുള്ളത്? കാര്യം വ്യക്തമാണ് സഖാവ് മണിയാശാൻ തോല്‍ക്കണമെന്നായിരുന്നു മാനേജ്മെന്റ് താല്‍പര്യം. ആ താല്‍പര്യം ആ മാനേജ്മെന്റിന്റെ രാഷ്ട്രീയപക്ഷപാതത്തില്‍ നിന്നുണ്ടാകുന്നതാണ്. അല്ലെങ്കിലെങ്ങനെ, അറുപതിനായിരവും അമ്ബതിനായിരവും വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാർത്ഥികളുടെ മണ്ഡലത്തില്‍ കടുത്ത മത്സരം എന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ചത്?
ഒരു സർവെ തോല്‍ക്കുമെന്നു അസന്നിഗ്ധമായി പ്രവചിച്ച 31 സ്ഥാനാർത്ഥികളാണ് ജയിച്ചത്. മുപ്പതിനായിരം വോട്ടിനു മുകളില്‍ ഭൂരിപക്ഷം ഒരു സ്ഥാനാർത്ഥിയ്ക്ക്. ഇരുപതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷം മൂന്നു സ്ഥാനാർത്ഥികള്‍ക്ക്. പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷം എട്ടു സ്ഥാനാർത്ഥികള്‍ക്ക്. എല്ലാവരും എല്‍ഡിഎഫ്. എന്താണിതിനർത്ഥം. മാധ്യമസ്ഥാപനത്തിന്റെ രാഷ്ട്രീയതാല്‍പര്യം സർവെയുടെ രൂപത്തില്‍ ബഹുജനങ്ങളെ അടിച്ചേല്‍പ്പിക്കുകയായിരുന്നു. അതുകൊണ്ടു വല്ല കാര്യവുമുണ്ടായോ?ഇല്ലേയില്ല.
കൂട്ടത്തിൽ ബിജെപിയ്ക്കും നൽകി 2 സീറ്റ്. ആലോചിച്ചു നോക്കൂ, സംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞടിച്ച, എല്‍ഡിഎഫിന് 99 സീറ്റു ലഭിച്ച തെരഞ്ഞെടുപ്പിലായിരുന്നു ഈ പ്രവചനം. 24 ലക്ഷത്തോളം വോട്ടുകളാണ് യുഡിഎഫിനെക്കാള്‍ എല്‍ഡിഎഫിന് അധികം ലഭിച്ചത്. ആ ജനവിധിയെ പ്രതിഫലിപ്പിക്കുന്നതില്‍ അമ്ബേ പരാജയമായിരുന്നു സർവെ.അവരാണ് ഇത്തവണ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
എല്‍ഡിഎഫിനെക്കാള്‍ ബിജെപി ഒരല്‍പ്പം മുന്നില്‍ എന്നൊക്കെ സ്ഥാപിക്കാൻ വിയർത്തു പണിയെടുക്കുകയാണ് മാധ്യമങ്ങള്‍. ഈ തന്ത്രം നേരത്തെ നാം കണ്ടിട്ടുണ്ട്. അരുവിക്കരയില്‍. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടി പയറ്റിയ അടവിന്റെ ആവത്തനമാണിത്.
മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് തിരഞ്ഞെടുപ്പിന്റെ തൊട്ടു മുന്നേ, ഉമ്മൻചാണ്ടി ഒരു പ്രഖ്യാപനം നടത്തി. ബിജെപിയുടെ പേരു പറഞ്ഞ് മതന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തി യുഡിഎഫിനു പിന്നില്‍ അണിനിരത്തുകയായിരുന്നു ലക്ഷ്യം. ഇതേ അടവ് 2016ലെ പൊതുതിരഞ്ഞെടുപ്പിലും യുഡിഎഫ് പയറ്റാൻ ശ്രമിച്ചിരുന്നു. സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേയ്ക്ക് വോട്ടുകള്‍ പ്രവഹിക്കുന്നു; യുഡിഎഫിനെ നേരിടാൻ പ്രാപ്തിയില്ലാത്ത മുന്നണിയായി എല്‍ഡിഎഫ് മാറുന്നു എന്നൊക്കെയായിരുന്നു ഒരു പത്രത്തിന്റെ അന്നത്തെ സ്ഥിരം എക്സ്ക്ലൂസീവ്.
