Social MediaTRENDING

റാന്നി കർത്താക്കൻമാർ നാടിന് നൽകിയ മതമൈത്രി സന്ദേശം 

റാന്നിയുടെ പഴയ ഭരണാധികാരികൾ റാന്നി കർത്താവ് അഥവാ കർത്താക്കൾ ആയിരുന്നു.ശക്തി വിക്രമർ എന്നതാണ് സ്ഥാനപ്പേര്. ഇവർ തെക്കുംകൂർ രാജവംശവുമായി രക്തബന്ധം ഉള്ളവരാണ്.
18-ാം നൂറ്റാണ്ടിൽ മാർത്താണ്ഡവർമ്മ തെക്കുംകൂർ രാജ്യം പിടിച്ചെടുത്തുവെങ്കിലും കർത്താക്കന്മാരെ ,റാന്നിയുടെ ഭരണാധികാരികളായി തന്നെ നിലനിർത്തി. റാന്നി കർത്താക്കന്മാരുടെ കോയിക്കൽ (കൊട്ടാരം.) നിലനിന്നിരുന്നത് അരീക്കൽ എന്ന സ്ഥലത്താണ്.
 റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം,റാന്നി ക്നാനായ വലിയപള്ളി തുടങ്ങിയവയൊക്കെ കർത്താക്കൻമാരുടെ സംഭാവനയാണ്. റാന്നി പെരുമ്പുഴ ബസ്സ്റ്റാൻഡിനടുത്ത് പമ്പാ തീരത്ത് പടിഞ്ഞാറോട്ട് ദർശനമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്  റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം. എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രം അടക്കം റാന്നി കർത്താക്കൻമാരുടെ അധീനതയിൽ ആയിരുന്നു.
 പണ്ട് ആറന്മുള ക്ഷേത്രത്തിൽ ഉൽസവകാലത്ത് റാന്നി കർത്താവ് എത്തിയതിനു ശേഷം മാത്രമേ തേവരെ ഇറക്കിയെഴുന്നള്ളിക്കാറുണ്ടായിരുന്നുള്ളുവത്രേ. എന്നാൽ പതിവിന് വിപരീതമായി ഒരിക്കൽ കർത്താവ് എത്തുന്നതിനു മുൻപേ തേവരെ എഴുന്നള്ളിച്ചു.അന്നത്തെ  ഭരണാധികാരിയുടെ പേര് മാനവിക്രമൻ കർത്താവ് എന്നായിരുന്നു. കർത്താവ് എത്തുമ്പോൾ കണ്ട കാഴ്ച ആറന്മുള തേവർ ആനപ്പുറത്ത് എഴുന്നള്ളി നിൽക്കുന്നതാണ്. കുപിതനായ കർത്താവ് തൽക്ഷണം ഉടവാളൂരി എഴുന്നള്ളിച്ചിരുന്ന ആനയുടെ തുമ്പിക്കൈ വെട്ടിയിട്ടിട്ട് തിരിച്ചു റാന്നിക്ക് പോന്നുവത്രേ. പിന്നീട് കർത്താവ് ആറന്മുള പോലെ ഒരു ക്ഷേത്രം പമ്പാനദിക്കരയിൽ മുണ്ടപ്പുഴ തച്ചൻമാരെക്കൊണ്ട് പണി കഴിപ്പിച്ചു. ആറന്മുള കിഴക്കോട്ട് ആണ് ദർശനമെങ്കിൽ ഇവിടെ പടിഞ്ഞാറോട്ടാണ് ദർശനം.അതാണ് റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം.
 മൂന്നടിയോളം നീളമുള്ള കൃഷ്ണശിലയിൽ തീർത്ത ചതുർബാഹുവായ വിഷ്ണുവാണ് പ്രതിഷ്ഠ. വൃത്താകൃതിയിൽ ഉള്ള ശ്രീകോവിൽ, ഒന്നരയടി വീതിയുള്ള ഇടനാഴിയും അകത്ത് ഗർഭഗൃഹവുമുണ്ട്. ഉപദേവൻമാർ ഉണ്ടായിരുന്നില്ല. പിന്നീട് എപ്പോഴോ വലിയമ്പലത്തിൽ ഒരു ഗണപതി വന്ന് കൂടി. അതിനു ശേഷം അടുത്ത കാലത്ത് ഗണപതി, അയ്യപ്പൻ, ഹനുമാൻ, രക്ഷസ്സ്, നാഗങ്ങൾ എന്നീ ഉപദേവൻമാരെക്കൂടി ഉപദേവാലയങ്ങൾ നിർമ്മിച്ച് പ്രതിഷ്ഠ കഴിപ്പിച്ചു.
മൂന്ന് നേരം ഇവിടെ പൂജയുണ്ട്. 2017 ൽ ധ്വജപ്രതിഷ്ഠ നടത്തി. ഇപ്പോൾ മീനത്തിലെ ഉത്രം ആറാട്ടായി ആറ് ദിവസത്തെ ഉൽസവം നടന്നു വരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽ ഉള്ള ഈ ക്ഷേത്രം ശബരിമല ഇടത്താവളം കൂടിയാണ്. ശിൽപകലാവൈദഗ്ധ്യം കൊണ്ട് മികച്ചതാണ് ക്ഷേത്രം. ബലിക്കൽപുരയിലെ മച്ചിൽ നവഗ്രഹങ്ങൾ കൊത്തി വെച്ചിട്ടുണ്ട്. കൂടാതെ ശ്രീകോവിലും ദാരുബിംബങ്ങളെക്കൊണ്ടും കൊത്തുപണികളെക്കൊണ്ടും സമ്പന്നമാണ്. ദശാവതാരങ്ങൾ, ഗോപീവസ്ത്രാപഹാരം, മഹിഷാസുരമർദ്ദിനി, മയൂരവാഹനനായ സുബ്രഹ്മണ്യൻ, ശ്രീ മഹാഗണപതി, സവിതാവ് ഒക്കെ ആ ദാരുബിംബങ്ങളിൽ പെടുന്നു.
റാന്നി കർത്താക്കൻമാരുടെ ഏറ്റവും വലിയ ശക്തി ക്നാനായ സമുദായക്കാരായിരുന്നു.ഇവർക്കു വേണ്ടി പണികഴിപ്പിച്ച പള്ളിയാണ് ‘വലിയ പള്ളി ‘ എന്നറിയപ്പെടുന്ന ഇന്നത്തെ റാന്നി സെന്റ് തോമസ് ക്നാനായ പള്ളി.1742ൽ ആയിരുന്നു  പള്ളിയുടെ നിർമ്മാണം. രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിന് നേരെ എതിർവശത്തായി പമ്പയുടെ അക്കരെക്കരയിലാണ് പള്ളിയുടെ സ്ഥാനം.
പ്രദേശത്ത് കൃഷിക്കും ,കച്ചവടത്തിനുമൊക്കെയായി  റാവുത്തർമാരെയും, പാണ്ടി നാട്ടിൽ നിന്ന് വെള്ളാളരേയുമൊക്കെ കർത്താക്കൻമാർ റാന്നിയിൽ കൊണ്ടുവരികയുണ്ടായി.പിന്നീട് ഇവരുടെയെല്ലാം തലമുറ റാന്നിയുടെ ഭാഗമായി മാറി.റാവുത്തർമാർക്കായി നിർമ്മിച്ചു നൽകിയതാണ് അങ്ങാടി ജുമാമസ്ജിദ്.

Back to top button
error: