
യുഎഇയിലെ പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയർലൈനിൽ യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കായി പ്രീ-അപ്രൂവ്ഡ് വിസ ഓൺ അറൈവൽ സൗകര്യം ആരംഭിച്ചു. ദുബൈ വിസ പ്രോസസിംഗ് സെൻ്റർ പൂർത്തീകരിച്ച 14 ദിവസത്തെ സിംഗിൾ എൻട്രി വിസയാണ് ലഭ്യമാവുക. ഇതിലൂടെ ദുബൈയിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ ക്യൂ നിൽക്കുന്നത് ഒഴിവാക്കാനാകും. ഇന്ത്യൻ യാത്രക്കാരുടെ യാത്രാ നടപടിക്രമങ്ങൾ എളുപ്പമാകുകയും ചെയ്യും.
എല്ലാവർക്കും ലഭ്യമാകില്ല!

സാധുതയുള്ള ആറ് മാസത്തെ യുഎസ് വിസ, യുഎസ് ഗ്രീൻ കാർഡ്, യൂറോപ്യൻ യൂണിയൻ റെസിഡൻസി അല്ലെങ്കിൽ യുകെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമായിരിക്കും ഈ സേവനം ലഭ്യമാവുക. വിസ അനുവദിക്കുന്നത് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സിൻ്റെ വിവേചനാധികാരത്തിൽ പെട്ട കാര്യമാണെന്നും എമിറേറ്റ്സ് വ്യക്തമാക്കി.
എങ്ങനെ ലഭിക്കും?
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് emirates(dot)com എന്ന വെബ്സൈറ്റ് വഴിയോ അവരുടെ ഇഷ്ടപ്പെട്ട ട്രാവൽ ഏജൻ്റ് വഴിയോ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം. തുടർന്ന് വെബ്‌സൈറ്റിൽ ‘Manage an existing booking’ എന്നതിൽ നിന്ന് ‘apply for a UAE visa’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്ന് എമിറേറ്റ്സ് വിശദീകരിച്ചു. ശേഷം വിസ സേവനങ്ങൾ നൽകുന്ന വിഎഫ്സ് (VFS) ഗ്ലോബൽ സർവീസസിന്റെ ഓൺലൈൻ യുഎഇ വിസ അപേക്ഷാ സൈറ്റ് മുന്നിൽ തുറക്കും.