ആ തന്ത്രമൊക്കെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി തുറന്നു കാണിക്കപ്പെട്ടിരുന്നു. ആ പഴയ വീഞ്ഞാണ് പുതിയ കുപ്പിയില്‍ ഇപ്പോള്‍ വില്‍പനയ്ക്കു വെച്ചിരിക്കുന്നത്.
ഇത്തരം സർവെകളുടെ ലക്ഷ്യം പണ്ട് മനോരമ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 2011ല്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സമയം. തെരഞ്ഞെടുപ്പു ദിവസത്തിന് തൊട്ടുതലേന്ന് മനോരമ ഒരു വിശകലനം പ്രസിദ്ധീകരിച്ചു. എല്ലാ ജില്ലകളിലെയും പൊതുരാഷ്ട്രീയാന്തരീക്ഷത്തിന്റെ അവലോകനം എന്ന തരത്തിലായിരുന്നു വാർത്തയെഴുത്തിന്റെ രീതി.
ആ റിപ്പോർട്ടില്‍ കോഴിക്കോട് ജില്ലയെക്കുറിച്ച് എഴുതിയതില്‍ താഴെ പറയുംപ്രകാരം ഒരു വാചകമുണ്ട്. “തുടക്കത്തില്‍ പിന്നിലായതിന്റെ കേടുതീർത്ത് അഭിപ്രായ സർവെയിലും ഇന്റലിജൻസ് റിപ്പോർട്ടിലും മുന്നിലെത്തിയത് യുഡിഎഫിനു ഗുണം ചെയ്തു”.
പിന്നില്‍ നില്‍ക്കുന്ന യുഡിഎഫിനെ പത്രം എങ്ങനെയാണ് മുന്നിലെത്തിക്കുന്നത് എന്നു നോക്കൂ. യുഡിഎഫ് പിന്നിലാകുമ്ബോള്‍ അതാ വരുന്നു, അഭിപ്രായ സർവെ. തൊട്ടുപിന്നാലെ ഇന്റലിജൻസ് റിപ്പോർട്ട്. രണ്ടും വന്നതോടെ യുഡിഎഫ് മുന്നിലായി എന്നാണ് പത്രം സ്ഥാപിക്കാൻ ശ്രമിച്ചത്.
ഫലം വന്നപ്പോഴോ… ജില്ലയിലെ 13 സീറ്റില്‍ 11ലും ജയിച്ചത് എല്‍ഡിഎഫ്.യഥാർത്ഥത്തില്‍ കോഴിക്കോട് ജില്ലയില്‍ അന്ന് എല്‍ഡിഎഫ് തന്നെയായിരുന്നു മുന്നില്‍. അപ്പോള്‍പ്പിന്നെ എങ്ങനെ സർവെ ഫലം മറിച്ചായി? നാട്ടിലെ ജനത്തിന്റെ അഭിപ്രായമായിരുന്നില്ലല്ലോ സർവെ പ്രവചിച്ചത്. യുഡിഎഫ് പിന്നിലായി. അപ്പോള്‍ യുഡിഎഫിനെ മുന്നിലെത്തിക്കാൻ ഒരു സർവെ അവതരിച്ചു. സർവെ വന്നതോടെ പിന്നിലായിരുന്നവർ മുന്നിലെത്തിയെന്ന് പത്രം റിപ്പോർട്ടു ചെയ്യുകയും ചെയ്തു. പക്ഷേ, റിസള്‍ട്ടു വന്നപ്പോള്‍ പിന്നിലായിരുന്നവർ പിന്നില്‍ത്തന്നെയായിരുന്നു. ക്രിസ്റ്റഫർ നോളനുപോലും സങ്കല്‍പ്പിക്കാൻ പറ്റാത്ത ടൈം ലൂപ്പ്.
ഇതൊക്കെ ഡെസ്കിലിരുന്ന് കാട്ടിക്കൂട്ടുന്ന കലാപരിപാടികളാണ്. രാഷ്ട്രീയയാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. ജനങ്ങള്‍ ഇതിനൊക്കെ അത്ര വിലയേ കൊടുത്തിട്ടുള്ളൂ – തോമസ് ഐസക്ക് പറഞ്ഞു