KeralaNEWS

കൊച്ചി ഇവന്‍റുകളുടെ ഹബ്ബാകുന്നു; ജനുവരിയില്‍ മാത്രം ചെലവഴിച്ചത് 250 കോടി

കൊച്ചി: ദേശീയ, അന്തര്‍ദേശീയ ഇവന്‍റ് സംഘാടകരുടെ ഇഷ്ടയിടമായി കൊച്ചി.ജനുവരിയില്‍ മാത്രം വിവിധ മേഖലകളിലെ മെഗാ സമ്മേളനങ്ങള്‍ക്ക്  വേദിയായതിലൂടെ 250 കോടി രൂപയാണ് കൊച്ചിയിൽ ചെലവഴിക്കപ്പെട്ടത്.

ആരോഗ്യമേഖലയിലെ രണ്ടു രാജ്യാന്തര സമ്മേളനങ്ങള്‍ക്കു ജനുവരിയില്‍ കൊച്ചി വേദിയായി. രാജ്യത്തിനകത്തും പുറത്തും നിന്നുമായി 35,000ത്തോളം പേര്‍ ഈ സമ്മേളനങ്ങളുടെ ഭാഗമായി കൊച്ചിയിലെത്തി. ഇതില്‍ 2000 പേര്‍ വിദേശ പ്രതിനിധികളാണ്.

Signature-ad

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മനഃശാസ്ത്ര രംഗത്തെ വിദഗ്ധരും ഗവേഷകരും ഒത്തുചേര്‍ന്ന അന്താരാഷ്‌ട്ര സൈക്യാട്രി കോണ്‍ഫറന്‍സില്‍ (ആന്‍സിപ്‌സ് 2024) 15,000 പേര്‍ പങ്കെടുത്തു. ശിശുരോഗ വിദഗ്ധരുടെ അന്താരാഷ്‌ട്ര സമ്മേളനമായ പെഡികോണില്‍ വന്നത് 10,000ത്തിലധികം പേരാണ്. കൊച്ചിയിലെ പ്രമുഖ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലാണ് ഇവന്‍റുകള്‍ നടന്നത്. ഇതിനോടനുബന്ധിച്ചു നടന്ന സംസ്‍കാരിക, പ്രദർശന പരിപാടികള്‍ക്കായി നിരവധിപ്പേർ എത്തി.

ഇവയ്ക്കു പുറമേ ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ചെറുതും വലുതുമായ കോണ്‍ഫറന്‍സുകളും കൊച്ചിയില്‍ മാത്രം നടന്നു. കോണ്‍ഫറന്‍സുകളുടെ വിശാലമായ വേദികള്‍, പ്രതിനിധികള്‍ക്കുള്ള താമസം, ഭക്ഷണം, യാത്ര എന്നിവ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ വലിയ ബിസിനസിനു വഴി തുറന്നു. ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്ര എക്‌സ്‌പോയില്‍ 200 ദേശീയ, ബഹുരാഷ്‌ട്ര മെഡിക്കല്‍, ഉപകരണ കമ്ബനികളുടെ പങ്കാളിത്തമുണ്ടായിരുന്നു.

കൊച്ചിയിലും സമീപപ്രദേശങ്ങളിലും അയല്‍ ജില്ലകളിലുമായി വിവിധ ദിവസങ്ങളില്‍ 1.25 ലക്ഷം റൂം ബുക്കിംഗുകള്‍ ഉണ്ടായെന്ന് മുൻനിര ഇവന്‍റ് മാനേജ്‌മെന്‍റ് കമ്ബനിയായ എക്‌സിക്യൂട്ടീവ് ഇവന്‍റ്സ് മാനേജിംഗ് ഡയറക്ടര്‍ രാജു കണ്ണമ്ബുഴ പറഞ്ഞു.

കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, ലോക്കല്‍ ടാക്‌സി സര്‍വീസുകള്‍, ഓട്ടോറിക്ഷകള്‍, ടോള്‍ ബൂത്തുകള്‍, കൊച്ചി രാജ്യാന്തര വിമാനത്താവളം, ഹോട്ടലുകള്‍, റസ്റ്ററന്‍റുകള്‍, ടൂറിസ്റ്റ് ബോട്ടുകള്‍, ക്രൂയിസുകള്‍ തുടങ്ങിയ രംഗങ്ങളിലും ജനുവരിയില്‍ പുതിയ ഉണര്‍വുണ്ടായി. കേരളത്തിലെ ഇവന്‍റുകളുമായി ബന്ധപ്പെട്ടു ജനുവരിയില്‍ വിമാനയാത്രകള്‍ക്കായി 25 കോടിയുടെ അന്താരാഷ്‌ട്ര ബുക്കിംഗ് നടന്നതായി ടൂറിസം മേഖലയിലെ സേവനദാതാക്കള്‍ ചൂണ്ടിക്കാട്ടി.

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ജനുവരി മാസം മുറികളൊന്നും കാലിയായുണ്ടായിരുന്നില്ല.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ള നഗരമാണ് കൊച്ചി.

 കൊച്ചി വഴി കേരളത്തിന് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ വൻ മുന്നേറ്റമാണ് ഈ‌ വർഷം ആദ്യം തന്നെ ഉണ്ടായിരിക്കുന്നത്.ആയിരക്കണക്കിന് ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Back to top button
error: